Connect with us

Kasargod

കാസര്‍കോട് അരീങ്കലില്‍ ആന്‍മേരിയുടെ മരണം കൊലപാതകം; സഹോദരന്‍ കസ്റ്റഡിയില്‍

Published

|

Last Updated

കാസര്‍കോട് | കാസര്‍ക്കോട്ടെ വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലില്‍ ആന്‍മേരി (16)യുടെ മരണം കൊലപാതകം. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയാണ് കൊല നിര്‍വഹിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആന്‍മേരിയുടെ സഹോദരന്‍ ആല്‍ബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിക്ക് മാത്രമല്ല. മാതാപിതാക്കള്‍ക്കും വിഷം കലര്‍ത്തിയ ഐസ്‌ക്രീം നല്‍കിയിരുന്നുവെന്നും അവരെയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ആല്‍ബിന്‍ പോലീസിനോട് വെളിപ്പെടുത്തി. ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ പിതാവ് ബെന്നി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

ആഗസ്റ്റ് അഞ്ചിന് വൈകീട്ട്‌ ആറോടെയാണ് ആന്‍മേരി ചെറുപുഴയിലെ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തിന് ഒരാഴ്ച മുമ്പ് ആന്‍മേരിയും സഹോദരനും വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആന്‍ മേരിക്ക് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്. തുടര്‍ന്ന് ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ ചികിത്സ തേടി. മഞ്ഞപ്പിത്ത ബാധയുണ്ടെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടുത്തെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

ആന്‍മേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരന്‍ ആല്‍ബിന്‍ എന്നിവരെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ബെന്നിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വിഷം ഉള്ളില്‍ച്ചെന്നാണ് ആന്‍മേരി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുകയായിരുന്നു.

Latest