National
വിദ്യാർഥിനിയുടെ മരണം: ഇൻഷ്വറൻസ് തുകക്ക് വേണ്ടിയെന്ന് സംശയിക്കുന്നതായി പോലീസ്

ലക്‌നോ| ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ വിദ്യാർഥിയായ 20 കാരിയുടെ മരണത്തിൽ കുടുംബത്തിന്റെ ആരോപണം തള്ളി പോലീസ്. യു എസിലെ പ്രശസ്ത സർവകലാശാലയിൽ പഠിക്കുന്ന സുധീക്ഷാ ഭാട്ടിയാണ് തിങ്കളാഴ്ച വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ യുവാക്കൾ ഉപദ്രവിച്ചതിനെ തുടർന്ന് സ്‌കൂട്ടർ നിയന്ത്രണം തെറ്റി മറിയുകയായിരുന്നെന്ന വാദം തെറ്റാണെന്നും പോലീസ് ആരോപിച്ചു. സംഭവത്തിൽ യു പി പോലീസിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം രൂക്ഷമായതോടെയാണ് പോലീസിന്റെ പ്രതികരണം. അപകടത്തിന് മുമ്പ് പെൺകുട്ടിയെ ഉപദ്രവിച്ചതിന്റെ തൊളിവുകളൊന്നും ലഭിച്ചില്ലെന്നും ഇൻഷ്വറൻസ് പണം ലഭിക്കാനാകാം പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
രണ്ട് വർഷം മുമ്പ് സി ബി എസ് ഇ പരീക്ഷയിൽ സംസ്ഥാനത്ത് തന്നെ ഒന്നാം റാങ്കുകാരിയായരുന്നു സുധീക്ഷ. പിന്നീട് 3.8കോടി സ്‌കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് മസാച്യുസെറ്റ്‌സിലെ ബാബ്‌സൺ കോളജിൽ ഉപരിപഠനത്തിന് ചേർന്നിരുന്നു. പെൺകുട്ടിയുടെ അമ്മാവനല്ല ബൈക്കോടിച്ചിരുന്നത്. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ പ്രായപൂർത്തിയാകാത്ത കസിനായിരുന്നു ബൈക്കോടിച്ചിരുന്നതെന്നും ബൈക്കോടിച്ചെന്ന് പറയുന്ന അമ്മാവൻ സതീന്ദ്ര ഭാട്ടി അപകടസമയത്ത് ദാദ്രിയിലായിരുന്നെന്നും അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കണ്ടെത്താനായെന്നും പോലീസ് പറഞ്ഞു.
അമ്മാവനും കസിനുമൊപ്പം സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേർ പിന്തുടർന്ന് ശല്യം ചെയ്‌തെന്നും ഇതിനെത്തുടർന്നാണ് അപകടം സംഭവിച്ചതെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാൽ കഴിഞ്ഞ ദിവസം പോലീസ് സമർപ്പിച്ച എഫ് ഐ ആറിൽ ഇക്കാര്യങ്ങൾ പരാമർശിച്ചിരുന്നില്ല. ഒരു കള്ളം 50 തവണ ആവർത്തിച്ചാൽ അത് വിശ്വസനീയമാകുമെന്നും ഈ ആരോപണങ്ങളെല്ലാം പോലീസിനെ അധിക്ഷേപിക്കാനുള്ള ശ്രമങ്ങളാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.