Connect with us

Kerala

വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവം; റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍

Published

|

Last Updated

തൃശൂര്‍ | വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. തൃശൂരിലെ പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സി എന്‍ സിമിയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണറോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജിയാണ് ആവശ്യപ്പെട്ടത്. ലൈഫ് മിഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്ന പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ഘരാവോ ചെയ്യുന്നതിനിടെ സിമി കൈഞരമ്പ് മുറിക്കുകയായിരുന്നു. വിഷയത്തില്‍ നേരത്തെ ഒല്ലൂര്‍ സി ഐയെ ഷിജി ശിവജി നേരില്‍ വിളിച്ചു വിശദാംശങ്ങള്‍ ചോദിച്ചിരുന്നു.

ഇന്നലെ വൈകീട്ടുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണി കൃഷ്ണന്‍, അംഗങ്ങളായ പി ജി ഷാജി, കെ എന്‍ ശിവന്‍, ഗോപി എന്നിവരുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സംഘം ചേരല്‍, തടഞ്ഞുവക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഒല്ലൂര്‍ പോലീസ് കേസെടുത്തത്. ലൈഫ് മിഷന്‍ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ വരുമാന സര്‍ട്ടിഫിക്കറ്റ് പുത്തൂര്‍ വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു സംഭവം.