Connect with us

Ongoing News

കൺമുമ്പിലെ നടുക്കം മാറാതെ ഫാസിൽ

Published

|

Last Updated

കൊടിയത്തൂർ | കൺമുമ്പിൽ കണ്ടതെല്ലാം ഒരു സ്വപ്നം പോലെ പിന്തുടരുകയാണ് മുഹമ്മദ് ഫാസിലിനെ. കാര്യമായ പരിക്കുകകളൊന്നുമില്ലാതെ വീട്ടിലെത്തിയെങ്കിലും ഭീകരമായ അപകടത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല കൊടിയത്തൂർ കോട്ടമ്മൽ സ്വദേശിയായ ഈ യുവാവിന്. വെള്ളിയാഴ്ച രാത്രി 7.41ന് കരിപ്പൂരിൽ രണ്ട് കഷ്ണങ്ങളായി പിളർന്ന എയർ ഇന്ത്യാ എക് സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് ഫാസിൽ. വീട്ടിലെത്തി പത്രവും വാർത്തയും കണ്ടതോടെയാണ് അപകടത്തിന്റെ തീവ്രത എത്ര മേൽ ഭീകരമെന്നത് മനസ്സിലായത്. ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഫാസിൽ പറയുന്നു.
ഫാസിൽ ഇരുന്നതിന്റെ മൂന്ന് സീറ്റിന് മുമ്പിലാണ് വിമാനം രണ്ടായി പിളർന്നത്. നിലത്തിറങ്ങിയെന്നുറപ്പിച്ച് സീറ്റ് ബെൽറ്റ് പലരും അഴിച്ച് തുടങ്ങിരുന്നു. മൊബൈൽ ഓൺ ചെയ്തു. നാടിന്റെ പച്ചപ്പ് മുന്നിൽ തെളിഞ്ഞു. മനസ്സിൽ ജന്മനാട്ടിലെത്തിയതിന്റെ നെടുവീർപ്പ്. പൊടുന്നനെയാണ് എല്ലാം സംഭവിച്ചത്.

റൺവേയിലൂടെ അൽപ്പം ഓടി നിൽക്കേണ്ട വിമാനം താഴേക്ക് പതിക്കുന്നു. യാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി കൂടെ ഉയർന്നതോടെ ശരിക്കും സ്തംഭിച്ചതായി ഫാസിൽ പറഞ്ഞു. വിമാനം കഷ്ണങ്ങളായി പൊട്ടിപ്പിളർന്ന വിടവിലൂടെയാണ് പുറത്തിറങ്ങിയത്. ഏതോ കാട്ടിലകപ്പെട്ട പോലെയാണ് തോന്നിയത്. വിമാനത്തിന് തീ പിടിക്കുമെന്ന പേടിയുണ്ടായിരുന്നെന്നും ഫാസിൽ പറഞ്ഞു. പുറത്ത് കടന്ന ഉടനെ വീട്ടിലേക്ക് ഫോൺ ചെയ്തു.

“ഞാൻ വന്ന വിമാനം വീണു രണ്ട് കഷ്ണമായി. എനിക്കൊന്നും പറ്റിയില്ല. വാർത്തയിലോ മറ്റോ കണ്ടാൽ പേടിക്കേണ്ട” എന്നിങ്ങനെ മാതൃ സഹോദരി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സാറ ടീച്ചറെ അറിയിച്ചു. ചെറിയ കുട്ടികളടക്കം കൺമുമ്പിൽ പിടയുന്നത് കണ്ടിട്ടും ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി നിന്ന് പോയതിന്റെ സങ്കടവും ഫാസിൽ സിറാജി നോട് പങ്കുവെച്ചു. രക്ഷാ പ്രവർത്തനങ്ങൾക്ക് കൊണ്ടോട്ടിയിലെ നാട്ടുകാർ കാണിച്ച ജാഗ്രതയാണ് കൂടുതൽ ആളുകളെ രക്ഷിക്കാനായത്.
ഷാർജ വഴിയാണ് സാധാരണ പോരുന്നത്. ദുബൈിൽ നിന്നുള്ള ആദ്യത്തെ യാത്രയാണ്. ഒമ്പത് മാസം മുമ്പാണ് ഷാർജയിലെ സൂപ്പർ മാർക്കറ്റിലേക്ക് ജോലിക്ക് പോയത്.

വീഴ്ചയുടെ ആഘാതത്തിൽ തലക്കും കൈകൾക്കും ചെറിയ മുറിവാണുള്ളത്. ആദ്യം കൊണ്ടോട്ടിയിലെ ആശുപത്രിയിലും കോഴിക്കോട് ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും കൊണ്ടുപോയി. ശനിയാഴ്ച രാവിലെ ആറ് മണിക്കാണ് വീട്ടിലേക്ക് മടങ്ങാനായത്.
അപകടത്തിൽ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകളും സുഹൃത്തുക്കൾ ഏൽപ്പിച്ച മൊബൈൽ ഫോണുകൾ ഉൾപ്പെടെ വിലപിടിപ്പുള്ള ഒട്ടേറെ സാധനങ്ങൾ അടങ്ങിയ ലഗേജും വിമാനത്തിൽ കുടുങ്ങിയതായും ഫാസിൽ പറഞ്ഞു. വിവാഹത്തിനായി നാല് മാസത്തെ അവധിക്കു വന്നതാണ് ഫാസിൽ. വിവാഹം പ്രമാണിച്ച് വീട്ടാവശ്യത്തിനുള്ള ഒരുപാട് സാധനങ്ങളുമുണ്ടായിരുന്നു. ക്വാറന്റൈൻ പൂർത്തീകരിച്ച് വിവാഹം നടത്താനാണ് തീരുമാനം. നിക്കാഹ് നേരത്തെ കഴിഞ്ഞിരുന്നു.

കളംതോട് സ്വദേശിനി ഷബാനയാണ് വധു. വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ് ഫാസിൽ.

---- facebook comment plugin here -----

Latest