Connect with us

National

ഹിന്ദി വിഷയം: ഇത് അസാധരണമല്ല; കനിമൊഴിയെ പിന്തുണച്ച് ചിദംബരം

Published

|

Last Updated

ന്യൂഡല്‍ഹി| ചെന്നൈ വിമാനത്താവളത്തില്‍ ഡി എം കെ എം പി കനിമൊഴിക്ക് ഉണ്ടായ അനുഭവം അസാധരണ സംഭവമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യക്കാരന്‍ ആകണമെങ്കില്‍ ഹിന്ദി അറിയണമെന്നുണ്ടോയെന്ന കനിമൊഴിയുടെ ട്വീറ്റിന് പിന്നാലെയാണ് അവരെ പിന്തുണച്ച് ചിദംബരം രംഗത്തെത്തിയത്.

ടെലിഫോണ്‍ സംഭാഷണത്തിനിടക്കും ചിലപ്പോള്‍ മുഖാമുഖമുള്ള സംസാരത്തിനിടക്കും താന്‍ ഹിന്ദി പറയണമെന്ന് നിര്‍ബന്ധം പിടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാധാരണ പൗരന്‍മാരുമുണ്ടായിരുന്നു. കനിമൊഴി അനുഭവിച്ച സമാന പരിഹാസം താനും നേരിട്ടിട്ടുണ്ടെന്നും ചിദംബരം ട്വീറ്റ് ചെയ്തു. ശനിയാഴ്ചയാണ് ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകളും എം പിയുമായ കനിമൊഴിക്ക് സി ഐ എസ് എഫ് ഉദ്യോഗസ്ഥനില്‍ നിന്ന് മോശം അനുഭവം നേരിട്ടത്.

തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമഴിലോ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നോട് ഇന്ത്യാക്കാരി ആണോയെന്ന് ഉദ്യോഗസ്ഥന്‍ ചോദിച്ചതായി കനിമൊഴി പറഞ്ഞിരുന്നു. ഇന്ത്യക്കാരന്‍ ആകാന്‍ ഹിന്ദി അറിയണമെന്നുണ്ടോ എന്നും കനിമൊഴി ട്വീറ്റ് ചെയ്തിരുന്നു. കനിമൊഴിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

അങ്ങനെയെങ്കില്‍ എല്ലാ ഉദ്യോഗസ്ഥരും ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കണമെന്ന് ചിദംബരം പറഞ്ഞു. ഹിന്ദിയും ഇംഗ്ലീഷും ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശമെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ഇരുഭാഷകളും ഉപയോഗിക്കുന്നവരാകണമെന്ന് കേന്ദ്രം ഉറപ്പ് നല്‍കണമെന്നും ചിദംബരം പറഞ്ഞു.

അതേസമയം, കനിമൊഴിയെ പരിഹസിച്ച് ബി ജെ പി നേതാവ് ബി എല്‍ സന്തോഷം രംഗത്തെത്തി. എട്ട് മാസത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പാണ്. ഡി എം കെ അതിനുള്ള ക്യാംപെയിന്‍ ഇപ്പോഴെ തുടങ്ങിയെന്ന് അദ്ദേഹം പരിഹസിച്ചു. അതേസമയം, കനിമൊഴിയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് സി ഐ എസ് എഫ് പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടതായും അവര്‍ കൂട്ടിചേര്‍ത്തു. ഏതെങ്കിലും പ്രത്യേക ഭാഷയെ നിര്‍ബന്ധിക്കുന്നത് സി ഐ എസ് എഫിന്റെ നയമല്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Latest