Connect with us

Articles

പിളർന്ന സ്വപ്നങ്ങൾക്ക് നടുവിൽ

Published

|

Last Updated

ഇടുക്കി പെട്ടിമുടിയിലെ ദുരന്ത വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍. ഉറങ്ങിയെഴുന്നേറ്റത് കരളലിയിപ്പിക്കുന്ന വാര്‍ത്തകളിലേക്ക്. ഹൃദഭേദമകമായിരുന്നു അവിടെ നിന്ന് വന്നുകൊണ്ടിരുന്ന ഓരൊ വിവരങ്ങളും. എണ്‍പതോളം തൊഴിലാളികള്‍ പാര്‍ക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് സംഭവിച്ചത് ഒരു മഹാദുരന്തം. അപകടം നടന്ന് 48 മണിക്കൂറുകള്‍ക്ക് ശേഷവും ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴും കുറേ മനുഷ്യര്‍ മണ്ണിനടിയിലുണ്ട്. അവരില്‍ എത്രപേര്‍ ജീവിച്ചിരിക്കുന്നുണ്ടാകും? എല്ലാവരും മരിച്ചിരിക്കുമോ? മനസ്സ് നോവുന്നു…

സന്ധ്യ മയങ്ങിയതോടെ രക്ഷാപ്രവര്‍ത്തനം അസാധ്യമാകുകയും ആദ്യ ദിവസത്തെ ശ്രമം നിര്‍ത്തിവെക്കുകയും ചെയ്തു. ഇനിയൊരു ദുരന്തം സംഭവിക്കരുതേ എന്ന പ്രാര്‍ഥനയോടെ മറ്റുവാര്‍ത്തകളിലേക്ക് നീങ്ങി. അപ്പോള്‍ സമയം ഏകദേശം എട്ടര. ഇതിനിടയിലാണ് ഫോണില്‍ തുരുതുരാ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വരുന്നത് ശ്രദ്ധിച്ചത്.  തുറന്ന് നോക്കിയപ്പോള്‍ കണ്ട വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നുമായിരുന്നു സന്ദേശം. ഉടന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ പരതിയപ്പൊള്‍ ചില ചാനലുകള്‍ സ്‌ക്രോള്‍ ചെയ്ത് കാണിക്കുന്നുമുണ്ട്.

മഴക്കാലത്ത് റണ്‍വേയില്‍ നിന്ന് വിമാനം തെന്നി നീങ്ങുക എന്നത് പലപ്പോഴും അത്ര വലിയൊരു ദുരന്തമായി മാറാറില്ല. സാധാരണ ചെറിയ വാര്‍ത്തയില്‍ ഒതുങ്ങും അത്. അതുതന്നെയാകും കരിപ്പൂരിലും സംഭവിച്ചിട്ടുണ്ടാകുക എന്ന ആശ്വാസത്തിലായിരുന്നു. പക്ഷേ, ആ ആശ്വാസത്തിന് കൂടുതല്‍ ആയുസ്സുണ്ടായിരുന്നില്ല. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്ടതോടെ മനസ്സ് പതറി. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം എയര്‍പോര്‍ട്ടിന്റെ അതിര്‍ത്തി മതിലില്‍ ഇടിച്ച് നടുവൊടിഞ്ഞ് കിടക്കുന്നു… ഒരു മഹാദുരന്തം കൂടി സംഭവിച്ചിരിക്കുന്നുവെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞു. പിന്നെ അറിഞ്ഞതും കണ്ടതുമെല്ലാം കരളലിയിപ്പിക്കുന്ന കാഴ്ചകളായിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് ആംബുലന്‍സുകള്‍ ചീറിപ്പായുന്നു… ഫയര്‍ഫോഴ്‌സും പോലീസും മാധ്യമപ്രവര്‍ത്തകരും വിമാനത്താവളപരിസരത്തേക്ക് കുതിക്കുന്നു… സമീപത്തെ ആശുപത്രികള്‍ എല്ലാം പരുക്കേറ്റവരെ കൊണ്ട് നിറയുന്നു… ഗുരുതര പരുക്കേറ്റവരെയുമായി അവിടെ നിന്നും ആംബുലന്‍സുകള്‍ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളിലേക്ക്… കേരളത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അത്രയും വലിയൊരു വിമാനദുരന്തത്തിനാണ് കരിപ്പൂര്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. വീണ്ടും തത്സമയ വാര്‍ത്തകളുടെ തിരക്കിലേക്ക് നീങ്ങി.. ലഭ്യമാകുന്ന വിവരങ്ങളെല്ലാം സിറാജ്‌ലൈവിന്റെ യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകളിലൂടെ നല്‍കികൊണ്ടിരുന്നു. ആദ്യം രണ്ട് മരണം… പൈലറ്റും ഒരു യാത്രക്കാരിയും… ആശ്വസിക്കാനായില്ല… വീണ്ടും വീണ്ടും മരിച്ചവരുടെ വിവരങ്ങള്‍ ലേഖകര്‍ നല്‍കിക്കൊണ്ടേയിരുന്നു… അഞ്ച്, പത്ത്, പതിനഞ്ച്… ഒടുവില്‍ 18 പേര്‍ മരിച്ചുവെന്ന് അധികൃതരുടെ വിശദീകരണം… 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ ഇതുപോലെ ഒരു അനുഭവത്തിലൂടെ കടന്നുപോയിട്ടില്ല. ദുരന്തങ്ങള്‍ മനസ്സു നടുക്കുമെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശ്വസിച്ചിരിക്കാനാകില്ലല്ലോ.. ഏതു പ്രതിസന്ധി മുഖത്തേക്കും ചാടിയിറങ്ങാന്‍ വിധിക്കപ്പെട്ടത് കൊണ്ട് നിര്‍വികാരനായി ആ വാര്‍ത്തകള്‍ കൊടുത്തുകൊണ്ടേയിരുന്നു. ഉണര്‍ന്നതും ഉറങ്ങിയതും ദുരന്തങ്ങള്‍ക്ക് നടുവില്‍…

വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് ദുബൈയില്‍ നിന്ന് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ അപകടത്തില്‍പെട്ടത്. കനത്ത മഴയും മൂടല്‍ മഞ്ഞും മൂലം വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 30 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ അതിര്‍ത്തി മതില്‍ ഭേദിച്ച് നെടുകെ പിളര്‍ന്നാണ് വിമാനം നിന്നത്. ലാന്‍ഡ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വീണ്ടും പറന്നുയരുകയും ആകാശത്ത് അല്‍പനേരം വട്ടമിട്ട ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് വീണ്ടും ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് ദുരന്തമുണ്ടായത്. രണ്ടാം തവണ വിമാനം ലാന്‍ഡ് ചെയ്തത് റണ്‍വേയുടെ മധ്യഭാഗത്തായതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് വിദഗ്ധര്‍ ചൂണ്ടക്കാണിക്കുന്നത്. കനത്ത മഴയില്‍ കാഴ്ച മറഞ്ഞത് കാരണം വിമാനം ഇറക്കേണ്ട കൃത്യമായ സ്ഥലം പൈലറ്റിന് തിരിച്ചറിഞ്ഞില്ലെന്ന് വേണം കരുതാന്‍.

സാധാരണ വിമാനാപകടങ്ങളില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തമായിരുന്നു കരിപ്പൂരിലെ അപകടം. ഭൂരിഭാഗം സംഭവങ്ങളിലും അപകടത്തില്‍പെട്ട വിമാനം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കും. പിറകെ അഗ്നിഗോളമായി മാറുകയും ചെയ്യും. ഭാഗ്യവശാല്‍ കരിപ്പൂരില്‍ അത് സംഭവിച്ചില്ല. അത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. പരുക്കുപറ്റിയവരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനായത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. അതിന് നന്ദി പറയേണ്ടത് കൊണ്ടോട്ടിയിലെ ഒരു പറ്റം നല്ല മനുഷ്യരോടുകൂടിയാണ്.

വിമാനത്താവള പരിസരത്ത് നിന്ന് ഉഗ്രശബ്ദം കേട്ടപ്പോള്‍ പരിസരവാസികള്‍ ആദ്യം കരുതിയത് ഇടിവെട്ടിയതായിരിക്കുമെന്നാണ്. പക്ഷേ വിമാനത്താവളത്തിന് സമീപത്തെ വീടുകളിലുള്ളവര്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ടത് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ചുകിടക്കുന്നതാണ്. പിന്നെ അവര്‍ അമാന്തിച്ചുനിന്നില്ല. ദുരന്തമുഖത്തേക്ക് ഓടിയടുത്തു.. കൊവിഡാണ്, സാമൂഹ്യ അകലം പാലിക്കണം, മാസ്‌ക് ധരിക്കണം, കൊണ്ടൊട്ടി ലാര്‍ജ് ക്ലസ്റ്ററാണ്, രോഗവ്യാപനത്തിന് സാധ്യത കൂടുതലാണ്… അതൊന്നും ആ നന്മ മനസ്സുകള്‍ ആലോചിച്ചതേയില്ല. നിസ്സഹായരായി ജീവന് വേണ്ടി കേഴുന്ന മനുഷ്യരായിരുന്നു അവരുടെ മനസ്സ് നിറയെ. അവരെ ഏങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന ചിന്ത മാത്രമായിരുന്നു അവര്‍ക്ക്. സാധാരണ അപകടമല്ല; തകര്‍ന്നുകിടക്കുന്നത് വിമാനമാണ്, പൊട്ടിത്തെറിക്കുവാനോ തീപിടിക്കുവാനോ സാധ്യതയുണ്ട്.. പക്ഷേ അതൊന്നും അവരുടെ മനസ്സില്‍ അപ്പോഴില്ലായിരുന്നു.

ദുരന്ത മുഖത്തേക്ക് ഓടിയെത്തിയ നാട്ടുകാരെ സുരക്ഷാ ജീവനക്കാര്‍ ആദ്യം തടഞ്ഞു. വിമാനത്തിനുള്ളില്‍ നിന്ന് അലമുറയിട്ട് കരയുന്നവരെ കണ്ട അവര്‍ക്ക് പക്ഷേ നോക്കിനില്‍ക്കാനായില്ല. ഞങ്ങള്‍ അവരെ രക്ഷിച്ചോട്ടെയെന്ന് കരഞ്ഞുപറഞ്ഞതോടെ അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ അധികൃതര്‍  ഗേറ്റ് തുറന്നുനല്‍കി. പത്ത് പതിനഞ്ച് പേര്‍ മാത്രമാണ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്. നെടുകെ പിളര്‍ന്നുകിടക്കുന്ന വിമാനത്തില്‍നിന്ന് രക്ഷിക്കണേയെന്ന നിലവിളികള്‍… പിഞ്ചുകുട്ടികള്‍ ചോരയില്‍ കുളിച്ച് കിടക്കുന്നു… ഹൃദയഭേദകമായ ആ രംഗം കണ്ട് പിന്തിരിയാതെ അവര്‍ രക്ഷാ ദൗത്യം തുടങ്ങി. പക്ഷേ, രക്ഷപ്പെടുത്തുന്നവരെ എങ്ങിനെ ആശുപത്രിയിലെത്തിക്കും? മാര്‍ഗമില്ല. ഇതിനിടയില്‍ വാടസ്ആപ്പുകളില്‍ സന്ദേശം പാഞ്ഞു, സ്വന്തമായി കാറുള്ളവര്‍ വിമാനത്താവള പരിസരത്ത് എത്തണം. നിമിഷ നേരം കൊണ്ട് രക്ഷാദൗത്യത്തിന് ഓടിയെത്തിയത് നൂറുക്കണക്കിന് പേര്‍. രക്തം വാര്‍ന്നും കൈാലുകള്‍ മുറിഞ്ഞും ഗുരുതരമായി പരുക്കേറ്റവരെയും എടുത്ത് അവര്‍ സ്വന്തം വാഹനങ്ങളില്‍ ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് നീങ്ങി… അപ്പോഴേക്കും സമീപപ്രദേശങ്ങളിലുള്ള ആംബുലന്‍സുകളെല്ലാം വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി.. ഇതോടെ രക്ഷാദൗത്യത്തിന് വേഗമേറി.

രാജ്യത്തിന് തന്നെ മാതൃകയായ രക്ഷാപ്രവര്‍ത്തനം. മലപ്പുറത്തുകാരെ വര്‍ഗീയതയുടെ പേരില്‍ അധിക്ഷേപിക്കുന്നവര്‍ക്ക് ചുട്ട മറുപടി കൂടി നല്‍കുന്നതായിരുന്നു കൊണ്ടോട്ടിക്കാരുടെ ദൗത്യം. അപകടസ്ഥലത്ത് മാത്രമല്ല, ആശുപത്രികളിലും വേണ്ടത് ചെയ്യാനും രക്തം ദാനം ചെയ്യാനുമൊക്കെ ഉറക്കമൊഴിച്ചിരുന്നു കൊണ്ടോട്ടിക്കാര്‍. അപകടത്തില്‍ ഒറ്റപ്പെട്ടു പോയെ കുഞ്ഞുങ്ങളെ രക്ഷിതാക്കളുടെ അടുത്തെത്തിക്കാനും അവര്‍ക്ക് സാധിച്ചു. ഒരുപക്ഷേ, ഈ നല്ല മനുഷ്യരുടെ മനസ്സിന്റെ നന്മ കൊണ്ടായിരിക്കണം ഇടിച്ചുതകര്‍ന്നിട്ടും ആ വിമാനത്തില്‍ നിന്ന് ഒരു പുകച്ചുരുള്‍ പോലും ഉയരാതിരുന്നത്.

ഇതിനിടയില്‍, കരിപ്പൂരിലെ വിമാനാപകടത്തെ വിമാനത്താവളത്തിനെതിരായ ആയുധമാക്കാന്‍ കരുനീക്കം നടത്തുന്നവരുടെ കള്ളക്കളികളും മറനീക്കുന്നുണ്ട്. കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേയാണ് അപകടത്തിന് ഇടയാക്കിയത് എന്നും കരിപ്പൂരില്‍ വലിയ അപകട സാധ്യത നിലനില്‍ക്കുന്നുവെന്നും പരത്തുവാനാണ് ചിലര്‍ ശ്രമിച്ചത്. ടേബിള്‍ ടോപ് റണ്‍വേയാണ് അപകടത്തിന് കാരണമെന്ന് പറയാനുള്ള ഒരു സാഹചര്യവും കരിപ്പൂരില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കാഴ്ച മറഞ്ഞത് മൂലം റണ്‍വേയുടെ മധ്യഭാഗത്ത് വിമാനം ഇറക്കിയതിനാല്‍ റണ്‍വേയിലൂടെ വേണ്ടത്ര ഓടാന്‍ കഴിയാതിരുന്നതാണ് അപകടം വരുത്തിയതെന്ന് ഡിജിസിഎയുടെ അടക്കം പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.

ടേബിള്‍ടോപ് റണ്‍വേകളില്‍ വിമാനം ഇറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും മറ്റു വിമാനത്താവളങ്ങളില്‍ ഉള്ള അതേ അപകട സാധ്യത തന്നെയാണ് ഇവിടെയും ഉള്ളത് എന്നാണ് വ്യോമയാന രംഗത്ത് ഉള്ളവര്‍ പറയുന്നത്. ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറിയാല്‍ താഴ്ചയിലേക്ക് പതിക്കും. മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് തെന്നിമാറിയാല്‍ ജനവാസ മേഖലയിലേക്കോ, റോഡിലേേക്കാ പതിക്കും. വിമാന ദുരന്തത്തിന്റെ കാര്യത്തില്‍ ഇത് രണ്ടും തമ്മില്‍ കാര്യമായ വ്യത്യസമില്ലല്ലോ.

ലോകത്ത് സംഭവിച്ച വിമാനാപകടങ്ങളില്‍ 99 ശതമാനവും ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളിലാണ് എന്ന് വിമര്‍ശകര്‍ ഓര്‍ക്കുന്നത് നല്ലതാണ്. ബോയിംഗ് 737 വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ 1500 മീറ്ററില്‍ താഴെ ഉള്ള റണ്‍വേ മതി. കരിപ്പൂരില്‍ റണ്‍വേക്ക് 2700 മീറ്റര്‍ ദൂരമുണ്ട്. വസ്തുതകള്‍ ഇതെല്ലാമായരുന്നിട്ടും കരിപ്പൂരിനെതിരെ തിരിയുവന്നവരുടെ അജണ്ടകള്‍ വ്യക്തം.

കരിപ്പൂരിലെ അപകടം പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. അതും കാണാതിരിക്കാനാകില്ല. ഇത്തരം ദുര്‍ഘടമായ സാഹചര്യത്തില്‍ വിമാനം വഴിതിരിച്ചുവിടാതെ അവിടെ തന്നെ ഇറക്കാന്‍ ഉണ്ടായ സാഹചര്യം എന്താണ് എന്ന് കൂടി പരിശോധിക്കപ്പെടണം. വിമാനത്തില്‍ ആവശ്യമായ ഇന്ധനമുണ്ടായിട്ടുപോലും വിമാനം വഴിതിരിച്ചുവിടാതിരുന്നത് എയര്‍ ട്രാഫിക് കണ്‍ട്രോളിന് സംഭവിച്ച പിഴവോ അതോ പൈലറ്റിന്റെ ആത്മവിശ്വാസമോ? പരിചയസമ്പനന്നായ പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്ന ദീപക് കുമാര്‍ സാത്തേ.. എന്നിട്ടും എന്തുകൊണ്ട് അതുണ്ടായില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ബ്ലാക് ബോക്‌സില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്ന് കരുതാം. ഓരോ ദുരന്തവും ഓരോ പാഠങ്ങളാണ്. ഇതും വലിയ പാഠങ്ങള്‍ നല്‍കുന്നുണ്ട്. അത് ഉള്‍ക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായാല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന് ആശ്വസിക്കാം. അല്ലെങ്കില്‍…

***

സയ്യിദ് അലി ശിഹാബ്
sayyidalishihab@gmail.com

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest