കരിപ്പൂരിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാനം പത്ത് ലക്ഷം രൂപ വീതം നല്‍കും

Posted on: August 8, 2020 2:19 pm | Last updated: August 8, 2020 at 9:06 pm

കരിപ്പൂര്‍ | കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം നല്‍കും.   പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അപകടം നിര്‍ഭാഗ്യകരമാണ്. രക്ഷാ പ്രവര്‍ത്തനത്തില്‍ അതിശയകരമായ മികവുകാണിക്കാനായി. നാട്ടുകാരും സര്‍ക്കാര്‍ ഏജന്‍സികളും ഒരുമിച്ച് നിന്നത് ദുരന്തത്തിന്റെ തീവ്രത കുറച്ചുവെന്നും   മുഖ്യമന്ത്രി പറഞ്ഞു.

ഞെട്ടിക്കുന്ന അപകടം ആണ് നടന്നത്. വേദനയില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കാളികളികളായി. അപകടവിവരം അറിഞ്ഞ് പ്രധാനമന്ത്രി ഫോണില്‍ വിളിച്ചിരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.

പതിനൊന്ന് മണിയോടെ കരിപ്പൂരിലെത്തിയ മുഖ്യമന്ത്രിയും സംഘവും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.