Connect with us

Kerala

LIVE: രാജമല പെട്ടിമുടി മണ്ണിടിച്ചില്‍; മരണം 15 ആയി; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍

Published

|

Last Updated

മൂന്നാർ |  സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നതിനിടെ ഇടുക്കിയില്‍ വന്‍ദുരന്തം. മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ എസ്‌റ്റേറ്റ് തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികളടക്കം  15 പേര്‍ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി. ദുരന്തം നടക്കുമ്പോള്‍ 80 പേര്‍ ഇവിടെയുണ്ടായിരുന്നുവെന്നാണ് വിവരം. കാണാതായ അന്‍പതിലധികം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഉയരാനിടയുണ്ട്.

മരിച്ചവരില്‍ പതിമൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗാന്ധിരാജ്(48), ശിവകാമി(38),വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്‍(46), മയില്‍സ്വാമി(48), കണ്ണന്‍(40), അണ്ണാദുരൈ(44), രാജേശ്വരി(43), കൗസല്യ(25), തപസ്സിയമ്മാൾ(42), സിന്ധു(13), നിധീഷ് (25) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.

ദുരന്തം നടന്ന് നാല് മണിക്കൂറുകള്‍ക്ക് ശേഷം ആറ് മണിയോടെയാണ് വിവരം പുറംലോകമറിഞ്ഞത്. നാട്ടുകാരും പ്രദേശത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ ദുരന്ത ഭൂമിയില്‍ എത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവരാണ സേനയുടെ ആദ്യ സംഘവും പ്രദേശത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്ന് കൂടുതല്‍ സംഘങ്ങള്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.അപടത്തില്‍ പരുക്കേറ്റവരെ  മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയിലും ഗുരുതര പരുക്കേറ്റവരെ കൊച്ചി കോലഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തേക്കുള്ള വഴികള്‍ തടസ്സപ്പെട്ടതും കാലാവസ്ഥ പ്രതികൂലമായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെട്ടത് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനും തടസ്സമാകുന്നു.

പ്രദേശത്ത് ശക്തമായ കാറ്റുവീശുന്നതും മഴ വര്‍ഷിക്കുന്നതും തിരച്ചില്‍ ദുഷ്‌കരമാക്കുന്നുവെന്ന് അവിടെ നിന്നും ഞങ്ങളുടെ പ്രതിനിധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യന്ത്ര സഹായത്തോടെ മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാവുകയുള്ളൂ എന്നിരിക്കെ ചുരുക്കം ജെസിബി, ഹിറ്റാച്ചി യന്ത്രങ്ങള്‍ മാത്രമാണ് സ്ഥലത്ത് എത്തിക്കാനായത്. കാറ്റും മഞ്ഞുവീഴ്ചയും കാരണം എയര്‍ ലിഫ്റ്റിംഗും സാധ്യമല്ലാത്ത സ്ഥിതിയാണ്. എങ്കിലും സംസ്ഥാന സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്.മൂന്ന് ലൈനുകളിലായുള്ള ലയങ്ങള്‍ക്ക് മുകളിലേക്കാണ് വന്‍തോതില്‍ മണ്ണിടിഞ്ഞുവീണത്. കിലോമീറ്ററുകളോളം ദൂരെനിന്ന് ഉരുള്‍പൊട്ടിയെത്തിയ മണ്ണ് ലയങ്ങളെ വിഴുങ്ങുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ദുരന്തഭൂമി. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയില്‍ കവിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളും സാധിക്കില്ല.

തോട്ടങ്ങള്‍ ഉള്ളതിനാല്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് താമസിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.അതേസമയം, സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുന്നുവെന്ന മുന്നറിയിപ്പുകളും വരുന്നുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.വയനാട് മേപ്പാടി 11-ാം വാര്‍ഡിലെ മുണ്ടക്കൈ ഭാഗത്തും ഇന്ന് ഉരുള്‍പൊട്ടലുണ്ടായി. പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപം രാവിലെ ആറ് മണിയോടെയാണ് സംഭവം. ആളപായമില്ലെങ്കിലും രണ്ട് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. മുണ്ടക്കൈ എല്‍.പി.സ്‌കൂളിന് സമീപത്തെ ഇരുമ്പ് പാലം ഒലിച്ച് പോയി. ഇതോടെ ആറ് വീട്ടുകാര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതില്‍ ഏകദേശം 21 പേരുണ്ടാവും. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്ന് കൊണ്ടിരിക്കുകയായാണ്. അഞ്ചു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

 

 



LIVE UPDATES BELOW


Latest