Organisation
പ്രകൃതി ദുരന്തം: ജാഗ്രത പുലർത്തുക-കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട് | സർക്കാറുകളുടെയും കാലാവസ്ഥാ നിരീക്ഷകരുടെയും മുന്നറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് കാലവർഷ ദുരന്തങ്ങൾക്ക് സാധ്യതകൾ ഏറിയിരിക്കെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള മുസ്്ലിം ജമാഅത്ത്. കൊവിഡ് വ്യാപനത്തിന്റ ഭീഷണിക്കിടയിൽ ഈ മുന്നറിയിപ്പ് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കേരളം അനുഭവിച്ച കാലവർഷ ദുരന്തങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് ഈ ഘട്ടത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കേരള മുസ്‌ലിം ജമാഅത്ത് മുന്നറിയിപ്പ് നൽകി. ഈ കെടുതിയെ അതിജീവിക്കുന്നതിനും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിനും ആശ്വാസം പകർന്നു കൊടുക്കുന്നതിനും എല്ലാ മുന്നൊരുക്കങ്ങളും നടത്തണം.
ശക്തമായ കാറ്റ്, മഴ, വെള്ളപ്പൊക്കം, മലയിടിച്ചിൽ, ഉരുൾ പൊട്ടൽ, ഗതാഗത സ്തംഭനം തുടങ്ങി ഒട്ടേറെ ദുരന്തങ്ങൾ നാം മുന്നിൽ കാണണം. സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും പൊതുസമൂഹവും ഒന്നിച്ചുള്ള പ്രവർത്തനം ഈ രംഗത്ത് അനിവാര്യമാണ്. പ്രതിസന്ധികളെ അവസരത്തിനൊത്ത് അതിജീവിക്കുന്നതിനും ജീവൻരക്ഷാ പ്രവർത്തനത്തിൽ പരിശീലനം നൽകിയ വളണ്ടിയർ സേവനം ഉറപ്പ് വരുത്തുന്നതിനും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ സംഘടനകളും കർമപദ്ധതികൾ തയ്യാറാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തിലും ജില്ലാ, സോൺ തലങ്ങളിലും പ്രത്യേക ഹെൽപ് ലൈൻ നിലവിൽ വന്നിട്ടുണ്ട്.
കൊവിഡ് പ്രോട്ടോകോളും സുരക്ഷാക്രമീകരണങ്ങളും പാലിച്ച് ഭാരിച്ച ഈ ദൗത്യം ഏറ്റെടുക്കുന്നതിന് എല്ലാവരും തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് അഭ്യർഥിച്ചു.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന ഒാൺലൈൻ ക്യാബിനറ്റ് യോഗത്തിൽ സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ പി അബൂബക്കർ മൗലവി പട്ടുവം, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സി പി മൂസ ഹാജി അപ്പോളോ, മാരായമംഗലം അബ്ദുർറഹ്്മാൻ ഫൈസി, പേരോട് അബ്ദുർറഹ്്്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, എൻ അലി അബ്ദുല്ല, സി മുഹമ്മദ് ഫൈസി, സി പി സെയ്തലവി ചെങ്ങര, പ്രൊഫ. യു സി അബ്ദുൽ മജീദ്, എ സൈഫുദ്ദീൻ ഹാജി സംബന്ധിച്ചു.