Connect with us

National

സാദിയ ധെൽവി അന്തരിച്ചു

Published

|

Last Updated

ന്യൂഡൽഹി| എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാദിയ ധെൽവി(63) ഡൽഹിയിൽ അന്തരിച്ചു. ദീർഘകാലമായി അർബുദ ബാധിതയായിരുന്നു. അർമാൻ അലി ധെൽവി മകനാണ്. സുഹൃത്തും ഡൽഹിയിലെ അറിയപ്പെടുന്ന സാംസ്‌കാരിക വ്യക്തിയും നല്ല വ്യക്തിത്വത്തിനുടമയുമായ സാദിയയുടെ വേർപാട് ദുഃഖകരമാണെന്ന് പ്രസിദ്ധ ചരിത്രകാരൻ ഇർഫാൻ ഹബീബ് ട്വീറ്റ് ചെയ്തു.

“ഷമ” കുടുംബാംഗമായിരുന്നു. 1938ൽ സാദിയയുടെ മുത്തച്ഛനായിരുന്ന ഹാഫിസ് യൂസുഫ് ധെൽവിയാണ് ഷമക്ക് തുടക്കമിട്ടത്. ഉർദുവിലെ പ്രസിദ്ധമായ സിനിമാ, സാഹിത്യ മാസികയായിരുന്നു ഷമ. ഭക്ഷണ വിഭവങ്ങളെകുറിച്ചുള്ള ആധികാരികമായ ലേഖനങ്ങളിലൂടെ ശ്രദ്ധേയയായി. 2017ൽ ഡൽഹിയിലെ ഭക്ഷണ വൈവിധ്യത്തെ കുറിച്ച് “ജാസ്മിൻ ആൻഡ് ജിൻസ്: മെമ്മറീസ് ആൻഡ് റെസീപ്പീസ് ഓഫ് ഡൽഹി” എന്ന പുസ്തകം എഴുതി.

സോഹ്‌റ സെഹ്ഗാൾ അഭിനയിച്ച അമ്മ ആൻഡ് ഫാമിലി (1995) അടക്കം നിരവധി ടെലിവിഷൻ പരിപാടികൾക്കും ഡോക്യുമെന്ററികൾക്കും തൂലിക ചലിപ്പിച്ചു. എഴുത്തുകാരൻ ഖുശ്വന്ത് സിംഗിന്റെ അടുത്ത സൂഹൃത്ത് കൂടിയാണ് സാദിയ. തന്റെ പുസ്തകമായ “നോട്ട് എ നൈസ് മാൻ ടൂ നോ” ഖുശ്വന്ത് സിംഗ് സമർപ്പിച്ചത് സാദിയക്കായിരുന്നു.

ഖുശ്വന്ത് സിങ്ങിന്റെ” മെൻ ആൻഡ് വിമൺ ഇൻ മൈ ലൈഫ്” എന്ന പുസ്തകത്തിന്റെ പുറത്ത് ധെൽവിയുടെ ചിത്രമാണ് നൽകിയത്. ഖുശ്വന്ത് സിംഗ് വിവിധ മേഖലകളിലെ വനിതകളുമായി നടത്തിയ ടെലിവിഷൻ അഭിമുഖ പരിപാടിയുടെ പ്രൊഡ്യൂസറും ധെൽവിയായിരുന്നു.സൂഫിസം ദി ഹാർട്ട് ഓഫ് ഇസ്ലാം, കോർട്ട് യാർഡ്: ദി ദർഗാസ് ഓഫ് ഡൽഹി എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.

Latest