റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

Posted on: August 6, 2020 12:35 pm | Last updated: August 6, 2020 at 4:49 pm

മുംബൈ | നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നിലവിലുള്ള 4 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 3.35 ശതമാനത്തിലും തുടരും. നിരക്കുകള്‍ നിലവിലുള്ള സ്ഥിതിയില്‍ തുടരാന്‍ ആറംഗ ധനനയ സമിതി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. കൊവിഡ് സാഹചര്യം സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്നും മൊത്തം ആഭ്യന്തര ഉത്പാദനം നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും അദ്ദഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ജൂലൈ – സെപ്തംബര്‍ കാലയളവില്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുമെന്നാണ് നയ സമിതി പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പണപ്പെരുപ്പ നിരക്ക് കുറയുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. നബാർഡിനും നാഷണൽ ഹൗസിംഗ് ബാങ്കിനും 5000 കോടി രൂപ വീതം അനുവദിക്കാൻ തീരുമാനിച്ചതായും ഗവർണർ അറിയിച്ചു.

ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ നയ അവലോകനമാണ് ഇന്നത്തേത്. റിപ്പോ നിരക്കില്‍ 25 അടിസ്ഥാന പോയിന്റ് കുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാമ്പത്തിക വിദഗ്ധർ. ഫെബ്രുവരി മുതല്‍ റിസര്‍വ് ബാങ്ക് മൊത്തം 115 ബേസിസ് പോയിന്റുകള്‍ കുറച്ചിട്ടുണ്ട്.