Connect with us

Kozhikode

വിവിധ രാഷ്ടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ പങ്കെടുത്തു; നോളജ് സിറ്റി വെബിനാര്‍ ശ്രദ്ധേയമായി

Published

|

Last Updated

മര്‍കസ് നോളജ് സിറ്റി | “മഹാമാരി കാലത്ത് പാരമ്പര്യ ചികത്സാ രീതികളുടെ പ്രസക്തിയും സാധ്യതകളും” എന്ന വിഷയത്തില്‍ മര്‍കസ് നോളജ് സിറ്റിയിലെ മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് സംഘടിപ്പിച്ച രാജ്യാന്തര വെബ്ബിനാര്‍ പ്രൗഢവും ശ്രദ്ധേയവുമായി.

ഇന്ത്യ,ബ്രിട്ടന്‍,ഫ്രാന്‍സ്,ജര്‍മനി,യു.എ.ഇ ,യു.എസ്.എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും 343 വിദഗ്ധരും ഗവേഷകരുമാണ് വെബ്ബിനാറില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ ആയുഷ് വകുപ്പിന് കീഴിലുള്ള വിവിധ ചികത്സാ സംവിധാനങ്ങള്‍ക്ക് ഗവേഷണ പഠനങ്ങള്‍ക്കും പരസ്പരം സഹകരിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും അതിനു മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് മുന്‍ കയ്യെടുക്കാനും വെബ്ബിനാറില്‍ ധാരണയായി.

കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി ചെയര്‍മാന്‍ പത്മശ്രീ കെ. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. .”തങ്ങള്‍ക്ക് ആവശ്യമുള്ള ചികിത്സാ രീതികള്‍ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. ഇന്ത്യയില്‍ ആയുഷ് ശാഖകളുടെ എല്ലാ സാധ്യതകളും കോവിഡ് കാലത്ത് ഉപയോഗപ്പെടുത്തണം.ജനങ്ങളുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുക പൊതുജനാരോഗ്യ പദ്ധതിയുടെ പ്രധാന ഭാഗമാവണം.ആയുഷ് ചികിത്സകളില്‍ ഇതിനു ഏറെ സാധ്യതകളാണുള്ളത്” അദ്ദേഹം വിശദീകരിച്ചു.

ജനിതക ഘടനകളെ അടിസ്ഥാനമാക്കിയുള്ള വ്യക്ത്യാധിഷ്ഠിത പരിപാലനത്തിന്റെ കാലമാണ് ആരോഗ്യ രംഗത്ത് വാരാനിരിക്കുന്നതെന്നു കാംബ്രിഡ്ജ് സര്‍വകലാശാലയിലെ ജനിതശാസ്ത്രഘടന പഠന ഗവേഷകന്‍ ഡോ.മദന്‍ തങ്കവേലു ചൂണ്ടിക്കാണിച്ചു. അലോപ്പതി ഗവേഷണ രംഗത്ത് അനേക കോടികളുടെ ഗവേഷണ പദ്ധതികളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.ഇവയില്‍ നിന്നും ഒരു വിഹിതം പാരമ്പര്യ ചികിത്സ ഗവേഷണത്തിന് വേണ്ടി സര്‍ക്കാരുകള്‍ നീക്കി വെച്ചാല്‍ അതിശയകരമായ ഫലങ്ങള്‍ ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കുടുംബാരോഗ്യ വിഭാഗം മുന്‍ മേധാവി ഡോ.പി കെ ശശിധരന്‍, യുനാനി ഫാര്‍മക്കോളജി വിഭാഗം വിദഗ്ധന്‍ ഡോ ശാഹുല്‍ ഹമീദ് , ഡോ.ഷായിസ്ത മേത്ത(ടാറ്റ മെമ്മോറിയല്‍ ആശുപത്രി,മുംബൈ), ഡോ.അമര്‍ ബോധി(ഹോമിയോ മെഡിക്കല്‍ കോളേജ്,ഡല്‍ഹി), ഡോ.തിരു നാരായണന്‍ (സിദ്ധ റിസേര്‍ച് സെന്റര്‍,ചെന്നൈ), ഡോ.ശാഹുല്‍ ഹമീദ് (മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ്) ,ഡോ.ഇ.എന്‍ അബ്ദുല്‍ ലത്തീഫ്(മെഡിക്കല്‍ കോളേജ്,കോഴിക്കോട്) എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ.എം.എ.എച് അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. ഡോ.അബ്ദുസലാം മുഹമ്മദ് മോഡറേറ്ററായി.

Latest