രാമക്ഷേത്ര നിര്‍മാണത്തിന് 11 വെള്ളി ഇഷ്ടികകള്‍ അയച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്

Posted on: August 4, 2020 5:39 pm | Last updated: August 4, 2020 at 5:42 pm

ന്യൂഡല്‍ഹി | അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയാളുള്ള ഭൂമി പൂജ നാളെ നടക്കാനിരിക്കെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് വസതിയില്‍ ‘ഹനുമാന്‍ ചാലിസ’ പാരായണം നടത്തി. ഭൂമി പൂജയെ ചരിത്ര സംഭവമായി വിശേഷിപ്പിച്ച നാഥ്, കോണ്‍ഗ്രസ് അംഗങ്ങളുടെ സംഭാവനയോടെ വാങ്ങിയ 11 വെള്ളി ഇഷ്ടികകള്‍ ക്ഷേത്രനഗരത്തിലേക്ക് അയച്ചതായും അറിയിച്ചു.

മധ്യപ്രദേശിലെ ജനങ്ങളില്‍ നിന്ന് പണം പിരിച്ച് വാങ്ങിയതാണ് വെള്ളി ഇഷ്ടികകള്‍ എന്നാണ് വിശദീകരണം. കോണ്‍ഗ്രസ് അംഗങ്ങളുടെ സംഭാവനകളോടെയാണ് ഇഷ്ടികകള്‍ വാങ്ങിയതെന്നും നാളത്തെ ദിവസം ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കമല്‍നാഥിന്റെ വീട്ടില്‍ ഹനുമാല്‍ ചലിസ പാരായണം നടത്തിയതിനെ മറ്റു രീതിയില്‍ വ്യാഖ്യാനിക്കരുതെന്നും അത് തികച്ചഉം ആത്മീയമായ ചടങ്ങാണെന്നും കോണ്‍ഗ്രസ് വക്താവ് ഭുപേന്ദ്ര ഗുപ്ത പറഞ്ഞു. കമല്‍നാഥ് കടുത്ത ഹനുമാന്‍ അനുയായിയാണെന്നും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്ദ്വാര ജില്ലയില്‍ 101 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നും ഗുപ്ത പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഹനുമാന്‍ ചാലിസ പാരായണം നടത്തിയെന്നാണ് കമല്‍നാഥ് നല്‍കുന്ന വിശദീകരണം.

അയോധ്യയില്‍ ഭൂമി പൂജയുടെ ഭാഗമായി ‘രാമര്‍ച്ച’ പൂജ ഇന്ന് ആരംഭിച്ചിട്ടുണ്ട്. ഹനുമാന്‍ ഗാരി ക്ഷേത്രത്തില്‍ ഹനുമാന്റെ പതാകയുടെ പ്രത്യേക പൂജയും നടക്കുന്നുണ്ട്. നാളെ നടക്കുന്ന ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് എന്നിവര്‍ പങ്കെടുക്കും.

‘ഭൂമി പൂജ’ ചടങ്ങിനായി 400 ക്വിന്റല്‍ പൂക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പുഷ്പ അലങ്കാരങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നയാള്‍ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രം നിര്‍മിക്കുന്നത് എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണെന്ന് കമല്‍നാഥ് കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്യുന്നുവെന്നും എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണ് ക്ഷേത്രനിര്‍മാണം പുരോഗമിക്കുന്നതെന്നും ഇത് ഇന്ത്യയില്‍ മാത്രമേ സംഭവിക്കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.