Connect with us

Kerala

കാഴ്ച പരിമിതിക്കിടയിലും സിവിൽ സർവീസെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് ഗോകുൽ

Published

|

Last Updated

തിരുവനന്തപുരം| ഏറെ കടമ്പകൾ ചാടിക്കടന്നാലും പലർക്കും കൈയെത്തും ദൂരത്ത് നിന്ന് വഴുതിപോകുന്ന സിവിൽ സർവീസെന്ന സ്വപ്‌നം പൂർണതയുള്ളവർക്ക് പോലും പലപ്പോഴും അപ്രാപ്യമായ ഒന്നാണ്. ഇവിടെയാണ് ഗോകുൽ എസ് എന്ന തിരുവനന്തപുരത്തുകാരൻ വേറിട്ടുനിൽക്കുന്നത്. കാഴ്ച പരിമിതിയെന്ന വൻ വെല്ലുവിളിക്കിടയിലാണ് ആദ്യ ശ്രമത്തിൽ തന്നെ 804-ാം റാങ്ക് സ്വന്തമാക്കി ഗോകുൽ മറ്റുള്ളവർക്ക് അത്ഭുതമാകുന്നത്.

ബിരുദ പഠന സമയത്തിനിടെ തന്നെ ഗോകുൽ സിവിൽ സർവീസെന്ന കടമ്പ ചാടിക്കടക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിരുന്നു. സിലബസ് പൂർണമായും പഠിച്ചുകഴിഞ്ഞെങ്കിലും പി ജിക്ക് ശേഷമാണ് പ്രിലിമിനറി പരീക്ഷ എഴുതുന്നത്. ഗവേഷക വിദ്യാർഥിയായി ചേർന്ന ശേഷമായിരുന്നു മെയിൻ പരീക്ഷയും അഭിമുഖവും.

തിരുവന്തപുരത്തെ മാർ ഇവാനിയോസ് കോളജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും പി ജിയും പൂർത്തിയാക്കിയ ഗോകുൽ നിലവിൽ കേരള സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷക വിദ്യാർഥിയാണ്. പരിമിതികളെ പരിമിതിയായി കാണുമ്പോൾ മാത്രമേ അത് യഥാർഥത്തിൽ പരിമിതിയാകുന്നുള്ളൂവെന്ന വാചകങ്ങളാണ് ഗോകുലിന്റെ ഈ വിജയത്തിന് പിന്നിലെ പ്രചോദനം.