Connect with us

National

ഡൽഹി കലാപത്തിൽ തനിക്ക് പങ്കുണ്ടെന്ന് എ എ പി നേതാവ് താഹിർ ഹുസൈൻ

Published

|

Last Updated

ന്യൂഡൽഹി| പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തി എ എ പി സസ്‌പെൻഡ് ചെയ്ത നോർത്ത് ഈസ്റ്റ് ഡൽഹി കൗൺസിലർ ആയ താഹിർ ഹുസൈൻ. കലാപത്തിൽ അക്രമണങ്ങൾ അഴിച്ചുവിടാൻ ആളുകളെ പ്രേരിപ്പിച്ചതായി ഇയാൾ സമ്മതിച്ചെന്നാണ് പോലീസ് ഭാഷ്യം.  ജെ എൻ യു സർവകലാശാലാ വിദ്യാർഥിയായിരുന്ന ഉമർ ഖാലിദുമായി കഴിഞ്ഞ ജനുവരി എട്ടിന് ശഹീൻ ബാഗിലുള്ള പോപുലർ ഫ്രണ്ട് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും താഹിർ ഹുസൈൻ പറയുന്നു.

വീടിന്റെ മേൽക്കൂരയിൽ ചില്ലുകുപ്പികൾ, പെട്രോൾ, ആസിഡ്, കല്ലുകൾ തുടങ്ങിയവ പരമാവധി സംഭരിച്ചുവെക്കുക എന്നതായിരുന്നു താഹിർ ഹുസൈന്റെ ചുമതലയെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധം സംഘടിപ്പിക്കാൻ ഖാലിദി സെയ്ഫി എന്നയാളാണ് തനിക്ക് നിർദേശം നൽകിയിരുന്നതെന്നും താഹിർ വെളിപ്പെടുത്തി.

ഖാലിദി സെയ്ഫിയും സുഹൃത്ത് ഇസ്രത്ത് ജഹാനും ചേർന്ന് ഖുറിജിയിൽ ശഹീൻബാഗ് മാതൃകയിൽ ധർണ ആരംഭിച്ചു. ഫെബ്രുവരി നാലിന് അബു ഫസൽ എൻക്ലേവിൽ വെച്ച് അക്രമണം ആസൂത്രണം ചെയ്യുന്നതിന് ഖാലിദി സെയ്ഫിയെ കണ്ടിരുന്നു. 24ന് തന്റെ വീട്ടിലുള്ളവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ഉച്ചക്ക് 1.30ഓടെ തന്റെ ആളുകളെ വിളിച്ചുകൂട്ടി സി എ എ വിരുദ്ധ പ്രക്ഷോഭ പന്തലിൽ ഇരിക്കുന്നവർക്ക് നേരെ പെട്രോൾ ബോംബുകളും ആസിഡും കല്ലുകളുമൊക്കെ പ്രയോഗിക്കാൻ തുടങ്ങിയെന്നും താഹിർ പറഞ്ഞതായി ഡൽഹി പോലീസ് വെളിപ്പെടുത്തി.