സാമ്പാർ ദോശയിൽ പല്ലി; ശരവണഭവൻ ഹോട്ടലിനെതിരെ കേസെടുത്തു

Posted on: August 3, 2020 11:09 am | Last updated: August 3, 2020 at 11:09 am

ന്യൂഡൽഹി| സാമ്പാർ ദോശക്ക് ഓർഡർ ചെയ്ത് കാത്തിരുന്നവർക്ക് ഭക്ഷണം കഴിക്കുന്നതിനിടെ കിട്ടിയത് ചത്ത പല്ലിയെ. ഡൽഹിയിലെ ഫത്തേപുരിയിലെ കോണാട്ട് പ്ലേസിലെ ശരവണഭവൻ റസ്റ്റോറന്റിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനായി റെസ്റ്റോറന്റിൽ കയറിയ പങ്കജ് അഗർവാളിനാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.

സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഇതിന്റെ വീഡിയോയിൽ സ്പൂണിൽ ചത്ത പല്ലിയെ കാണിക്കുന്നതും പല്ലിയുടെ പകുതി കാണാനില്ലെന്ന് പറഞ്ഞ് പങ്കജ് റെസ്റ്റോറന്റ് ജോലിക്കാരോട് ആക്രോശിക്കുന്നതും കാണാം. പകുതി കഴിച്ച ഭക്ഷണത്തോടൊപ്പം റെസ്റ്റോറന്റിന്റെ പേര് വ്യക്തമാക്കുന്ന മെനുകാർഡും വീഡിയോ ദൃശ്യങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്. സംഭവത്തിൽ റെസ്റ്റോറന്റിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അനേഷണം ആരംഭിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

രാജ്യത്ത് 30 ഔട്ട്‌ലെറ്റുകളും വിദേശത്ത് 87 ബ്രാഞ്ചുകളുമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ റെസ്‌റ്റോറന്റ് ശൃംഖലകളുള്ള വ്യവസായ സ്ഥാപനമാണ് ശരവണഭവൻ.