Connect with us

Articles

സദ്‌വാര്‍ത്ത കൊണ്ടുവന്ന ഒരാള്‍

Published

|

Last Updated

കൊല്ലപ്പെടുന്നതിന്റെ കുറച്ചു മുമ്പാണ്. അക്ബര്‍ കക്കട്ടിലെഴുതിയ “ചെറിയ അബൂബക്കര്‍ മുസ്‌ലിയാര്‍” എന്ന കഥയുടെ സോഫ്റ്റ് കോപ്പി കിട്ടുമോ എന്ന് ചോദിച്ച് ബഷീര്‍ വിളിച്ചു. ആ കഥയും ആ കഥയെക്കുറിച്ച് കക്കട്ടില്‍ എഴുതിയ കുറിപ്പും 2012ലെ മാതൃഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്. അന്നതേക്കുറിച്ച് ചെറിയൊരു കുറിപ്പെഴുതുകയും ചെയ്തിരുന്നു. ആ ഓര്‍മ ഉള്ളതുകൊണ്ടാകണം ബഷീര്‍ വര്‍ഷങ്ങള്‍ക്കുശേഷം ആ കഥയെ കുറിച്ച് അന്വേഷിച്ച് വിളിച്ചത്. ഇപ്പോള്‍ ഇതെന്തിനാണെന്ന് ബഷീര്‍ പറഞ്ഞില്ല. ഞാന്‍ ചോദിച്ചതുമില്ല. എന്നാല്‍ അതെന്തിനാണെന്ന് രണ്ട് പേര്‍ക്കും അറിയാമായിരുന്നു. നോണ്‍ ഫിക്്ഷന്‍ നല്ലപോലെ വായിക്കും എന്നല്ലാതെ അത്ര വലിയ സാഹിത്യ കുതുകിയൊന്നുമല്ലായിരുന്നു ബഷീര്‍. അതുകൊണ്ടുതന്നെ ബഷീറിന് ആ കഥയിലുള്ള പ്രത്യേക താത്പര്യം എനിക്ക് ഊഹിക്കാകുന്നതേ ഉണ്ടായിരുന്നുള്ളൂ.

സൂഫീവര്യനായ വടകര മുഹമ്മദ് ഹാജി തങ്ങളുടെ അടുത്ത് ഉപദേശം തേടിയെത്തിയ ഒരാള്‍ക്ക് അദ്ദേഹം നല്‍കിയ പ്രതിവിധിയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ഒരു കഥയുണ്ട്. തങ്ങളെ അടുത്തറിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ അതറിയാം. വിശേഷിച്ചും വടകര ഭാഗങ്ങളില്‍. അതിനോട് സമാനമാണ്, അതല്ലെങ്കില്‍ അതിന്റെ തന്നെ ഒരു പരാവര്‍ത്തനമാണെന്ന് തോന്നിക്കും ചെറിയ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന അക്ബര്‍ കക്കട്ടിലിന്റെ കഥ. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ വടക്കേ മലബാറിലെ മുസ്‌ലിം സമൂഹത്തെ ആഴത്തില്‍ സ്വാധീനിച്ച സൂഫീവര്യനായിരുന്നു വടകര മുഹമ്മദ് ഹാജി തങ്ങള്‍. ലോക പ്രസിദ്ധമായ ശാദുലി ത്വരീഖത്തിന്റെ പ്രചാരകരില്‍ ഒരാള്‍. ആ വലിയ പിതാവിന്റെ മകനായിരുന്നു കെ എം ബഷീര്‍. അതൊരിക്കലും പക്ഷേ, അവന്‍ പറഞ്ഞു നടന്നിട്ടില്ല.

അതിന്റെ പേരില്‍ ഒരു ഭൗതിക സൗഭാഗ്യവും ആശിച്ചിട്ടുമില്ലായിരുന്നു. വളരെ അടുപ്പക്കാര്‍ക്ക് മാത്രമറിയാം, ബഷീറിന്റെ ഈ സൂഫീ ചാര്‍ച്ച. ബഷീറിനെ രൂപപ്പെടുത്തിയത് ആ പൈതൃകവും അതിനൊത്തുള്ള പഠിപ്പുമായിരുന്നു. അവന്റെ ചിരി, ഹൃദ്യമായ പെരുമാറ്റം, എളിമ, സൂക്ഷ്മത അങ്ങനെ എല്ലാം ആ താവഴിയില്‍ നിന്ന് കിട്ടിയതാണ്. ബഷീറിനെ പോലെ പശ്ചാത്തലമുള്ള ഒരാള്‍ വളരെ വിദൂരമായി മാത്രം എത്തിപ്പെടാന്‍ സാധ്യതയുള്ള ഒരു തൊഴില്‍ മേഖലയായിരുന്നു മാധ്യമ പ്രവര്‍ത്തനം. നാനാതരം പ്രലോഭനങ്ങള്‍ക്കും അരുതായ്മകള്‍ക്കും സാഹചര്യമുള്ള ഇടം. എന്നിട്ടും ഒന്നിലും പെടാതെ കുതറിമാറാന്‍ ബഷീറിന് കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ ശാദുലിയുടെ ഒരു രക്ഷാ കവചം അവനെ എപ്പോഴും പൊതിഞ്ഞതു പോലെയുണ്ട്. വാണിയന്നൂരില്‍ ഉപ്പ തുടങ്ങിവെച്ച മാസാന്ത ശാദുലി റാതീബിലേക്ക് ഏത് തിരക്കിനിടയിലും അവന്‍ ഓടിയെത്തിയതും അതുകൊണ്ടായിരിക്കുമല്ലോ.

വീടുപണി നടക്കുന്നതിനാല്‍ അവസാന കാലത്ത് ബഷീര്‍ കോഴിക്കോട്ട് ഓഫീസില്‍ വന്നായിരുന്നു ജോലി ചെയ്തിരുന്നത്. അതിനിടക്ക് ഒരു വൈകുന്നേരം വിളിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വെച്ച് പേഴ്സ് നഷ്ടപ്പെട്ട കാര്യം പറയാനാണ്. അക്രഡിറ്റേഷന്‍ കാര്‍ഡ്, സെക്രട്ടേറിയറ്റ് പാസ്, ബസ് പാസ്, നിയമസഭാ പാസ് തുടങ്ങി എല്ലാം നഷ്ടപ്പെട്ടു എന്നവന്‍ പരിതപിച്ചു. പേഴ്സ് പിന്നീട് തിരിച്ചുകിട്ടി. പക്ഷേ, പണം നഷ്ടപ്പെട്ടിരുന്നു. കൂട്ടത്തില്‍ ഉപ്പ ചെറുപ്പത്തില്‍ സൂക്ഷിക്കാന്‍ കൊടുത്ത ഒരു പത്ത് രൂപയുടെ നോട്ടും പോയി. അതവനെ അങ്ങേയറ്റം വേദനിപ്പിച്ചു. തനിക്കെന്തോ ആപത്ത് വരാന്‍ പോകുന്നല്ലോ എന്ന് അടുപ്പക്കാരില്‍ ചിലരോട് പറയുകയും ചെയ്തിരുന്നുവത്രെ. ഉപ്പ ഏല്‍പ്പിച്ച പത്ത് രൂപ നഷ്ടപ്പെട്ട വേദന ബന്ധുക്കളോട് പറയുകയും എന്തോ ആപത്ത് വരാനിരിക്കുകയാണല്ലോ എന്നവരോട് പരിതപിക്കുകയും ചെയ്തതായി ഉമ്മ തന്നെ പറയുകയുണ്ടായി. ജീവിതത്തില്‍ നിന്ന് മടങ്ങാന്‍ നേരം എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നല്‍ ബഷീറിനുണ്ടായതും ആ പിതാവുമായി ബന്ധപ്പെട്ടായിരുന്നു. ബഷീര്‍ ആരായിരുന്നു എന്ന് ചോദിച്ചാല്‍ ഒറ്റവാക്കിലുള്ള ഉത്തരവും അതാണ്, സൂഫീവര്യനായ വടകര മുഹമ്മദ് ഹാജി തങ്ങളുടെ ശാദുലി ത്വരീഖത്തുകാരനായ മകന്‍. അങ്ങനെയൊരാള്‍ മാധ്യമ പ്രവര്‍ത്തകനായാല്‍ എങ്ങനെയിരിക്കും എന്ന് ചോദിച്ചാല്‍ കെ എം ബഷീറിനെ പോലിരിക്കും എന്നാണുത്തരം.
മാധ്യമ പ്രവര്‍ത്തനത്തിലെ നൈതികതയും ജാഗ്രതയും ബഷീര്‍ കൈവരിച്ചത് മാധ്യമ മണ്ഡലത്തില്‍ നിന്നല്ല, മറിച്ച് ശാദുലിയുടെ പാരമ്പര്യത്തില്‍ നിന്നാണ്. അങ്ങേയറ്റം മോശമായ ഒന്നിനെ സ്ഫുടം ചെയ്‌തെടുക്കുക ശാദുലി ത്വരീഖത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. പൊതുവില്‍ മാധ്യമ പ്രവര്‍ത്തകരോട് ഈറയുള്ള സമൂഹമാണ് നമ്മുടേത്. എന്നാല്‍ സമീപ കാലത്ത് മാധ്യമ പ്രവര്‍ത്തനത്തോടും മാധ്യമ പ്രവര്‍ത്തകരോടും മലയാളികള്‍ക്ക് അല്‍പ്പമെങ്കിലും ഇഷ്ടം തോന്നാന്‍ ഇടവന്ന വലിയ നിമിത്തങ്ങളില്‍ ഒന്ന് ബഷീറിന്റെ പത്രപ്രവര്‍ത്തന ജീവിതമാണ്. വര്‍ഷങ്ങളോളം തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകനായി ജീവിച്ചിട്ടും വാഹനമായി പഴയൊരു ബൈക്ക് മാത്രം സമ്പാദ്യമായി ഉള്ള ബഷീറിനെ കുറിച്ച് അന്നുതന്നെ ചിലര്‍ എഴുതിയിരുന്നു. അന്യായമായ ഒരു സുഖവും സന്തോഷവും സൗകര്യവും ബഷീറിന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടില്ലെന്ന് ദീര്‍ഘകാലം സഹപ്രവര്‍ത്തകനായിരുന്ന ഒരാളെന്ന നിലയില്‍ നിസ്സംശയം പറയാം. ബഷീറിനെ വിട്ടുപോകാന്‍ ആ നന്മകള്‍ ഒരിക്കലും കൂട്ടാക്കിയില്ല.

പത്രത്തിന്റെ നിലപാടുകള്‍ക്കനുസൃതമായി വാര്‍ത്തകളും വിശകലനങ്ങളും ചെത്തിമിനുക്കാന്‍ നല്ല കഴിവ് തന്നെ വേണം. നയത്തിനനുസരിച്ച് വാര്‍ത്തയില്‍ മൂര്‍ച്ച കൂട്ടാനും മുനയൊടിക്കാനും കഴിയണം. അതിനെല്ലാമുള്ള നല്ല സിദ്ധിയും സാധനയും ബഷീറിനുണ്ടായിരുന്നു. ന്യൂനപക്ഷ പ്രാതിനിധ്യമുള്ള, പാരമ്പര്യ വിശ്വാസത്തില്‍ സന്ധി ചെയ്യാതെ പോകുന്ന ഒരു പത്രത്തിന് പൊതുബോധത്തിന്റെ എതിര്‍ പാതയിലൂടെയായിരിക്കും പലപ്പോഴും സഞ്ചരിക്കേണ്ടി വരിക. അപ്പോഴും തന്റെ വാര്‍ത്തകള്‍ വിശ്വാസ യോഗ്യമെന്ന് വായനക്കാരനെ ബോധ്യപ്പെടുത്താന്‍ ബഷീറിന് സാധിച്ചു. “മാധ്യമ സിന്‍ഡിക്കേറ്റി”ന്റെ കാലത്ത് ബഷീര്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. അപ്പോഴും അതിന്റെ ചുഴിയില്‍ വീണുപോകാതെ, അതേസമയം വാര്‍ത്തകളൊന്നും വിട്ടുപോകാതെയും അവനെഴുതി. ഒരുപാട് അടരുകളുള്ള വാര്‍ത്തകള്‍ ക്ലബ് ചെയ്യാനുള്ള അവന്റെ കഴിവ് കണ്ട് സ്തബ്ധിച്ചു നിന്നിട്ടുണ്ട്. ഡസ്‌കില്‍ നിന്ന് ഉദ്ദേശിക്കുന്നതിനുമപ്പുറമായിരുന്നു അവന്റെ പെര്‍ഫോമന്‍സ്. മാധ്യമ പ്രവര്‍ത്തനം വേഗവുമായുള്ള ഒരു മത്സരമായിട്ടും അതിനോടും വിട്ടുകൊടുത്തില്ല.

സംഘ്പരിവാര്‍ വാര്‍ത്തകളുടെ ഏറ്റവും നല്ല സോഴ്സ് തന്നെ ബഷീറിനുണ്ടായിരുന്നു. അവരുടെ ഗ്രൂപ്പിസവുമായി ബന്ധപ്പെട്ട മികച്ച എക്സ്‌ക്ലൂസീവ് വാര്‍ത്തകള്‍ സിറാജില്‍ ആദ്യം വന്നു. തിരുവനന്തപുരത്തെ മാധ്യമ സിംഹങ്ങള്‍ക്കിടയില്‍ മലബാറിലെ തിരൂര്‍ വാണിയന്നൂരില്‍ നിന്ന് വന്ന ഒരു ചെറുപ്പക്കാരന്‍ എങ്ങനെയിത്രമാത്രം എല്ലാവരുടെയും ഇഷ്ടക്കാരനായി എന്നത് മറ്റൊരതിശയം തന്നെയാണ്. ബഷീറിന്റെ പാരമ്പര്യത്തില്‍ ആ അതിശയത്തിന്റെ ഉത്തരം ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്.
അത്രമേല്‍ ശ്രദ്ധിക്കപ്പെടാന്‍ അനുഗുണമായി ഭവിക്കുന്ന എന്തായിരുന്നു ബഷീറിനുണ്ടായിരുന്നത്?

ആകാരസൗഷ്ഠവമുള്ള ഒരാളായിരുന്നോ അവന്‍? വലിയൊരു അക്കാദമിക് യോഗ്യതയും ഉണ്ടെന്ന് പറയുക വയ്യ. വല്ലാതെ വാചാലനായി ചാടിക്കയറുന്ന സ്വഭാവമില്ല. എന്നാല്‍, എല്ലാറ്റിനെയും മുറിച്ചുകടക്കുന്ന ഒന്നുണ്ടായിരുന്നു, പ്രതിഭാത്വം. അസാമാന്യമായ പ്രതിഭാശാലി. ആ പ്രതിഭാത്വത്തെ തന്റെ നൈതിക ബോധവുമായി കൂട്ടിക്കെട്ടുന്ന രാഷ്ട്രീയ ജാഗ്രതയും. കുലീനമായ ആ പിതാവിന്റെ പാരമ്പര്യത്തിന്റെ ഊര്‍ജം കൂടി ചേര്‍ന്നപ്പോള്‍ ബഷീര്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തനത്തെ തന്നെ തിരുത്തിയെഴുതി. തലസ്ഥാനത്ത് ഇതാ ഇങ്ങനെയും മാധ്യമ പ്രവര്‍ത്തകനാകാം എന്നവന്‍ നമ്മെയൊക്കെ പഠിപ്പിച്ചു.

ഞാന്‍ വന്ന് മൂന്ന് കൊല്ലം കഴിഞ്ഞാണ് ബഷീര്‍ സിറാജിന്റെ തിരൂര്‍ ലേഖകനാകുന്നത്. ബഷീര്‍ വാണിയന്നൂര്‍ എന്ന പേരില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ വിഷയവും ഏതാനും പ്രാദേശിക വാര്‍ത്തകളും എഴുതി ഓഫീസിലേക്ക് ഫാക്സ് അയച്ചിരുന്ന പ്രാദേശിക ലേഖകന്‍. പിന്നെ മലപ്പുറം ബ്യൂറോയില്‍. അവിടെ വെച്ച് നല്ല ചില പരമ്പരകളും സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ വാര്‍ത്തകളും. പിന്നെ തിരുവനന്തപുരം ബ്യൂറോയില്‍. വൈകാതെ ബ്യൂറോ ചീഫ്. യൂനിറ്റിന്റെ ചുമതലക്കാരന്‍. ഈ കയറ്റങ്ങളിലൊക്കെ നിരന്തരം സംവദിച്ചും കൊസ്സറ പറഞ്ഞും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും ഗുണദോഷിച്ചും കൊല്ലപ്പെടുന്ന അവസാന നിമിഷങ്ങള്‍ വരെ തുടര്‍ന്ന സൗഹൃദം. ജോലിയുടെ സ്വഭാവം കാരണം ദിവസവും നിരവധി തവണ ബഷീറിനെ വിളിക്കും. ശ്രീറാം വെങ്കിട്ടരാമന്റെ കാർ ബഷീറിനെ ഇടിച്ചു കൊല്ലുന്നതിനും അല്‍പ്പം മുമ്പാണ് അവനെന്നെ അവസാനമായി വിളിച്ചത്. ബഷീറിന്റെ എല്ലാ നന്മകളും അവന്റെ ഓരോ സംസാരത്തിലും ഉണ്ടാകും. ആ സുകൃതം അവസാന നേരത്തും അനുഭവിക്കാന്‍ കഴിഞ്ഞു എന്നത് ഒരു സൗഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ബഷീര്‍ എന്ന പേര് ഫോണില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ അനുഭവിച്ചത്ര വേദന മറ്റൊരാളുടെ കാര്യത്തിലും ഉണ്ടായിട്ടില്ല.

ബഷീറിനെ പറയുകയോ ഓര്‍ക്കുകയോ ചെയ്യാത്ത ഒരു ദിനം പോലും ഈയൊരു കൊല്ലത്തിനിടയില്‍ കഴിഞ്ഞുപോയിട്ടില്ല. ഓരോ വാര്‍ത്തകളും ബഷീറിനെ ഓര്‍മിപ്പിക്കും. ഓരോ സന്ദര്‍ഭങ്ങളും അവനെക്കുറിച്ചുള്ള പലതരം വിചാരങ്ങള്‍ കൊണ്ടുവരും. കണ്ടുമുട്ടുന്നവരും വിശേഷമന്വേഷിക്കുന്നവരും എന്തിന് ജോലിയെക്കുറിച്ച് ചോദിക്കുന്ന സന്ദര്‍ഭത്തില്‍ ഡോക്ടര്‍മാര്‍ വരെ അവനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ആരായും. ഇതുവരെ ജീവിതത്തില്‍ കാണുകയോ യാദൃച്ഛികമായെങ്കിലും ബഷീര്‍ എഴുതിയ ഒരു ചെറുകുറിപ്പെങ്കിലും വായിക്കുകയോ ചെയ്യാനിടയില്ലാത്തവര്‍ പോലും അവന്റെ വേര്‍പാടിനെ പ്രതിയുള്ള വേദനകളെ സ്വന്തമാക്കുകയും അവന്റെ കൊലയാളിയെചൊല്ലി രോഷാകുലനാകുകയും ചെയ്യുന്നു. ആ കൊലയാളി മുന്നിലേക്ക് വരുമ്പോഴൊക്കെയും നാം അറിയാതെ സ്വയം ബഷീറിന്റെ ആളായിപ്പോകുന്ന തരത്തിലേക്ക് ബഷീര്‍ നമ്മെയൊക്കെ പരിവര്‍ത്തിപ്പിച്ചു.

ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ പറഞ്ഞതു പോലെ, സിറാജ് കേവലം ഒരു പത്രം മാത്രമായിരുന്നില്ല ബഷീറിന്. തന്റെ ഉപ്പയുടെയും പ്രസ്ഥാനത്തിന്റെയും മുഖപത്രമായിരുന്നു. ആ കരുതല്‍ എപ്പോഴും ബഷീറിന്റെ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ വഴിയില്‍ ജീവിതവും മരണവും അവന്‍ പുല്‍കി. പ്രായത്തില്‍ കവിഞ്ഞ പക്വതയും ഒരു ചെറിയ ആയുസ്സില്‍ നിര്‍വഹിച്ച വലിയ ദൗത്യവും കൊണ്ട് അവന്‍ യാത്ര പോയി, മലയാളികള്‍ക്ക് ഓര്‍ക്കാനും ആലോചിക്കാനും മറ്റൊരു ബഷീറിനെ സമ്മാനിച്ചു കൊണ്ട്.
ബഷീര്‍ എന്നാല്‍ സദ്്വാര്‍ത്ത അറിയിക്കുന്നവന്‍ എന്നര്‍ഥം. അതായിരുന്നു കെ എം ബഷീറിന്റെ ജീവിതവും ദൗത്യവും.

Latest