പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്തിവിടാന്‍ ശ്രമിക്കുകയാണെന്ന് ലഫ്റ്റനന്റ് ജനറല്‍ ബി എസ് രാജു

Posted on: August 1, 2020 4:38 pm | Last updated: August 1, 2020 at 4:38 pm

ശ്രീനഗര്‍| ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ചാരപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്തിവിടാന്‍ ശ്രമിക്കുകയാണെന്ന് ലഫ്റ്റനന്റ് ജനറല്‍ ബി എസ് രാജു പറഞ്ഞു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ സമ്മര്‍ദ്ദമുണ്ടായിട്ടും പാകിസ്ഥാന് മാറ്റമില്ലെന്നും അവര്‍ കശ്മീരിലേക്ക് തീവ്രവാദികളെ അയക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ പാകിസ്ഥാനികളാണെന്നതിന് തെളിവുകളുണ്ടെന്നും രാജു പറഞ്ഞു. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുകയാണ്. പാകിസ്ഥാന്റെ ഇടപെടലിന് നിരവധി തെളിവുകളുണ്ട്. ചാരപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും അവര്‍ക്ക് മാറ്റമൊന്നുമില്ലെന്നും രാജു പറഞ്ഞു. ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പാകിസ്ഥാന്‍ സജീവമായി ശ്രമിക്കുന്നുണ്ടെന്നും രാജു പറഞ്ഞു.

നിയന്ത്രണ രേഖയിലും ജമ്മുവിലും നുഴഞ്ഞ് കയറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ അടുത്തിടെ മൂന്ന് നുഴഞ്ഞു കയറ്റങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാത്രികളിലാണ് നുഴഞ്ഞുകയറ്റം കൂടുതലും നടക്കുന്നത്. നിരവധി പ്രാദശേക തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രാദേശിക, വിദേശ തീവ്രവാദികളെല്ലാം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. തീവ്രവാദികള്‍ക്ക് ചൈനയുമായി ബന്ധമുണ്ടെന്നും അവര്‍ ഉപയോഗിക്കുന്നത് ചൈനീസ് ആയുധങ്ങളാണെന്നും രാജു കൂട്ടിചേര്‍ത്തു.