Connect with us

Articles

മഴയില്‍ മുങ്ങാന്‍ കേരളം

Published

|

Last Updated

കേരളത്തില്‍ അടുത്ത ഒരാഴ്ചക്കാലം ഇടിയോടു കൂടിയ കനത്ത മഴയാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പെട്ടെന്നുണ്ടായ അന്തരീക്ഷ ഊഷ്മാവിലെ വര്‍ധന സമുദ്ര ഉപരിതലം കൂടുതല്‍ ചൂടാകുന്നതിന് വഴിവെച്ചതാണ് വേഗത്തില്‍ ന്യൂനമര്‍ദം രൂപം കൊള്ളുന്നതിന് ഇടവരുത്തിയത്.

ഇക്കഴിഞ്ഞ രണ്ട് ദിവസം നല്ല വെയില്‍ വന്നപ്പോള്‍ എന്തൊരു ചൂട് എന്ന് പറഞ്ഞവര്‍ ഇന്ന് പറയുന്നു ഓ എന്തൊരു മഴ. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ മഴ യാതൊരു ശമനവും ഇല്ലാതെ ആറ് മണിക്കൂറോളം പെയ്തു തിമിര്‍ക്കുകയായിരുന്നു കേരളത്തില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും.
നഗരം- ഗ്രാമം എന്ന വ്യത്യാസമില്ലാതെ വെള്ളക്കെട്ടിലാണ് കേരളം. കാലാവസ്ഥയുടെ ഈ വ്യത്യാസം നമ്മെ ഭയപ്പെടുത്തുകയാണ്. 2018ലും 2019ലും കേരളത്തെ മുക്കിയ പ്രളയത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും മുറിവായി, വിങ്ങലായി, ഭയമായി കേരളീയരുടെയെല്ലാം മനസ്സില്‍ കിടക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കുന്ന ഈ കാലഘട്ടത്തിലെ ഒരു പ്രളയത്തെ കുറിച്ച് ഭയാശങ്കയോടെയല്ലാതെ എങ്ങനെ നമുക്ക് ഓര്‍ക്കാനാകും. ദുരിതാശ്വാസ ക്യാമ്പില്‍ പോകുന്ന അവസ്ഥ ചിന്തിക്കാനാകുന്നതിലും അപ്പുറമാണ്, പ്രത്യേകിച്ചും മഹാമാരിയുടെ സമ്പര്‍ക്ക ഭീഷണിയും സമൂഹ വ്യാപനവും വലിയ ഭീഷണിയായി മുന്നില്‍ നില്‍ക്കുന്ന ഈ അവസ്ഥയില്‍.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രയുടെ വടക്കു ഭാഗത്തും ഒഡീഷയുടെ തെക്കു ഭാഗത്തും രൂപംകൊണ്ടുവരുന്ന ന്യൂനമര്‍ദം മൂലം ഈയാഴ്ചക്കാലം മഴ വര്‍ധിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. ന്യൂനമര്‍ദം 2018, 2019 വര്‍ഷങ്ങളിലെ പോലെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചുഴലിക്കാറ്റിന്റെ സാധ്യതയും തള്ളിക്കളയാനാകില്ല. ഇപ്പോഴത്തെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് മഴയുള്ള ദിവസങ്ങളില്‍ പ്രതിദിനം ഉദ്ദേശം 20 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ കേരളത്തിലെ പല ജില്ലകളിലും ലഭിക്കാവുന്നതാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന മഴയുടെ പ്രധാന കാരണം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ടിരിക്കുന്ന ന്യൂനമര്‍ദമാണ്. കഴിഞ്ഞ പ്രളയങ്ങള്‍ക്കും കാരണം ബംഗാള്‍ ഉള്‍ക്കടലില്‍ ഇത്തരത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദങ്ങളായിരുന്നു. തെക്കു പടിഞ്ഞാറെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപുകളുടെ സമീപത്ത് ചുഴലിക്കാറ്റ് രൂപംകൊണ്ടതായും സംശയിക്കുന്നുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 മുതല്‍ 60 വരെയാണത്രെ. ഇക്കാരണങ്ങളാല്‍ ഇനിയുള്ള നാല് ദിവസങ്ങളില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും മഴയുടെ അളവ് കൂടാനുള്ള സാധ്യത ഉണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും (2018, 2019) മേഘവിസ്‌ഫോടനത്തോടെയുള്ള കനത്ത മഴയാണ് പ്രളയത്തിലേക്കു നയിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് പശ്ചിമഘട്ട മലമടക്കുകളില്‍ 760 ഉരുള്‍പൊട്ടലുകളിലാണ് കലാശിച്ചത്. പ്രളയം മൂലം മരണസംഖ്യ ഉയര്‍ന്നതിനും കാരണം മറ്റൊന്നായിരുന്നില്ല. 2018ല്‍ 560 പേരാണ് പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി മരിച്ചത്. ഇനിയും തിരിച്ചുവരാത്തത് 14 പേരാണ്.
പ്രതിവര്‍ഷം ഉദ്ദേശം 2,300 മില്ലിമീറ്റര്‍ മഴ കേരളത്തില്‍ ലഭിക്കാറുണ്ടെങ്കിലും പ്രളയങ്ങളിലേക്കു സംസ്ഥാനത്തെ എടുത്തെറിഞ്ഞിരിക്കുന്നത് വളരെ അപൂര്‍വമായിട്ടാണ്. 2018ല്‍ ആഗസ്റ്റ് ഒന്നിനും 19നും ഇടയില്‍ കേരളത്തില്‍ പെയ്തത് 758.6 മില്ലിമീറ്റര്‍ മഴയാണ്. ഇത് സാധാരണയെക്കാള്‍ 164 ശതമാനം കൂടുതലായിരുന്നു. 2017ല്‍ സംസ്ഥാനത്തിന് ആകെ ലഭിച്ചത് 1,855 മില്ലിമീറ്റര്‍ മഴ മാത്രമായിരുന്നു എന്ന കാര്യം ഓര്‍ക്കണം. 2019 ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ ലഭിച്ച മഴയും വളരെ കൂടുതലായിരുന്നു. പ്രളയ കാലങ്ങളില്‍ പ്രാദേശികാടിസ്ഥാനത്തില്‍ മഴയുടെ തോത് വളരെയധികം വ്യത്യാസപ്പെട്ടിരുന്നു. ഇത് പലയിടങ്ങളിലും നിമിഷ പ്രളയങ്ങള്‍ക്കു കാരണമായി.

2019ല്‍ 85 ഇടങ്ങളില്‍ ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടി ജീവഹാനി സംഭവിച്ച കവളപ്പാറയിലും പുത്തുമലയിലും പ്രളയ നാളുകളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം ലഭിച്ചത് 550 മില്ലിമീറ്റര്‍ മഴയായിരുന്നു. 2018ല്‍ സംസ്ഥാനത്ത് ലഭിച്ചത് 2,517 മില്ലിമീറ്റര്‍ മഴയും 2019ല്‍ 2,310 മില്ലിമീറ്റര്‍ മഴയുമായിരുന്നു. ഇത് രണ്ടും പ്രളയത്തില്‍ കലാശിച്ചു.
മറ്റൊരു പ്രളയത്തിന് കേരളം ഒരുങ്ങേണ്ടതുണ്ട്. കാലാവസ്ഥാ പ്രവചനങ്ങളൊക്കെ സൂചിപ്പിക്കുന്നത് അതാണ്. കൊവിഡ് 19 വ്യാപനം കൂടി കണക്കിലെടുത്തു വേണം ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങേണ്ടത്. കാര്യക്ഷമമായ ഡാം മാനേജ്‌മെന്റ് പ്ലാന്‍ ഇപ്പോഴേ ഒരുക്കണം. തമിഴ് നാട്ടിലെയും കര്‍ണാടകയിലെയും ഡാമുകള്‍ തുറക്കുമ്പോള്‍ കേരളത്തിലെ നദികളില്‍ വെള്ളം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുക. മുല്ലപ്പെരിയാറിലെ ജലവിതാനം ഉയരുമ്പോഴുള്ള കേരളത്തിലെ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തണം. ഒഴിപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കണം. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. പ്രളയജലം ഒഴുകുവാനുള്ള വഴികള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണം.

വെള്ളം ഒഴുകുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണം. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കണം. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്കു വേണ്ട മുന്നറിയിപ്പ് നല്‍കുക. പ്രളയം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും ഉണ്ടായേക്കാവുന്ന നഷ്ടത്തിന് പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക.

ഡോ. സി എം ജോയി

---- facebook comment plugin here -----

Latest