Kerala
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്: എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടു

ആലപ്പുഴ |പി കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടുവിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പടെ അഞ്ച് പേരാണ് കേസില്‍ പ്രതികളായിരുന്നത്. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന കണ്ടെത്തലോടെയാണ് കോടതി വിധി.
2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയാണ് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ പി കൃഷ്ണപിള്ളയുടെ കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള സ്മാരകം തകര്‍ത്തത്. കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും പ്രതിമ അടിച്ച് തകര്‍ക്കുകയും ചെയ്തു. സംഭവം നടന്ന് ഏഴ് വര്‍ഷം തികയുമ്പോഴാണ് കോടതി വിധി.
വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ലതീഷ് ബി ചന്ദ്രന്‍ ഒന്നാംപ്രതിയായിരുന്നു. കണ്ണര്‍കാട് മുന്‍ ലോക്കല്‍ സെക്രട്ടറി പി സാബു, സിപിഎം പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരായിരുന്നു മറ്റ് പ്രതികള്‍. ഇവരെയെല്ലാം സിപിഎം പുറത്താക്കിയിരുന്നു