Connect with us

Kerala

വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരള തീരത്ത് 40 മുതല്‍ 50 കി.മീ. വരെ വേഗത്തില്‍ കാറ്റിനും 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ കനത്ത മഴയില്‍ തൊട്ടില്‍പാലം പുഴ കരകവിഞ്ഞു. ചോയിചുണ്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കരകവിഞ്ഞൊഴുകി ജാനകികാട് റോഡിലും വെള്ളം കയറി. ജാനകികാടിനടുത്ത് തുരുത്തില്‍ കുടിങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ജില്ലയില്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റ്യാടിയില്‍ കനത്ത മഴയില്‍ നിരവധി കടകളില്‍ വെള്ളം കയറി.

കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ 52 വീടുകള്‍ക്ക് കേടുപാട് പറ്റി.മഴ തുടരുന്നതിനാല്‍ ജില്ലയില്‍ മൂന്ന് ദുരിതാശ്വസ ക്യാന്പുകള്‍ തുടങ്ങി.മണര്‍കാട്, അയര്‍ക്കുന്നം, വാകത്താനം വില്ലേജുകളിലായി തുടങ്ങിയ ക്യാന്പുകളില്‍ ആകെ 27 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാകും ദുരിതാശ്വാസ ക്യാന്പുകള്‍ സജ്ജീകരിച്ചിക്കുന്നത്. ക്വാറന്റീനില്‍ കഴിയുന്നവരെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും അറുപതു വയസിനു മുകളിലുള്ളവരെയും പ്രത്യേകം കേന്ദ്രങ്ങളില്‍ താമസിപ്പിക്കും.

എറണാകുളം ജില്ലയില്‍ രാത്രി 1 മണി മുതല്‍ മഴ പെയ്തിട്ടില്ല. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ള ഏതാനും കോളനികളില്‍ ഇപ്പോഴും വെള്ളം കെട്ടി നില്‍ക്കുകയാണ്.

Latest