Connect with us

National

ഇനി രാജ്യത്തിന് സ്വന്തം; റാഫേല്‍ നിലം തൊട്ടു

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടി ഫ്രഞ്ച് നിര്‍മിത റഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ പറന്നിറങ്ങി. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 36 പോര്‍ വിമാനങ്ങളില്‍ ആദ്യത്തെ അഞ്ചെണ്ണമാണ് ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ഇന്ത്യന്‍ മണ്ണിലിറങ്ങിയത്. അംബാല വ്യോമതാവളത്തില്‍ വ്യോമസേനാ മേധാവി രാകേഷ് കുമാര്‍ സിംഗ് ബദൗരിയയുടെ നേതൃത്വത്തില്‍ വിമാനങ്ങളെ വരവേറ്റു. വിമാനങ്ങള്‍ വരുന്നതിനോടനുബന്ധിച്ച് അംബാലയില്‍ അതീവ സുരക്ഷ ഒരുക്കിയിരുന്നു.

ഫ്രാന്‍സില്‍ നിന്ന് 7000 കിലോമീറ്റര്‍ പിന്നിട്ടാണ് അഞ്ച് റാഫേല്‍ ജറ്റ് വിമാനങ്ങള്‍ ഇന്ത്യയില്‍ ലാന്‍ഡ് ചെയ്തത്. ഫ്രാന്‍സിലെ മെറിയാനക് വ്യോമതാവളത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രി പുറപ്പെട്ട വിമാനങ്ങള്‍ കഴിഞ്ഞ ദിവസം ഇന്ധനം നിറയ്ക്കാനായി യുഎഇയില്‍ ലാന്‍ഡ് ചെയ്തിരുന്നു. ഇവിടെ നിന്ന് ഇന്ന് രാവിലെയാണ് അംബാലയിലേക്ക് പുറപ്പെട്ടത്. വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതോടെ രണ്ട് സുഖോയ്30 എം കെ ഐ പോര്‍വിമാനങ്ങള്‍ അകമ്പടി സേവിച്ചു.

വിമാനങ്ങള്‍ സുരക്ഷിതമായി അംബാലയില്‍ ഇറങ്ങിയെന്നും റാഫേല്‍ യുദ്ധവിമാനങ്ങള്‍ നമ്മുടെ സൈനിക ചരിത്രത്തിലെ പുതുയുഗത്തിന്റെ തുടക്കമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. “ഗോൾഡൻ ആരോസിെന” സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു വ്യേമസേനയുടെ ട്വീറ്റ്. ഗോൾഡൻ ആരോസ് വിഭാഗത്തിലാണ് ഈ വിമാനങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.

The five Rafales escorted by 02 SU30 MKIs as they enter the Indian air space.@IAF_MCC pic.twitter.com/djpt16OqVd

പാക് വ്യോമ പാത ഒഴിവാക്കി ഗുജറാത്തിലെ ജാംനഗര്‍ വഴിയാണ് വിമാനങ്ങള്‍ എത്തിയത്. പതിനേഴ് ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രനിലെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ ഹര്‍പ്രിത് സിംഗിന്റെ നേതൃത്വത്തിലുള്ള ഏഴ് ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറത്തിയത്. ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ടാങ്കര്‍ വിമാനങ്ങള്‍ അനുഗമിച്ചിരുന്നു. ഇതില്‍ വിംഗ് കമാന്‍ഡര്‍ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്.

വിമാനങ്ങള്‍ എത്തിച്ചേരുന്ന പശ്ചാത്തലത്തില്‍ സുരക്ഷയുടെ ഭാഗമായി അംബാല വിമാനത്താവളത്തിന് സമീപത്തുള്ള നാലു ഗ്രാമങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest