Connect with us

Covid19

തിരുവനന്തപുരത്ത് ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരും

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരാന്‍ തീരുമാനം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നിലൊന്ന് ജീവനക്കാരുമായി പ്രവര്‍ത്തിക്കാം, ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം തുടങ്ങി നിരവധി ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരാനുള്ള മാര്‍ഗരേഖയാണ് കലക്ടര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നിലൊന്നു ജീവനക്കാരെ വെച്ചു കൊണ്ട് പ്രവര്‍ത്തിക്കാം.

സ്വകാര്യസ്ഥാപനങ്ങളില്‍ 25 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പാഴ്സല്‍ സര്‍വീസുകള്‍ക്കു മാത്രമായി തുറക്കാം. ഇവിടങ്ങളിലെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാം. അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല.

കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള ഇടങ്ങളിലേക്ക് ഹോം ഡെലിവറി അനുവദിക്കും. പകുതി യാത്രക്കാരുമായി പൊതുഗതാഗതം അനുവദിക്കും. ഓട്ടോ റിക്ഷ, ടാക്സി സര്‍വീസുകള്‍ പാടില്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ തുറക്കാം. ഈ കടകളില്‍ നാലു മണി മുതല്‍ ആറു മണി വരെയുള്ള സമയം മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി മാറ്റിവെക്കണം. ഈ സമയത്ത് അവര്‍ക്കു മാത്രം സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം തയ്യാറാക്കി കൊടുക്കണം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍,സലൂണുകള്‍, സ്പാ, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ തുറക്കില്ല. തിരുവനന്തപുരം കോര്‍പറേഷനിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവരും. കൃഷി-മറ്റ് കാര്‍ഷിക വൃത്തികള്‍ എന്നിവയും അനുവദനീയമാണ്. കോര്‍പറേഷനിലെ ഇരുപതോളം വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും. മറ്റ് പത്തോളം വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും.

എല്ലാത്തരം കാര്‍ഷിക, കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളും കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ തുടരാം.തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല.
സിനിമാ ഹാള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയം, ബാര്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.കൂട്ടം കൂടാന്‍ സാധ്യതയുള്ള ഒരുതരത്തിലുള്ള പ്രവര്‍ത്തനങ്ങളും പാടില്ല.

ഇത്തരം ഇളവുകളൊന്നും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ബാധകമായിരിക്കില്ലെന്നും നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരുമെന്നും കലക്ടര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest