Connect with us

Kerala

സ്വർണക്കടത്ത്: ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും

Published

|

Last Updated

കൊച്ചി | തിരുവനന്തപുരം വിമാനത്താവളം നയതന്ത്ര ചാനലിലൂടെ കോടികളുടെ സ്വർണക്കടത്ത് നടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് മൂന്നാം തവണയാണ് ശിവശങ്കർ എൻ ഐ എക്ക് മുന്നിൽ ഹാജരാകുന്നത്. ഇന്നലെ എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ വിട്ടയച്ചിരുന്നു. നേരത്തെ തിരുവനന്തപുരത്ത് വെച്ച് അഞ്ച് മണിക്കൂറോളം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്തിട്ടുണ്ട്.

കൊച്ചി കടവന്ത്രയിലെ എൻ ഐ എ മേഖലാ ഓഫീസിൽ വെച്ചായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൽ. രാവിലെ പത്തിന് തുടങ്ങിയ ചോദ്യം ചെയ്യൽ വൈകുന്നേരം 6.45ഓടെയാണ് അവസാനിച്ചത്. ആദ്യ ഘട്ടത്തിൽ എൻ ഐ എ ഉദ്യോഗസ്ഥർ തനിച്ചും രണ്ടാം ഘട്ടത്തിൽ കസ്റ്റംസിന്റെയും സർക്കാർ അഭിഭാഷകരുടെയും സാന്നിധ്യത്തിലുമായിരുന്നു ചോദ്യം ചെയ്യൽ. തിങ്കളാഴ്ച രാവിലെ 4.30ഓടെ തിരുവനന്തപുരത്തെ വസതിയിൽ നിന്ന് പുറപ്പെട്ട എം ശിവശങ്കർ 9.30ഓടെയാണ് കൊച്ചിയിലെത്തിയത്.

കേസിൽ നിർണായകമായ വിവരങ്ങളൊന്നും ശിവശങ്കറിൽ നിന്ന് ലഭിച്ചില്ലെന്നാണ് കരുതുന്നത്. അന്വേഷണ സംഘാംഗങ്ങൾക്ക് പുറമേ ഹൈദരാബാദ് യൂനിറ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥ കൂടി ചോദ്യം ചെയ്യാൻ എത്തിയിരുന്നു. എൻ ഐ എയുടെ പ്രോസിക്യൂട്ടർമാരെയും വിളിച്ചുവരുത്തി. ആദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാണ് ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി മൊഴിയെടുത്തത്. കള്ളക്കടത്ത് പിടികൂടിയതിന് പിന്നാലെ കേസിലെ പ്രതി സ്വപ്‌ന സുരേഷ് നിരവധി തവണ ശിവശങ്കറിനെ വിളിച്ചിരുന്നു. ടെലിഗ്രാം ചാറ്റുകളും നടത്തിയിട്ടുണ്ട്. പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ ശിവശങ്കറിന് കഴിഞ്ഞില്ലെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും എൻ ഐ എ പരിശോധിക്കുന്നുണ്ട്. അക്കൗണ്ടുകളിൽ നിന്നയച്ച മെസേജുകളും മറ്റും പരിശോധിക്കും. ഇത് കൂടി പരിശോധിച്ച ശേഷമാകും തുടർ നടപടികൾ.

സ്വപ്‌നയുമായി ശിവശങ്കറിനുണ്ടായിരുന്ന അടുപ്പം കള്ളക്കടത്തിനായി ഉപയോഗിച്ചോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വപ്നക്കും കൂട്ടുപ്രതികൾക്കും കള്ളക്കടത്ത് ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ശിവശങ്കർ ആവർത്തിച്ചത്. ഇക്കാര്യത്തിൽ മനഃപൂർവം മൗനം നടിച്ചതാണെങ്കിൽ ശിവശങ്കർ പ്രതിയായേക്കും.

നയതന്ത്ര ബാഗ് തടഞ്ഞുവെച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ഒന്നിനും അഞ്ചിനും ഇടയിലുള്ള തീയതികളിൽ ശിവശങ്കറിനെ കാണാൻ സ്വപ്ന സെക്രട്ടേറിയറ്റിൽ എത്തിയതായി കരുതുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന അധികാരം ഉപയോഗിച്ച് നയതന്ത്ര ബാഗ് സുരക്ഷിതമായി കിട്ടാനോ തിരിച്ചയപ്പിക്കാനോ ആയിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്. ബാഗിലുള്ളത് കള്ളക്കടത്ത് സ്വർണമെന്നറിഞ്ഞാണോ ശിവശങ്കർ ഇടപെട്ടതെന്നും അന്വേഷിക്കുന്നുണ്ട്. ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സ്വപ്‌ന കണക്ട് ചെയ്ത നന്പറിൽ നിന്നാണ് കസ്റ്റംസിനെ വിളിച്ചതെന്നാണ് ശിവശങ്കറിന്റെ മൊഴി.

---- facebook comment plugin here -----

Latest