Covid19
കൊവിഡ് പരിശോധനാ ഫലം വെറും 30 സെക്കന്റിൽ; ഇസ്‌റാഈൽ സംഘം ഇന്ത്യയിലെത്തി

ന്യൂഡൽഹി | കൊവിഡ് പരിശോധനാ ഫലം വെറും 30 സെക്കൻഡിനുള്ളിൽ ലഭ്യമാക്കുന്നതിനായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകളുടെ പരീക്ഷണങ്ങൾക്കായി ഇസ്റാഈൽ ഗവേഷക സംഘം ഇന്ത്യയിലെത്തി. ഇസ്‌റാഈൽ പ്രതിരോധ മന്ത്രാലയ സംഘവും ആർ അൻഡ് ഡി വിഭാഗവും പ്രത്യേക വിമാനത്തിലാണ് ഇവർ ഡൽഹിയിലെത്തിയത്.
രക്തപരിശോധനയിലൂടെ 30 സെക്കൻഡുകൾകൊണ്ട് ശരീരത്തിലെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്നതാണ് പരിശോധനാ കിറ്റുകൾ. സംയുക്തമായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകളുടെ ആദ്യഘട്ട പരീക്ഷണം ഇസ്റാഈലിൽ പൂർത്തിയായിരുന്നു. ഇസ്റാഈൽ സാങ്കേതികവിദ്യയും ഇന്ത്യൻ നിർമാണശേഷിയും കൂട്ടിച്ചേർത്ത് കൊവിഡിനെതിരെ മികച്ച പ്രതിരോധം തീർക്കുകയാണ് ലക്ഷ്യമെന്ന് ഇസ്റാഈൽ പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യക്ക് സഹായം നൽകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി ഇസ്റാഈൽ സ്ഥാനപതി റോൺ മൽക്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടായപ്പോൾ ഇന്ത്യ മരുന്നുകളും മാസ്‌കുകളും സുരക്ഷാ ഉപകരണങ്ങളും എത്തിച്ചിരുന്നു. ഇസ്റാഈൽ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയാണ് വൈറസ് പ്രതിരോധത്തിന് ഇന്ത്യയുമായി സഹകരിക്കുന്നത്.
ആഗോള പകർച്ചവ്യാധി വ്യാപനത്തിന് ശേഷം ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ മൂന്ന് പ്രാവശ്യം ഫോണിൽ സംസാരിച്ചിരുന്നു. വൈറസിനെതിരെ പോരാടാൻ പരസ്പര സഹായം വാഗ്ദാനം ചെയ്യുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സാങ്കേതിക-ശാസ്ത്ര ഗവേഷണത്തിന് പ്രതിജ്ഞാബന്ധരാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.