National
തൂത്തുക്കുടി കസ്റ്റഡി മരണം: ജയരാജിന്റെ മകൾക്ക് സർക്കാർ ജോലി, നിയമന ഉത്തരവ് കൈമാറി

ചെന്നൈ| ദക്ഷിണ തമിഴ്‌നാട്ടിലെ സതങ്കുളത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച ജയരാജിന്റെ മൂത്ത മകളായ പെർസിസിന് മുഖ്യമന്ത്രി കെ പളനിസ്വാമി സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. റവന്യൂവകുപ്പിൽ ജൂനിയർ അസിസ്റ്റന്റായാണ് നിയമനം. തന്റെ പിതാവിന്റെയും ഇളയ സഹോദരൻ ബെന്നിക്‌സിന്റെയും മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തിയതായും കൂടുംബത്തിന് നീതി ഉറപ്പ് നൽകിയതായും പെർസിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവത്തിൽ സി ബി ഐ അന്വേഷണം തുടരുകയാണ്. നീതി നടപ്പാക്കുമെന്നും തി ഉറപ്പാക്കുന്നതിന് സർക്കാർ ഞങ്ങൾക്കൊപ്പം നിൽക്കുമെന്നും വിശ്വസിക്കുന്നു. അവർ പറഞ്ഞു. നേരത്തേ കുടുംബത്തിന് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നൽകിയിരുന്നു.
അനുവദനീയമായ സമയപരിധിക്കപ്പുറം കടകൾ തുറന്ന് ഉത്തരവുകൾ ലംഘിച്ചെന്നാരോപിച്ചാണ് തൂത്തുക്കുടി ജില്ലയിലെ ജയരാജിനെയും മകൻ ബെന്നിക്‌സിനെയും ജൂൺ 19ന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. സ്‌റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിനിരയായ ഇരുവരും പിന്നീട് ആശുപത്രിരിയിൽ വെച്ച് മരിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയർന്നു.മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് കേസ് ഏറ്റെടുത്തു. സി ബി സി ഐ ഡി നടത്തിയ അന്വേഷണത്തിൽ പത്ത് പോലീസ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ സി ബി ഐക്കാണ് അന്വേഷണചുമതല.