മര്‍ഹൂം ടി ടി അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍

അനുസ്മരണം
Posted on: July 27, 2020 11:32 am | Last updated: July 27, 2020 at 1:21 pm

വേങ്ങര അല്‍ ഇഹ്‌സാന്‍ സ്ഥാപനങ്ങളുടെ ശില്‍പിയും സമുന്നത പണ്ഡിതനുമായിരുന്ന വന്ദ്യ ഗുരു മര്‍ഹൂം ടി ടി ഉസ്താദ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 15 വര്‍ഷങ്ങള്‍ പിന്നിട്ടു. ദര്‍സ്, മഹല്ല് സമുദ്ധാരണം, ശിഷ്യ സമ്പാദനം, സമന്വയ വിദ്യാഭ്യാസ വിപ്ലവം തുടങ്ങി ഒരു പണ്ഡിതന് എത്തിപ്പിടിക്കാവുന്ന ഏതാണ്ടെല്ലാ മേഖലയും എത്തിപ്പിടിച്ചാണ് മഹാന്‍ വിടപറഞ്ഞത്. നന്ദി ദാറുസ്സലാം, ഓമശ്ശേരി, താത്തൂര്‍. കക്കാട്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ നാട് ഭരിച്ച് കൊണ്ട് ദര്‍സ് നടത്തി. ജോലിക്ക് വേണ്ടി ജോലി എന്ന നിലക്ക് ഒരിടത്തും ദര്‍സ് നടത്തിയിട്ടില്ല. ചെന്ന് ചേരുന്ന ഇടം പരിവര്‍ത്തിപ്പിക്കാന്‍ വേണ്ടി മാത്രം. വിദ്യാര്‍ഥികളെ കൈപിടിച്ച് ഉയര്‍ത്തുന്നതില്‍ ഉസ്താദ് സദാ ശ്രദ്ധാലു ആയിരുന്നു.

കണ്ണിയത്തുസ്താദിനെ പോലുള്ള മഹത്തുക്കളുടെ അരികിലേക്ക് ഉപരിപഠനത്തിന് പോകുന്നതിന് മുന്നോടിയായി ദുആ ചെയ്യിപ്പിക്കാന്‍ ഉസ്താദ് ശിഷ്യന്മാരെ കൊണ്ടുപോകുമായിരുന്നു. ഈ യാത്രക്കുള്ള ചെലവുകളൊന്നും വിദ്യാര്‍ഥികള്‍ എടുക്കാന്‍ പാടില്ല. എല്ലാം ഉസ്താദു വക തന്നെ. പോക്കറ്റില്‍ നിന്ന് പണം ചെലവാക്കി ദരിദ്ര വിദ്യാര്‍ഥികളെ ദത്തെടുത്തിട്ടെന്ന പോലെ പരിരക്ഷിക്കുന്നതിനാല്‍ പല കുട്ടികള്‍ക്കും ഉസ്താദ് പിതാവായിരുന്നു.

ബുദ്ധി കുറഞ്ഞു പോയി എന്നതിനാല്‍, ദരിദ്രനായി പോയി എന്നതിനാല്‍ ഒരൊറ്റ വിദ്യാര്‍ഥിക്കും സ്ഥാനമിടിവ് തോന്നിയില്ല. ബുദ്ധിയുള്ളവര്‍ക്ക് നല്‍കിയതിനപ്പുറം ബുദ്ധി കുറഞ്ഞവര്‍ക്ക് നല്‍കി എന്ന് പറയുന്നതാവും ശരി. അതുകൊണ്ട് തന്നെ ബുദ്ധി കുറഞ്ഞവര്‍ക്കും മറ്റുള്ളവരെ പോലെ തന്നെ ദര്‍സ് വിട്ടു പോവാന്‍ തോന്നുമായിരുന്നില്ല. എത്ര തന്നെ ബുദ്ധി കുറഞ്ഞവരായാലും അഞ്ചാറ് വര്‍ഷം ഒപ്പം നിര്‍ത്തി ഒരു സ്ഥാനത്തെത്തിക്കുന്നതിന് മഹാന്‍ യത്‌നിച്ചു. അതിനു ശേഷവും പിന്മാറാതെ കരുത്ത് പകര്‍ന്ന് കൊണ്ടിരുന്നു. വിവാഹം കഴിപ്പിച്ചും വീട് വെപ്പിച്ചും ജോലി തരപ്പെടുത്തി കൊടുത്തും കട ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടുത്തിയും ശിഷ്യരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയല്ല; നെഞ്ചിനുള്ളിലാക്കി ഈ സ്‌നേഹ സമുദ്രം.

ഇരു ഹറമുകളിലെയും ദുആഇന് ഇജാബത്തുള്ള ഇടങ്ങളോട് ചോദിച്ചാലറിയാം ടി ടി ഉസ്താദ് ഏതെല്ലാം നാമങ്ങളും ആവലാതികളുമാണ് അവിടങ്ങളില്‍ ഇറക്കി വെച്ചത് എന്ന്. 1966 മുതല്‍ 2005 കൂടിയ കാലയളവിലെ രാത്രിയുടെ അന്ത്യയാമങ്ങളോട് ചോദിച്ചാലറിയാം ടി ടി ഉസ്താദ് ആര്‍ക്കെല്ലാം വേണ്ടി കണ്ണീരൊഴുക്കി എന്ന്. വിദ്യാര്‍ഥികളുടെ പ്രയാസങ്ങളെ ദുആ കൊണ്ട് തല്ലിയുടക്കുന്നത് ഗൈബത്തിലുള്ള പ്രാര്‍ഥനയെ ഉപയോഗിച്ചു കൊണ്ടായിരിക്കും. ഒരു പക്ഷേ, പ്രയാസപ്പെടുന്ന വിദ്യാര്‍ഥി അറിയുന്നു പോലുമുണ്ടാകില്ല ഈ കേണപക്ഷേ.

ആ ജീവിതത്തിന്റെ ഒരു ചിത്രം സ്മരണികയില്‍ നിന്ന് ഇങ്ങനെ വായിക്കാം.

‘മൂന്ന് മണിയുടെയും നാല് മണിയുടെയും ഇടയില്‍ പതിവായി എഴുന്നേറ്റ് തഹജ്ജുദ് നിസ്‌കരിച്ച് സുബ്ഹ് വരെ ദിക്‌റിലും ദുആഇലും മുഴുകും. സുബ്ഹ് നിസ്‌കാരത്തില്‍ നിത്യവും രണ്ട് ജുസ്അ’ ഖുര്‍ആന്‍ ഓതും. റുകൂഉം സുജൂദും വളരെ ദീര്‍ഘിപ്പിച്ചിരുന്നു. 15 ദിവസം കൊണ്ട് നിസ്‌കാരത്തില്‍ ഒരു ഖത്മ് രാവിലെ നിസ്‌കാരവും ദുആഉം കഴിഞ്ഞ ശേഷമേ സംസാരിച്ചിരുന്നുള്ളൂ. ആ സമയത്ത് റൂമിലേക്ക് ആരെങ്കിലും കടന്നു ചെല്ലുന്നത് ഇഷ്ടമായിരുന്നില്ല. എട്ടു മണിക്കുള്ള പ്രത്യേക നിസ്‌കാരവും ളുഹാ നിസ്‌കാരവും കഴിഞ്ഞ ശേഷമായിരുന്നു എഴുന്നേല്‍ക്കാറുള്ളത്. തസ്ബീഹ് നിസ്‌കാരം പതിവാക്കിയിരുന്നു. നിത്യവും എല്ലാ മഹാത്മാക്കളുടെ പേരിലും ഫാതിഹ ഓതുമായിരുന്നു. അതുപോലെ എല്ലാ വെള്ളിയാഴ്ച്ച രാവിലും ജുമുഅ സൂറത്തും മുനാഫിഖൂന സൂറത്തും പതിവായി ഓതുമായിരുന്നു. പെരുന്നാള്‍ ദിവസത്തിന്റെ രാവ് മുഴുവന്‍ ഇബാദത്തിലായിരുന്നു. മാത്രമല്ല, പെരുന്നാള്‍ നിസ്‌കാരത്തിന്റെ സമയം വരെ ആരോടും സംസാരിച്ചിരുന്നില്ല. സദാ വുളൂഅ’ നിലനിര്‍ത്തിയിരുന്നു. ഖിബ്‌ലക്ക് നേരെ കാല്‍ നീട്ടുന്നതോ തുപ്പുന്നതോ ഇഷ്ടമായിരുന്നില്ല.

10 വയസ്സ് മുതല്‍ കുട്ടികളെ കൊണ്ട് നോമ്പ് നോല്‍പ്പിക്കും. റമസാനിന് ശേഷമുള്ള ആറ് നോമ്പ് ഒഴിവാക്കിയതായി ഓര്‍മ്മയില്ല. എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടായാല്‍ ദുആഉല്‍ കര്‍ബ് ചൊല്ലാന്‍ പറയും. കൈ നിറയെ പണക്കെട്ടും പത്താഴം നിറയെ നെല്ലും ഒരു ജവാന്റെ ആരോഗ്യവുമുള്ള ശരീരവും ലഭിച്ച ഒരാള്‍ ഈ വിധം ഔറാദുകളുടെ അടിമയായതെങ്ങനെ? വിസ്മയത്തിന്‍ മേല്‍ വിസ്മയം.

മത ഭൗതിക സമന്വയ വിദ്യാഭാസം ഉസ്താദിന്റെ അജണ്ടയിലെ മുഖ്യ ഇനമായിരുന്നു. മുസ്ലിയാര്‍ പണക്കാരന്റെ മുമ്പില്‍ ചെറുതാവാന്‍ പാടില്ല എന്ന് വിശ്വസിച്ചിരുന്ന പോലെ മുസ്ലിയാര്‍ ഭൗതിക ജ്ഞാനികളുടെ മുമ്പിലും ചെറുതാവാന്‍ പാടില്ല എന്നത് അവിടുത്തെ നയമായിരുന്നു. ഇതിന് മുസ്ലിയാര്‍ തന്നെ ഭൗതിക ശാസ്ത്ര സാങ്കേതിക വിദ്യയെ പിടിയിലൊതുക്കണം. ഈ ഉദ്ദേശ സാഫല്യത്തിലേക്കുള്ള പുറപ്പാടായിരുന്നു അല്‍ ഇഹ്സാന്‍. അല്‍ഹംദുലില്ലാഹ്, ഉസ്താദത്തിന്റെ ആശ പൂവണിയുന്നു.പേരും പെരുമയും തലയെടുപ്പുമായിരുന്നു അന്ന് പലരുടെയും രോഗം. പക്ഷേ ടി ടി ഉസ്താദിന് ഈ തലവേദന വന്നില്ല. നിറകുടം തുളുമ്പില്ലല്ലോ.

സുന്നത്ത് ജമാഅത്തിന്റെ വിശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ഈ തേരാളി സാമ്പത്തികമായോ സാംസ്‌കാരികമായോ സുന്നത്ത് ജമാഅത്തിന് പേരുദോഷം വരുത്താതെ ജീവിച്ചു കാണിച്ചു. അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ 15 പിന്നിടുമ്പോഴും ആ നാമം കേരളത്തിന് കുളിര് തരുന്നു. 28 തവണ ഹജ്ജിനു പോയതില്‍ കപ്പല്‍ യാത്രകള്‍ ഒട്ടേറെ ഉണ്ട്. ചിലത് മാസങ്ങള്‍ നീളുന്നത്. അവിടുന്ന് ചെലവിട്ട 28 ഹജ്ജ് യാത്രകളെയും നിരവധി ഉംറ യാത്രകളെയും കൂട്ടി നോക്കിയാല്‍ ആയുസ്സിന്റെ എത്ര ഭാഗം ഹറമിലുണ്ടായിരുന്നു എന്ന കണക്ക് ലഭിക്കും. ഈ സംഖ്യ സാധാരണ ഒരു മലയാളിക്ക് ലഭിക്കുക അത്യപൂര്‍വം.