Connect with us

Kerala

കോട്ടയത്ത് കൊവിഡ് രോഗിയുടെ മൃതദേഹം അടക്കം ചെയ്യുന്നത് തടഞ്ഞു; പ്രതിഷേധം

Published

|

Last Updated

കോട്ടയം | കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നടത്താന്‍ അനുവദിക്കാതെ പ്രതിഷേധം. ഞായറാഴ്ച രാവിലെ മരിച്ച ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹം നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതാണ് ബിജെപി കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. ശ്മശാനത്തിന്റെ കവാടം പ്രതിഷേധക്കാർ അടച്ചു. ഇതേതുടർന്ന് സംസ്കാരം മാറ്റി.

ജനവാസമേഖലയിലെ ശ്മശാനത്തില്‍ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മരിച്ച ഔസേപ്പ് ജോര്‍ജ് സ്ഥിരം പോയിരുന്ന പള്ളിയും ശ്മശാനവും ഉണ്ടായിട്ടും നഗരസഭാ ശ്മശാനത്തില്‍ അടക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്.

പ്രതിഷേധം നടക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുമായി ബിജെപി കൗണ്‍സിലര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ ഒരു മൃതദേഹം അര്‍ധരാത്രിക്ക് ശേഷം നഗരസഭാ ശ്മശാനത്തില്‍ അടക്കം ചെയ്യാന്‍ അനുവദിക്കണമെന്നും മറ്റു മൃതദേഹങ്ങള്‍ ഇവിടെക്ക് കൊണ്ടുവരില്ലെന്നും ചര്‍ച്ചയില്‍ എംഎല്‍എ അറിയിച്ചുവെങ്കിലും ഇത് അംഗീകരിക്കാന്‍ സമരക്കാർ തയ്യാറല്ല. തീരുമാനം കൗണ്‍സിലര്‍ പ്രതിഷേധക്കാരെ അറിയിച്ചുവെങ്കിലും ഒരു നിലക്കും സംസ്‌കാരം അനുവദിക്കില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. തുടർന്ന് കലക്ടർ ഇടപെട്ട് നടത്തിയ ചർച്ചയിലും പ്രതിഷേധക്കാർ നിലപാടിൽ ഉറച്ചതോടെയാണ് സംസ്കാരം മാറ്റാൻ തീരുമാനിച്ചത്.

ഗര്‍ഭിണികളും പ്രായമായവരും കുട്ടികളും ഉള്ള പ്രദേശമാണ് മുട്ടമ്പലമെന്നും കൊവിഡ് രോഗിയുടെ മൃതദേഹം ഇവിടെ അടക്കം ചെയ്യുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് അമ്പതില്‍ അധികം പേരാണ് പ്രതിഷേധിക്കുന്നത്.

Latest