International
ഒളിവിലായിരുന്ന ചൈനീസ് ഗവേഷകയെ കസ്റ്റഡിയിലെടുത്തതായി യുഎസ്

വാഷിംഗ്ൺ| വിസാ തട്ടിപ്പ് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി സാൻ ഫ്രാൻസിസ്‌കോയിലെ ചൈനീസ് എംബസിയിൽ ഒളിവിലായിരുന്ന ഗവേഷകയെ കസ്റ്റഡിയിലെടുത്തതായി യു എസ് ഭരണകൂടം. താംഗ് ജുവാൻ എന്ന ബയോളജിസ്റ്റിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഈ മാസം 27ന് ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് യു എസ് നീതിന്യായവകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കയിൽ ജോലി ചെയ്യാൻ വിസക്ക് അപേക്ഷിച്ചപ്പോൾ ചൈനീസ് സൈന്യവുമായുള്ള ബന്ധം മറച്ചുവെച്ചെന്നാണ് ജുവാനെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ ബീജിംഗ് അവരുടെ നയതന്ത്ര സംവിധാനത്തെ യു എസ് സർവകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും ബൗദ്ധിക സ്വത്ത് മോഷണം നടത്താനായി ദുരുപയോഗം ചെയ്യുകയാണെന്നും യു എസ് കുറ്റപ്പെടുത്തി.
വാഷിംഗ്ടണും ബീജിംഗും തമ്മിൽ സംഘർഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം സംഭവവികാസങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഹൂസ്റ്റണിലെ നയതന്ത്രകാര്യാലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യു എസ് സർക്കാർ അന്ത്യശാസനം നൽകിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഇതിനു പകരമായി ചൈന അമേരിക്കയോട് അവരുടെ ചെൻഗ്ഡുവിലെ നയതന്ത്ര കാര്യാലയം അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.