Connect with us

International

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹവൂര്‍ റാണയുടെ ജാമ്യപേക്ഷ യു എസ് കോടതി തള്ളി

Published

|

Last Updated

വാഷിംഗ്ടണ്‍| 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹവൂര്‍ റാണയുടെ ജാമ്യാപേക്ഷ യു എസ് കോടതി തള്ളി. പാകിസ്ഥാന്‍ പൗരനായ കനേഡിയന്‍ ബിസിനസ്‌കാരനായ തഹവൂര്‍ റാണയെ മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

റാണയുടെ 1.5 മില്യണിന്റെ ജാമ്യാപേക്ഷയാണ് യു എസ് കോടതി തള്ളിയത്. ആറ് അമേരിക്കന്‍ പൗരന്‍മാരുള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകാരക്രമണത്തിന്റെ സൂത്രധാരനായ റാണ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ സുഹൃത്താണ്. ഇന്ത്യയുടെ ആവശ്യപ്രകാരം ജൂണ്‍ പത്തിന് ലോസ് ആഞ്ചല്‍സില്‍ വെച്ച് യു എസ് സര്‍ക്കാര്‍ റാണയെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.

ജാമ്യം നല്‍കിയാല്‍ ഒളിച്ചോടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യു എസ് ജില്ലാ ജഡ്ജി ജ്വാകലീന്‍ ചൂല്‍ജിയാന്‍ 24 പേജ് അടങ്ങിയ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിച്ചാല്‍ റാണ കാനഡിയിലേക്ക് പറക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ഇന്ത്യയില്‍ വധശിക്ഷ ലഭിക്കാനുള്ള സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാനാകുമെന്നും യു എസ് കോടതി പറഞ്ഞു.

റാണക്ക് ജാമ്യം നല്‍കിയാല്‍ അത് ഇന്ത്യയുമായുള്ള ബന്ധം വഷളാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest