ഐ പി എൽ. സെപ്തംബർ 19 മുതൽ നവംബർ എട്ട് വരെ യു എ ഇയിൽ

Posted on: July 24, 2020 1:59 pm | Last updated: July 24, 2020 at 10:56 pm

ന്യൂഡൽഹി| ഈ വർഷത്തെ ഐ പി എൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) സെപ്തംബർ 19ന് യു എ ഇയിൽ ആരംഭിക്കുമെന്ന് ഐ പി എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ. അടുത്ത ആഴ്ച ചേരുന്ന ഐ പി എൽ ഗവേർണിംഗ് കൗൺസിൽ യോഗമാവും മത്സരക്രമവും തീയതികളും സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. 51 ദിവസത്തെ ടൂർണമെന്റിൽ 60 മത്സരങ്ങളാകും ഉണ്ടാകുക. ഒരുക്കങ്ങൾക്കായി ടീമുകൾ ആഗസ്റ്റ് 20ന് യു എ ഇയിലേക്ക് പോകുമെന്നാണ് വിവരം. നവംബർ എട്ടിനാണ് ഫൈനൽ.

സെപ്റ്റംബർ 26ന് ഐ പി എൽ തുടങ്ങുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. എന്നാൽ ഡിസംബറിൽ ആസ്ത്രേലിയൻ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന് മതിയായ വിശ്രമം അനുവദിക്കാനായി ടൂർണമെന്റ് ഒരാഴ്ച നേരത്തേയാക്കാൻ ബി സി സി ഐ തീരുമാനിക്കുകയായിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എന്തൊക്കെ മുൻകരുതലുകളോടെയാണ് ടൂർണമെന്റ് നടത്തേണ്ടതെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ഇക്കാര്യത്തിൽ ഔദ്യോഗികമായി യു എ ഇ ക്രിക്കറ്റ് ബോർഡിന് കത്ത് നൽകുമെന്നും പട്ടേൽ അറിയിച്ചു. ടൂർണമെന്റ് നടത്തിപ്പിന്റെ വിശദാംശങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തയ്യാറാകും. മത്സരങ്ങൾക്ക് ആരാധകരെ അനുവദിക്കുമോ എന്ന കാര്യം യു എ ഇ സർക്കാറാണ് തീരുമാനിക്കേണ്ടത്. അന്തിമ തീരുമാനം യു എ ഇ സർക്കാരിന്റേതായിരിക്കും – പട്ടേൽ വിശദീകരിച്ചു.

ദുബൈ രാജ്യാന്തര സ്റ്റേഡിയം, ഷെയ്ഖ് സയിദ് സ്റ്റേഡിയം (അബൂദബി), ഷാർജ സ്റ്റേഡിയം എന്നിവയാണ് ഐ പി എല്ലിന് വേദിയാകുക. ഐ സി സി അക്കാദമിയുടെ മൈതാനങ്ങൾ പരിശീലന ആവശ്യങ്ങൾക്കായി വിട്ടുനൽകുന്ന കാര്യവും ബി സി സി ഐ പരിഗണിക്കുന്നുണ്ട്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് മാർച്ച് 29ന് ആരംഭിക്കേണ്ട ഐ പി എൽ ആദ്യം ഏപ്രിൽ 15വരെ നീട്ടിവെച്ചത്.  പിന്നീട് ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബർ-നവംബർ മാസങ്ങളിലായി      ആസ്ത്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഐ സി സി തീരുമാനം വൈകിയതും ബി സി സി ഐ തീരുമാനം നീളാൻ കാരണമായി.

നേരത്തെ ഇന്ത്യയിൽ തന്നെ ഒന്നോ രണ്ടോ വേദികളിൽ മാത്രമായി ഐ പി എൽ നടത്തുന്ന കാര്യം ബി സി സി ഐ പരിഗണിച്ചിരുന്നു. അഹമ്മദാബാദും ധരംശാലയുമായിരുന്നു  വേദികളായി പരിഗണിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത ഇല്ലാത്ത പശ്ചാത്തലത്തിലാണ് യു എ ഇക്ക് വീണ്ടും വേദിയാകുന്നത്.