Connect with us

Editorial

പ്രളയഫണ്ട് വെട്ടിപ്പുകാര്‍ മാപ്പര്‍ഹിക്കുന്നില്ല

Published

|

Last Updated

ദുരിതാശ്വാസ ഫണ്ടുകളില്‍ തിരിമറി നടത്തുന്നവരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിപ്രായപ്പെട്ടത്. 2018ലെ പ്രളയകാലത്ത് എറണാകുളം ജില്ലയിലെ പ്രളയഫണ്ടില്‍ വെട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ കലക്ടറേറ്റ് മുന്‍ ജീവനക്കാരന്‍ വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. പരിമിതമായ ഫണ്ടുപയോഗിച്ചാണ് സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. സ്‌കൂള്‍ കുട്ടികളടക്കം സംഭാവന നല്‍കിയിട്ടുണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. ഇത്തരമൊരു ഫണ്ട് തട്ടിയെടുക്കുന്നവര്‍ ഒട്ടും ദയ അര്‍ഹിക്കുന്നില്ല. അവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഉണര്‍ത്തിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
പ്രളയഫണ്ട് തട്ടിപ്പില്‍ വിഷ്ണു പ്രസാദിന്റെ പേരില്‍ രണ്ട് കേസുണ്ട്. ഫണ്ടില്‍ നിന്ന് 27,73,000 രൂപ സി പി എം പ്രാദേശിക നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം തട്ടിയെടുത്തെന്നതായിരുന്നു ആദ്യത്തെ കേസ്. ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ താമസം നേരിട്ടതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

പ്രതികള്‍ 92 ദിവസം ജയിലില്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ അവര്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ ജാമ്യം. അതിനിടെയാണ് കലക്ടറേറ്റിലെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 73,13,000 രൂപ കാണാനില്ലെന്ന എ ഡി എമ്മിന്റെ പരാതി ഉയര്‍ന്നത്. സംശയം തോന്നി പോലീസ് വിഷ്ണുവിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തപ്പോള്‍ ഈ തട്ടിപ്പിലും അവര്‍ക്കു പങ്കുണ്ടെന്ന് കണ്ടെത്തി വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിലാണ് കോടതി ബുധനാഴ്ച ജാമ്യം നിഷേധിച്ചത്.
എറണാംകുളം കലക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്തിരുന്നത് വിഷ്ണു പ്രസാദായിരുന്നു. പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് വന്ന ഒന്നേകാല്‍ കോടി രൂപയില്‍ 48 ലക്ഷം രൂപ സി എം ഡി ആര്‍ എഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ബാക്കി 73 ലക്ഷം സര്‍ക്കാറിലേക്ക് അടക്കാതെ സ്വന്തമാക്കുകയും ചെയ്തുവെന്നാണ് ഒരു കേസ്. മറ്റു ഉദ്യോഗസ്ഥരുടെയും പാര്‍ട്ടി പ്രാദേശിക നേതാക്കളുടെയും ഒത്താശയോടെ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ട് പ്രതി. മൊത്തം ഒരു കോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ കൗഷിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ ബോധ്യമായത്. പണം വിഷ്ണു അയ്യനാട് സഹകരണ ബേങ്കിലേക്ക് അയക്കുകയും തട്ടിപ്പ് സംഘത്തിലെ കൂട്ടാളികള്‍ അത് കൈപറ്റുകയുമായിരുന്നു. വ്യാജ രസീതുകള്‍ ഉപയോഗിച്ചാണ് സംഘം പണം തട്ടിയത്. കലക്ടറേറ്റില്‍ ക്രൈം ബ്രാഞ്ച് സഹായത്തോടെ നടന്ന പരിശോധനയില്‍ 287 വ്യാജ രസീതുകള്‍ കണ്ടെടുത്തിരുന്നു.

കേസിലെ മറ്റൊരു പ്രതിയും സി പി എം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന അന്‍വറിന്റെ അക്കൗണ്ടിലേക്ക് അയ്യനാട് സഹകരണ ബേങ്കില്‍ വന്ന 10.54 ലക്ഷം രൂപയാണ് തട്ടിപ്പിനെക്കുറിച്ച് വിവരം പുറത്തുവരാന്‍ ഇടയാക്കിയത്. പ്രളയത്തില്‍ വീട് പൂര്‍ണമായും തകരുകയും സര്‍വതും നഷ്ടപ്പെടുകയും ചെയ്തവര്‍ക്കു പോലും സര്‍ക്കാര്‍ നിശ്ചയിച്ച പരമാവധി ധനസഹായം നാല് ലക്ഷം രൂപയാണെന്നിരിക്കെ പ്രളയം ബാധിക്കാത്ത അന്‍വറിന്റെ അക്കൗണ്ടിലേക്ക് എങ്ങനെ ഇത്രയുമധികം ദുരിതാശ്വാസ സഹായമെത്തിയെന്ന് ബേങ്ക് മാനേജര്‍ക്ക് സംശയം തോന്നിയതോടെയാണ് ഇതിന്റെ ചുരുളഴിയുന്നത്. തന്റെ സംശയം ബേങ്ക് മാനേജര്‍ ജില്ലാ കലക്ടറെ അറിയിക്കുകയും തുടര്‍ന്ന് കലക്ടര്‍ അന്വേഷണം നടത്തുകയുമായിരുന്നു. വിഷ്ണു പ്രസാദായിരുന്നു അന്‍വറിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. ഇതില്‍ നിന്ന് അഞ്ച് ലക്ഷം അന്‍വര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഫണ്ട് തട്ടിപ്പ് വിവരം പുറത്തുവന്നതിനു പിന്നാലെ കലക്ടറേറ്റില്‍ ഇതുമായി ബന്ധപ്പെട്ട പല രേഖകളും കാണാതായത് സംഭവത്തില്‍ പ്രമുഖ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നതിലേക്ക് സൂചന നല്‍കുന്നു. സ്‌റ്റോക് രജിസ്റ്റര്‍, ക്യാഷ് രജിസ്റ്റര്‍, ചെക്ക് ഇഷ്യൂ രജിസ്റ്റര്‍, സെക്യൂരിറ്റി രജിസ്റ്റര്‍, അലോട്ട്‌മെന്റ് രജിസ്റ്റര്‍ തുടങ്ങിയ രേഖകളാണ് കാണാതായത്. ക്രൈം ബ്രാഞ്ചും വകുപ്പുതല പ്രത്യേക അന്വേഷണ സംഘവും രണ്ട് ദിവസം പരിശോധിച്ചിട്ടും ഈ രേഖകള്‍ കണ്ടെത്താനായില്ല. പ്രളയഫണ്ട് തട്ടിപ്പില്‍ പങ്കുള്ള മറ്റു കലക്ടറേറ്റ് ജീവനക്കാരാണ് രേഖകള്‍ മുക്കിയതെന്നാണ് കരുതപ്പെടുന്നത്. ഓഫീസിലെ ഒരു ജീവനക്കാരന്‍ മാത്രം വിചാരിച്ചാല്‍ ഒരു കോടിയിലധികം തുകയുടെ സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുക്കാന്‍ കഴിയില്ലെന്ന് ഇതേക്കുറിച്ച് കമ്മീഷന്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

കേരളത്തെ ഒന്നാകെ വിഴുങ്ങിയ 2018ലെ മഹാപ്രളയത്തില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചത്. നൂറുകണക്കിനു വീടുകള്‍ പൂര്‍ണമായും ആയിരക്കണക്കിനു വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൃഷിഭൂമി കുത്തിയൊലിച്ചു പോയി വരുമാന മാര്‍ഗങ്ങള്‍ തകര്‍ന്നവരും നിരവധി. പ്രളയക്കെടുതിയുടെ ഭീകരതയും വൈപുല്യവും കണ്ടറിഞ്ഞാണ് പാവപ്പെട്ടവരും സ്‌കൂള്‍ വിദ്യാര്‍ഥികളുമടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സംഭാവന നല്‍കിയത്. കേരളം ഇന്നും ഈ പ്രളയക്കെടുതികളെ അതിജീവിച്ചിട്ടില്ല. സഹായ ധനത്തിനായി കാത്തിരിക്കുന്ന അനേകര്‍ ഇപ്പോഴുമുണ്ട്.

അതിനിടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വന്ന പണത്തില്‍ നിന്ന് ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്ന് കോടികള്‍ കൊള്ളയടിച്ചത് ഒരിക്കലും മാപ്പര്‍ഹിക്കാത്ത ശിക്ഷയാണ്. കോടതി അഭിപ്രായപ്പെട്ടതു പോലെ, പാവപ്പെട്ടവന്റെ കഞ്ഞിക്കലത്തില്‍ കൈയിട്ടു വാരുന്ന ഇത്തരം ദുഷ്ടരെ ഉരുക്കുമുഷ്ടി കൊണ്ടാണ് കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ തട്ടിപ്പുകാരും വെട്ടിപ്പുകാരും ഭരണ കക്ഷിയുടെ ആളുകളാകുമ്പോള്‍ നിയമത്തിന്റെ കരങ്ങള്‍ക്ക് ബലം കുറയുന്നതായാണ് അനുഭവം. ഏത് കക്ഷി ഭരണത്തിലിരുന്ന കാലത്തും ഇതാണ് അവസ്ഥ. പ്രതികള്‍ക്ക് ലഭിക്കുന്ന കക്ഷി രാഷ്ട്രീയ പിന്തുണയാണ് ഇതുപോലുള്ള വെട്ടിപ്പുകള്‍ നിര്‍ബാധം തുടരുന്നതിനു പിന്നില്‍.

Latest