International
തിരിച്ചടിച്ച് ചൈന; ചെംഗ്ഡുവിലെ യു എസ് കോൺസുലേറ്റ് അടക്കാൻ ഉത്തരവ്

ബീജിംഗ്| ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള ചൈനീസ് കോൺസുലേറ്റ് 72 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടാൻ നിർദേശിച്ച ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുമായി ചൈന. തെക്കുപടിഞ്ഞാറൻ ചൈനീസ് പ്രവിശ്യയായ ചെംഗ്ഡുവിലുള്ള യു എസ് കോൺസുലേറ്റ് എത്രയും പെട്ടെന്ന് അടച്ചൂപൂട്ടാൻ അമേരിക്കയോട് ഉത്തരവിട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
തുല്യവും പരസ്പര പൂരകവുമായ നടപടിയെന്നാണ് ചൈനയിലെ വിശകലന വിദഗ്ധർ ഈ നടപടിയെ വിശേഷിപ്പിച്ചത്. ചെംഗ്ഡുവിലെ യു എസ് കോൺസുലേറ്റ് ജനറലിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്ന് ചൈനയിലെ യു എസ് എംബസിയോട് ആവശ്യപ്പെട്ടു, ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനുള്ള ഉത്തരവാദി യു എസ് ആണ്. അമേരിക്കയുടെ തെറ്റായ തീരുമാനം ഉടൻ പിൻവലിക്കാനും ഉഭയകക്ഷി ബന്ധത്തിലുണ്ടായ വിള്ളലുകൾ നികത്തി ആവശ്യമായ തുടർ നടപടികൾ കൈക്കൊള്ളണമെന്നും അഭ്യർഥിക്കുന്നു. മന്ത്രാലയം വ്യക്തമാക്കി.
ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടക്കാനുള്ള മുന്നറിയിപ്പ് ചൈനക്ക് നൽകിയതിന് പിന്നാലെ കോൺസുലേറ്റിനെതിരെ ഗുരുതരാരോപണവുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണം അപകീർത്തികരമായ അപവാദമാണെന്ന് പറഞ്ഞ് ചൈനീസ് മന്ത്രാലയം നിരസിക്കുകയായിരുന്നു.
ഹൂസ്റ്റൺ കോൺസുലേറ്റ് അടച്ചുപൂട്ടുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പാലം തകർക്കുന്നതിന് തുല്യമാണെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ ചൈന സ്വഭാവത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ കൂടുതൽ അടച്ചുപൂട്ടലുകൾ വേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം, യു എസിന് ബീജിംഗിൽ എംബസിയും ഷാംഗ്ഹായ്, ഗ്വാംഗ്ഷൂ, ചെംഗ്ഡു, ഷെൻയാംഗ്, വുഹാൻ, ചൈനീസ് പ്രദേശമായ ഹോങ്കോംഗ് എന്നിവിടങ്ങളിൽ കോൺസുലേറ്റുകളുമുണ്ട്.