Covid19
ലോകത്തെ കൊവിഡ് കേസ് ഒന്നരക്കോടിക്ക് മുകളില്‍; പൊലിഞ്ഞത് ആറര ലക്ഷം ജീവനുകള്‍

ന്യൂഡല്‍ഹി | കൊവിഡിന്റെ പിടിയില്‍ നിന്നും മോചനമില്ലാതെ ലോകം. ഇതിനകം വൈറസ് ബാധിച്ചവരുടെ എണ്ണം 15,641,091ഉം മരണം ആറര ലക്ഷവത്തിന് മുകളിലുമെത്തി. കൃത്യമായി പറഞ്ഞാല്‍ 635,633 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 9,530,008 പേര്‍ ഇതിനകം രോഗ മുക്തരായെന്നത് ആശ്വാസകരമാണ്. ലോകത്ത് ആകെ 5,475,450 കൊവിഡ് രോഗികളാണുള്ളത്. കൊവിഡ് ബാധിച്ച 213 രാജ്യങ്ങളിലായി 5,475,450 പേര്‍ (ഒരു ശതമാനം) ഗുരുതരാവസ്ഥയിലാണ്.
അമേരിക്കയെയാണ് കൊവിഡ് ഏറ്റവും മോശമായി ബാധിച്ചത്. അമേരിക്കയില്‍ ഇന്നലെ മാത്രം 68,303 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,117 മരണങ്ങളും വ്യാഴാഴ്ച സംഭവിച്ചു. യു എസിലെ ആകെ രോഗികളുടെ എണ്ണം 4,169,178 ആയി ഉയര്‍ന്നു.
രോഗബാധ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം അരക്കോടി കടക്കുമെന്നാണ് യു എസ് ഭയക്കുന്നത്. ഇതുവരെ 147,300 പേര്‍ മരിച്ചു. അമേരിക്കക്കു തൊട്ടുപിന്നില്‍ ബ്രസീലും ഇന്ത്യയുമാണ്. ബ്രസീലില്‍ 58,080 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇന്ത്യയിലിത് 48,446 ആണ്.