Connect with us

National

കർണാടകയിൽ കൊവിഡ് രോഗി മരിച്ചു; ക്ഷുഭിതരായ കുടുംബാംഗങ്ങൾ ആംബുലൻസ് കത്തിച്ചു

Published

|

Last Updated

ബംഗളൂരു| കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾ ആംബുലൻസ് കത്തിച്ചു. കർണാടകയിലെ ബെലഗാവിയിൽ ആണ് സംഭവം. കുടുംബാംഗങ്ങൾ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ഒരു ഡോക്ടറെ ആക്രമിച്ചുവെന്നും ആരോപണമുണ്ട്. ആംബുലൻസ് കത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ആംബുലൻസ് കത്തി പുക ഉയരുകയും അഗ്നിശമനസേനാംഗങ്ങൾ തീ അണക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. രോഗിയുടെ മരണത്തിൽ ക്ഷുഭിതരായ കുടുംബാംഗങ്ങൾ നഗരത്തിലെ ബിംസ് ആശുപത്രിക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. പ്രദേശത്തെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് രോഗി മരിച്ചത്. ഇയാൾക്ക് മറ്റ് പല രോഗങ്ങളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. പൊലീസ് കമ്മീഷണർ ത്യാഗരാജൻ ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി.

അതേസമയം, കർണാടകയിൽ ഇന്നലെമാത്രം 4764 പുതിയ കൊവിഡ് കേസുകളും 55 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ കർണാടകയിൽ ആകെ കേസുകളുടെ എണ്ണം 75,833 ആയി. മൊത്തം 1519 പേർ മരിച്ചതായും റിപ്പോർട്ട് ചെയ്തു.

Latest