National
കൊവിഡ് വ്യാപനം; ഐടി, ബിപിഒ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി ഡിസംബർ 31 വരെ നീട്ടി

ന്യൂഡൽഹി| കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഐടി,ബിപിഒ കമ്പനികളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഡിസംബർ 31 വരെ നീട്ടി. നേരത്തേ ജൂലൈ 31 വരെയാണ് ജീവനക്കാർക്ക് വർക്കം ഫ്രം ഹോം സൗകര്യം അനുവദിച്ചിരുന്നത്. ടെലിംകോം മന്ത്രാലയമാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് ഐടി, ബിപിഒ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി നീട്ടാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് തീരുമാനിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ടോടെ സർക്കാർ തീരുമാനത്തിന് അനുമതി നൽകുകയായിരുന്നു.
നിലവിൽ രാജ്യത്തെ ഐടി ജീവനക്കാരിൽ 85 ശതമാനം പേരും വീട്ടിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. പ്രധാന തസ്തികകളിലെ ജീവനക്കാർ മാത്രമാണ് ഓഫീസിൽ എത്തുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ മാസമാണ് ഐടി, ബിപിഒ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ച് സർക്കാർ ഉത്തരവിട്ടത്. ഏപ്രിൽ 30 വരെയായിരുന്നു കാലാവധി. എന്നാൽ പിന്നീട് രോഗവ്യാപനം രൂക്ഷമായതോടെ ജൂലൈ 31 വരെ നീട്ടുകയായിരുന്നു. എന്നാൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കാലാവധി നീട്ടികൊണ്ടുള്ള സർക്കാർ ഉത്തരവ്.