Connect with us

National

മാധ്യമപ്രവർത്തകനെ വെടിവെച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

Published

|

Last Updated

ലക്നോ| ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. വിക്രം ജോഷി എന്ന മാധ്യമപ്രവർത്തകനാണ് വെടിയേറ്റത്. ഗാസിയാബാദിലെ വിജയ് നഗറിലാണ് സംഭവം. സഹോദരിയുടെ വീട്ടിൽ നിന്ന് പെൺമക്കൾക്കൊപ്പം ബൈക്കിൽ മടങ്ങിവരുമ്പോഴാണ് ജോഷിയെ അക്രമികൾ സംഘം ചേർന്ന് മർദിച്ചതും വെടിവെച്ചതുമെന്ന് സഹോദരൻ വെളിപ്പെടുത്തി. തലക്ക് വെടിയേറ്റ വിക്രം ജോഷിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വാഹനം തടഞ്ഞുനിർത്തിയാണ് അക്രമിസംഘം ആക്രമിച്ചതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനം വീണ ഉടനെ പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു. വെടിവെക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമല്ല. അതേസമയം കാറിന്റെ നേരെ മാധ്യമപ്രവർത്തകനെ വലിച്ചിഴക്കുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിന് ശേഷം അക്രമി സംഘം ഉടൻ തന്നെ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഓടിയെത്തിയ പെൺമക്കൾ അച്ഛന്റെ ജീവൻ രക്ഷിക്കാൻ സഹായത്തിനായി അലമുറയിട്ട് കരയുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. ദിവസങ്ങൾക്ക് മുമ്പ് ബന്ധുവിനെ ഉപദ്രവിച്ചതിന് വിക്രം ജോഷി പോലീസിൽ പരാതി നൽകിയിരുന്നു. അതിലുള്ള വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest