Connect with us

National

സച്ചിന്‍ പൈലറ്റിന്റെ നീക്കവും ഫാറൂഖ് അബ്ദുല്ലയുടെ മോചനവും തമ്മില്‍ ബന്ധമുണ്ടെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി; നിയമ നടപടിയുമായി ഉമര്‍ അബ്ദുല്ല

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായ സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തിന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയുടെയും ഉമര്‍ അബ്ദുല്ലയുടെയും മോചനവുമായി ബന്ധമുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗല്‍. അതേസമയം, തങ്ങളെ വെറുതെ വലിച്ചിഴക്കരുതെന്നും ഭാഗലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉമര്‍ അബ്ദുല്ല ഭീഷണിപ്പെടുത്തി. എന്നാല്‍, പറഞ്ഞത് പിന്‍വലിക്കില്ലെന്നും ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നും ഭാഗല്‍ വ്യക്തമാക്കി.

തങ്ങളുടെ മോചനവുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിലെ രാഷ്ട്രീയ നീക്കമെന്ന ആരോപണം വ്യാജവും തെറ്റുമാണെന്ന് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. ജനാധിപത്യത്തിന്റെ ദാരുണാന്ത്യത്തെ അവസരമാക്കരുതെന്നായിരുന്നു ഭൂപലിന്റെ മറുപടി ട്വീറ്റ്.

ഉമര്‍ അബ്ദുല്ലയുടെ സഹോദരിയാണ് സച്ചിന്‍ പൈലറ്റിന്റെ ഭാര്യ സാറ. കഴിഞ്ഞ ആഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല അടക്കമുള്ള നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കിയത്. ഇവര്‍ക്കെതിരെ പിന്നീട് പി എസ് എ ചുമത്തിയിരുന്നു. എന്നാല്‍, ഈ വര്‍ഷം ആദ്യത്തില്‍ ഇരുവരെയും മോചിപ്പിച്ചു. അതേസമയം, മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇപ്പോഴും കരുതല്‍ തടങ്കലിലാണ്.

Latest