Connect with us

Covid19

തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും ആശങ്ക; ഇന്ന് 92 പേര്‍ക്ക് രോഗം

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാന നഗരിക്ക് പിന്നാലെ കോഴിക്കോടും രോഗവ്യാപനം വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ ജില്ല കോഴിക്കോടാണ്. തിരുവനന്തപുരമാണ് മുന്നില്‍. തിരുവനന്തപുരത്ത് 182 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കം വഴി 41 പേര്‍ക്കും കോഴിക്കോട്ട് രോഗമുണ്ടായി.

കോഴിക്കോട് വിദേശത്ത് നിന്ന് എത്തിയ 30 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേര്‍ക്കും കൊവിഡ് പോസിറ്റീവായി. ഉറവിടം വ്യക്തമല്ലാത്ത നാല് പോസിറ്റീവ് കേസുകളുമുണ്ട്. നാല് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

435 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 85 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 121 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 222 പേര്‍ കോഴിക്കോട് എന്‍ ഐ ടി എഫ് എല്‍ ടിയിലും നാല് പേര്‍ കണ്ണൂരിലും ഒരാള്‍ മലപ്പുറത്തും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശി, ഒരു മലപ്പുറം സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ എഫ് എല്‍ ടി സിയിലും ഒരു തൃശൂര്‍ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ കൂടുതല്‍ വില്യാപ്പള്ളിയിലും കോഴിക്കോട് കോര്‍പറേഷനിലുമാണ്. വില്യാപ്പള്ളിയില്‍ 12ഉം കോഴിക്കോട് കോര്‍പ്പറേഷനില്‍ 11ഉം നാദാപുരത്ത് ആറും വടകര മുനിസിപ്പാലിറ്റിയിലും പുതുപ്പാടിയിലും മൂന്ന് വീതവും മണിയൂരില്‍ രണ്ടും ചങ്ങരോത്ത്, ചെക്യാട്, തൂണേരി, ഏറാമല എന്നിവിടങ്ങളില്‍ ഒന്നുവീതവും പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
വളയം, പെരുമണ്ണ, വടകര മുനിസിപ്പാലിറ്റി, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ഒന്നുവീതം പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

Latest