Connect with us

Kozhikode

എഫ് സി ഐയിൽ നിന്ന് അരി കൈപ്പറ്റി സേവാഭാരതി

Published

|

Last Updated

കോഴിക്കോട് | കൊവിഡ് കാലത്ത് ജീവകാരുണ്യ പ്രവർത്തനത്തിനായി സന്നദ്ധ സംഘടനകൾക്ക് നൽകാൻ കേന്ദ്രസർക്കാർ നിർദേശിച്ച ഭക്ഷ്യധാന്യം കേരളത്തിൽ കൈപ്പറ്റിയത് ആർ എസ് എസ് സേവന വിഭാഗമായ സേവാഭാരതി.  ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യം എത്തിക്കാൻ സന്നദ്ധ സംഘടനകൾ (എൻ ജി ഒ)ക്ക് നൽകണമെന്ന നീതി ആയോഗിന്റെ നിർദേശം അനുസരിച്ചാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ് സി ഐ) യിൽ നിന്ന് സേവാ ഭാരതി കുറഞ്ഞ വിലക്ക് അരി കൈപ്പറ്റിയത്. രജിസ്റ്റർ ചെയ്ത എൻ ജി ഒകൾക്ക് ഒരു ടൺ ഭക്ഷ്യധാന്യം നിശ്ചിത വിലയിൽ നൽകാനായിരുന്നു നീതി ആയോഗ് നിർദേശം. ഇതനുസരിച്ച് കേരളത്തിൽ അരി വിതരണം നടത്തിയതായി സേവാഭാരതിയുടെ തൃശൂർ ആസ്ഥാനം സ്ഥിരീകരിച്ചു.

സർക്കാറിനെ പിന്തുണച്ച് നീതി ആയോഗിന്റെ എൻ ജി ഒ ദർപ്പണിൽ രജിസ്റ്റർ ചെയ്ത സംഘടനകൾക്ക് നീതി ആയോഗ് സി ഇ ഒ കത്തയച്ചിരുന്നു. ദുർബല വിഭാഗങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിക്കൽ, ബോധവത്കരണ പരിപാടികൾ, കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങി നിരവധി സർക്കാർ പദ്ധതികളിലേക്കാണ് ഈ പിന്തുണ ആവശ്യപ്പെട്ടിരുന്നത്. സേവാഭാരതിയുമായി ബന്ധപ്പെട്ട സംഘടനകളാണ് ഇങ്ങനെ രജിസ്റ്റർ ചെയ്തവയിൽ ഏറെയും.

ഏപ്രിൽ 11ന് എൻ ജി ഒകൾക്ക് ഭക്ഷ്യധാന്യ വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ സർക്കുലർ ഇറക്കി. രാജ്യത്തെ അസാധാരണ സന്ദർഭം കണക്കിലെടുത്ത് എഫ് സി ഐ പട്ടികയിൽ ഉൾപ്പെടുത്തൽ, രജിസ്റ്റർ ചെയ്യൽ, ഓൺലൈൻ ലേലം എന്നീ നടപടികളൊന്നും കൂടാതെ എൻ ജി ഒകൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാൻ തീരുമാനിച്ചു എന്നാണ് ഈ സർക്കുലറിൽ പറഞ്ഞത്. സാധാരണയായി പൊതു വിപണിയിലെ മില്ലുകൾക്ക് ഭക്ഷ്യധാന്യം നൽകുന്നതിന് എഫ് സി ഐ പിൻതുടരുന്ന ടെൻഡർ രീതിയുണ്ട്. ഈ രീതി ഉപേക്ഷിച്ച് എൻ ജി ഒകൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യ ധാന്യം നൽകിയത് ഈ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ്.

രാജ്യവ്യാപകമായി സേവാഭാരിതിയിൽ രജിസ്റ്റർ ചെയ്ത 736 ഓളം സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. സേവാഭാരതിക്ക് കേരളത്തിൽ 550 യൂനിറ്റുകളാണുള്ളത്. ആർ എസ് എസ് സ്വയം സേവകർ പങ്കാളികളായി എല്ലാ പഞ്ചായത്തിലും പ്രവർത്തനങ്ങളും ഉണ്ട്.
കേരളത്തിൽ 1,415 ഓളം എൻ ജി ഒകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നീതി ആയോഗിന്റെ എൻ ജി ഒ ദർപ്പണിൽ അധികമാരും രജിസ്റ്റർ ചെയ്തിരുന്നില്ല.
കൊവിഡ് കാലത്ത് ജീവകാരുണ്യ പ്രവർത്തനത്തിന് കേന്ദ്ര സർക്കാറിൽ നിന്ന് സംഘ്പരിവാർ സംഘടനകൾ വൻതോതിൽ ഫണ്ട് കൈപ്പറ്റിയതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ജീവകാരുണ്യ പ്രവർത്തനത്തിന് സേവാഭാരതിക്ക് കേരളത്തിൽ ഫണ്ട് ഒന്നും ലഭിച്ചിട്ടില്ലെന്നും എൻ ജി ഒ എന്ന നിലയിൽ എഫ് സി ഐയിൽ നിന്ന് ലഭ്യമായ അരി വിതരണം ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

എഫ് സി ഐയിൽ നിന്ന് കൈപ്പറ്റിയ ഭക്ഷ്യധാന്യം ആർ എസ് എസ് സ്വന്തം പേരിൽ വിതരണം ചെയ്തതായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സമാജ് വാദി പാർട്ടി പ്രസിഡന്റും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇത് ദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.
ബി ജെ പി സർക്കാറുകൾ രാഷ്ട്രീയം കളിക്കുകയാണെന്നും സംസ്ഥാനത്തെ ആർ എസ് എസ് സംഭരണശാലകൾ നിറച്ചതായും കമ്മ്യൂണിറ്റി കിച്ചണുകൾ അവർ നിയന്ത്രിക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.
ഇത്തരം ഭക്ഷ്യ ധാന്യങ്ങൾ ബി ജെ പി കുടുംബങ്ങൾക്ക് മാത്രമായി വിതരണം നടത്തുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്