Kerala
സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് ചെന്നിത്തല

തിരുവനന്തപുരം | സ്വർണക്കടത്ത് കേസ് പ്രതികളെ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ഓഫീസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി ചോദ്യം ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വന്തം ഓഫീസ് പോലും നേരേ ചൊവ്വേ നടത്താൻ സാധിക്കാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നാല് വർഷമായി ശിവശങ്കറും രണ്ട് വർഷമായി ഐ ടി ഫെല്ലോ ആയിരുന്ന അരുൺ ബാലചന്ദ്രനും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. ഒന്നും അറിയില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണെന്നും ധാർമിക ഉത്തരവാദിത്തത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാനാകില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഈ സർക്കാർ നിയമിച്ച കൺസൾട്ടൻസികളെ കുറിച്ച് പരിശോധിച്ചാൽ അഴിമതികൾ പുറത്താകും. ഉപ്പു തിന്നവർ വെള്ളം കുടിക്കണമെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഉപ്പ് തിന്ന എല്ലാവരും വെള്ളം കുടിക്കുന്നില്ല. എന്നാൽ ഉപ്പ് തിന്നാത്തവരെ വെള്ളം കുടിപ്പിക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഇത് ശരിയായ നടപടിയല്ല. ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്നും ചെന്നിത്തല ആരോപിച്ചു.
പിണറായി ശക്തനായ മുഖ്യമന്ത്രിയാണ്, കഴിവുള്ള ഭരണാധികാരിയാണ് എന്ന രീതിയിൽ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്. സ്വന്തം ഓഫീസു പോലും നേരേ ചൊവ്വേ നടത്തിക്കൊണ്ട് പോകാൻ കഴിവില്ലാത്ത ആളാണെന്ന് അദ്ദേഹം തന്നെ തെളിയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. അങ്ങനെ നഷ്ടപ്പെടാൻ ഈ സർക്കാരിന് പ്രതിച്ഛായ ഇല്ല. പി ആർ ഏജൻസികൾ മാധ്യമത്തിൽ എഴുതിയാൽ പ്രതിച്ഛായ ഉണ്ടാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.