Kerala
മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ടു; തടയാനെത്തിയ മകനെ കൊലപ്പെടുത്തി

ബാലുശ്ശേരി | മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട ഗൃഹനാഥന്‍ തടയാനെത്തിയ മകനെ കൊലപ്പെടുത്തി. ബാലുശ്ശേരി കിനാലൂരില്‍ അരയിടത്ത് വയല്‍ വേണുവിന്റെ മകന്‍ അലന്‍ വേണു (17) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11:30 ഓടെയാണ് മദ്യപിച്ച് വീട്ടില്‍ എത്തിയ വേണു ഭാര്യയുമായി വഴക്കിട്ടത്. ഈ സമയത്ത് മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന അലന്‍ എഴുന്നേറ്റെത്തി പിതാവിനെ തടഞ്ഞു. മല്‍പ്പിടിത്തത്തിനിടയില്‍ അലനെ വേണു പിടിച്ചു തള്ളി. കട്ടിലില്‍ തലയടിച്ചു വീണ അലന് ഗുരുതരമായി പരുക്കേറ്റു. ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ അലനെ ബാലുശ്ശേരി സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് മൊടക്കല്ലൂര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ബാലുശ്ശേരി പോലീസ് വേണുവിനെ അറസ്റ്റു ചെയ്തു. ഇയാളെ താമരശ്ശേരി കൊവിഡ് ഡിറ്റക്ഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പ്രതിക്കെതിരെ സെക്ഷന്‍ 302 വകുപ്പു പ്രകാരം കൊലപാതകത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. ബാലുശ്ശേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് അലന്‍. മാതാവ്: മിനി. സഹോദരങ്ങള്‍: അനു വേണു, അലീന.