Kerala
സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരിദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ്

കൊച്ചി | തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരിദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടീസ്. ഫൈസലാണ് യുഎഇയിലെ സ്വര്‍ണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ഇയാളെ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യുഎഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്ത് നല്‍കി. ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയതായാണ് വിവരം.
അതിനിടെ ഇന്നലെ ഫൈസലിന്റെ തൃശ്ശൂരിലെ വീട്ടില്‍ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ മൂന്ന് ബേങ്ക് പാസ് ബുക്കുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു. ഈ ബേങ്കുകളില്‍ ഇന്ന് പരിശോധന നടത്തും.
അതേ സമയം കോഴിക്കോട്ടെ ഹെസ ജ്വല്ലറി ഉടമയെ ഇന്ന് ചോദ്യം ചെയ്യും. ഹെസയില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഈ സ്വര്‍ണത്തിന് രേഖകളില്ല. ഇവര്‍ക്ക് കള്ളക്കടത്ത് സ്വര്‍ണം നല്‍കിയെന്ന് കേസില്‍ പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു.