Connect with us

Covid19

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 237 സമ്പര്‍ക്ക കേസുകള്‍; നിയന്ത്രണം കര്‍ശനമാക്കും

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി അതീഗ ഗുരുതരമാകുന്നു. സമ്പര്‍ക്ക രോഗികളുടെ എണ്ണം ജില്ലയില്‍ കുതിച്ചുയരുന്നത് സമൂഹ വ്യാപനത്തിന്റെ സൂചനയാണ് നല്‍കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രോഗം സഥിരീകരിച്ച 246 പേരില്‍ 237 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ സാമൂഹ്യ വ്യാപനം സംഭവിച്ചതായാണ് വിലയിരുത്തലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹിക വ്യാപനം സംഭവിച്ചതായി സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ജില്ലയിലെ തീരമേഖലകളിലാണ് രോഗം വന്‍തോതില്‍ വ്യാപിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കരശനമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്തെ കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 97 പരിശോധിച്ചതില്‍ 51 പേര്‍ പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 26 എണ്ണം പോസിറ്റീവാണ്. പുതുക്കുറിശ്ശിയില്‍ 75ല്‍ 20 പേര്‍ക്കും അഞ്ചുതെങ്ങില്‍ 83 സാംപിളുകള്‍ പരിശോധിച്ചതില്‍ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുത്തെ തീരമേലേയില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പെടുത്തിയേക്കും. തീരമേഖലയെ മൂന്ന് സോണുകളായി തിരിച്ചാകും നിയന്ത്രണം. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയാണ് ഒന്നാം സോണ്‍. പെരുമാതുറ – വിഴിഞ്ഞം രണ്ടാം സോണും വിഴിഞ്ഞം മുതല്‍ ഊഴമ്പ് വരെ മൂന്നാം സോണുമായിരിക്കും. കഠിനംകുളത്തും ചിറയിന്‍കീഴിലും എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാണ്.

തീരമേഖലയില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയം തുറക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

Latest