National
തീരുമാനം മാറ്റി രാജസ്ഥാനിലെ ട്രൈബല്‍ പാര്‍ട്ടി; ഗെഹ്ലോട്ടിനൊപ്പം ഉറച്ച് നില്‍ക്കും

ജയ്പുര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അശോക് ഗെഹ് ലോട്ട് സര്‍ക്കാറിനെ വിശ്വാസ വോട്ടെടുപ്പ് ഉണ്ടായാല്‍ എതിര്‍ക്കുമെന്ന് നേരത്തെ പറഞ്ഞ ബി ടി പി (ഭാരതീയ ട്രൈബല്‍ പാര്‍ട്ടി) തീരുമാനം മാറ്റി. സര്‍ക്കാറിന്റെ ഭാഗമായിരുന്ന ബി ടി പി നേരത്തെ സച്ചിന്‍ പൈലറ്റിന് പിന്തുണ അറിയിച്ചിരുന്നു. എം എല്‍ എമാരോട് വിശ്വസ വോട്ടെടുപ്പ് ഉണ്ടായാല്‍ സര്‍ക്കാറിനെ എതിര്‍ക്കണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശവും നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.
ബി ടി പിയുടെ എം എല്‍ എമാര്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മഹേഷ് വാസവ പറഞ്ഞു. രണ്ട് എം എല്‍ എമാരാണ് ബി ടി പിക്കുള്ളത്. കൂടാതെ സച്ചിനൊപ്പമുള്ള കൂടുതല്‍ എം എല്‍ എമാരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. സര്‍ക്കാറിന് ഭീഷണിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.