ഹജ്ജ് 2020: സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: July 15, 2020 10:42 pm | Last updated: July 15, 2020 at 10:42 pm

മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മക്കയില്‍ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. അല്ലാഹുവിന്റെ അതിഥികളായി എത്തുന്നവരെ സ്വീകരിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ ഒരുക്കിയ തയ്യാറെടുപ്പുകളും തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഹജ്ജിന്റെ പുണ്യ കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെ സുരക്ഷാ ഒരുക്കങ്ങളും മക്കയില്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ ചര്‍ച്ച ചെയ്തു.

മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബന്ദന്‍, ഹജ്ജ് സുരക്ഷാ സമിതി മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഖാലിദ് ബിന്‍ ഖരാര്‍ അല്‍ ഹര്‍ബി, പൊതു സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ആഗോള വ്യാപകമായി പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്നാണ് ഈ വര്‍ഷം വിദേശ തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അനുമതി നല്‍കാതിരുന്നത്. ആഭ്യന്തര തീര്‍ഥാടകരില്‍ ഈ വര്‍ഷം പതിനായിരം പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കിയത്. രാജ്യത്തെ വിദേശികളുടെ രജിസ്‌ട്രേഷന്‍ ഇതിനകം പൂര്‍ത്തിയായി.

ആരോഗ്യ കാര്യങ്ങള്‍ പരമാവധി ശ്രദ്ധിച്ചും മുന്‍കരുതലുകള്‍ പാലിച്ചുമായിരിക്കും ഈ വര്‍ഷത്തെ ഹജ്ജിന്റെ ചടങ്ങുകള്‍ നടക്കുക. ആരോഗ്യ സുരക്ഷയും സമൂഹിക അകലവും ഉറപ്പു വരുത്തിയാണ് എല്ലാ കര്‍മങ്ങളും.