കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്‌കാര ചടങ്ങുകൾ രഹസ്യമായി നടത്താൻ ചൈന സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ട്‌

Posted on: July 14, 2020 1:46 pm | Last updated: July 14, 2020 at 1:46 pm

വാഷിംഗ്ടൺ|  ഇന്ത്യ-ചൈനാ സംഘർഷത്തിൽ ഗാൽവാനിൽ കൊല്ലപ്പെട്ട 20 ചൈനീസ് സൈനികരുടെ ശവസംസ്‌കാര ചടങ്ങുകൾ രഹസ്യമായി നടത്താൻ കുടുംബാംഗങ്ങളിൽ ചൈനീസ് സർക്കാർ സമ്മർദ്ദം ചെലുത്തുന്നതായി യു എസ് രഹസ്യാന്വേഷണ വിഭാഗം. ഗാൽവാനിൽ ചൈനക്ക് സംഭവിച്ച നഷ്ടങ്ങൾ മറച്ചുവെക്കാനാണ് ചൈന ശ്രമിക്കുന്നതെന്നാണ് യു എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.

ജൂൺ 15 നാണ് ഗാൽവാനിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യൂ വരിച്ചതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28ന് തന്നെ മൻകി ബാത്തിലൂടെ സൈനികർക്കും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും എത്ര സൈനികർ കൊല്ലപ്പെട്ടു എന്നതിൽ ചൈന ഇതുവരെ ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല.

എന്നാൽ, കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളോട് ചൈനീസ് സർക്കാർ വളരെ മോശമായ രീതിയിൽ പെരുമാറിയെന്നും യ എസ് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല കൊല്ലപ്പെട്ട സൈനികരുടെ സംസ്‌കാരം രഹസ്യമായി നടത്താൻ സർക്കാർ വിസമ്മതിക്കുയാണെന്നും റിപ്പോർട്ടുകളുണ്ട്. സൈനയുടെ ഭാഗത്തുണ്ടായ നാശനനഷ്ടങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറല്ലാത്തതാണ് ഇതുനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഇരുഭാഗത്തും ആൾനാശം ഉണ്ടായതായി ഇന്ത്യ അറിയിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഏകദേശം 35 ചൈനീസ് സൈനികര കൊല്ലപ്പെട്ടതായാണ് രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുനനത്.

പരമ്പരാഗത ചടങ്ങുകൾ ഉപേക്ഷിച്ച് സൈനികരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കണമെന്നും ശേഷം ചടങ്ങുകൾ എല്ലാം രഹസ്യമായി നടത്തണമെന്നും ചൈനീസ് സിവിൽ അഫയേഴ്‌സ് മന്ത്രാലയം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ കൊവിഡ് പഞ്ചാത്തലത്തിലാണ് കുടുംബാംഗങ്ങൾക്ക് ഇത്തരമൊരു നിർദേശം നൽകിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.