Connect with us

Articles

ഉത്തര്‍പ്രദേശിലെ ക്രിമിനല്‍വത്കരണം

Published

|

Last Updated

പോലീസുമായുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ രാജ്യത്ത് ദിനംപ്രതി വര്‍ധിക്കുകയാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് പേരുകേട്ട സംസ്ഥാനം ഇപ്പോള്‍ ഉത്തര്‍പ്രദേശാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ദിനംപ്രതിയെന്നോണം ഇവിടെ നടന്നുവരികയാണ്. ബി ജെ പി സര്‍ക്കാര്‍ യു പിയില്‍ അധികാരത്തില്‍ വന്നതിനു ശേഷം ആഗ്ര മേഖലയില്‍ മാത്രം ഇത്തരത്തിലുള്ള 241 ഏറ്റുമുട്ടലുകളാണ് നടന്നത്. ഔദ്യോഗിക കണക്കനുസരിച്ച് തന്നെ 123 പേര്‍ ഈ മേഖലയില്‍ മാത്രം കൊല്ലപ്പെട്ടിട്ടുമുണ്ട്. യു പിയിലെ കാണ്‍പൂരില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഗുണ്ടാ തലവന്‍ വികാസ് ദുബെ കഴിഞ്ഞ ദിവസമാണ് പോലീസുമായുള്ള സംഘര്‍ഷത്തില്‍ മരണപ്പെട്ടെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കാണ്‍പൂരിലേക്കുള്ള യാത്രക്കിടെ വാഹനം മറിഞ്ഞെന്നും തോക്ക് തട്ടിയെടുത്ത് പോലീസിന് നേരേ വെടിയുതിര്‍ത്ത ദുബെയെ ഏറ്റുമുട്ടലില്‍ വധിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം. എന്തായാലും ദുബെയെ വെടിവെച്ചു കൊന്നതിനു ശേഷം അത് ഏറ്റുമുട്ടലായി പോലീസ് ചിത്രീകരിക്കുകയാണെന്ന് എല്ലാ പ്രതിപക്ഷ കക്ഷികളും പത്രമാധ്യമങ്ങളും ഇതിനകം ശക്തമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അറസ്റ്റിലായ വികാസ് ദുബെയെ മധ്യപ്രദേശ് പോലീസ് യു പി പോലീസിന്റെ പ്രത്യേക സംഘത്തിനു കൈമാറുകയാണ് ചെയ്തത്. മടക്ക യാത്രയില്‍ വാഹനവ്യൂഹം കാണ്‍പൂരിലേക്ക് കടക്കുന്നതിന് പിന്നാലെയാണ് ഇയാളെ കയറ്റിയിരുന്ന വാഹനം മറിഞ്ഞെന്ന പോലീസ് ഭാഷ്യം. അപകടത്തില്‍ പരുക്കേറ്റ പോലീസുകാരില്‍ ഒരാളുടെ തോക്ക് തട്ടിയെടുത്ത് പോലീസിനെ വെടിവെച്ച ദുബെ കീഴടങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ സ്വയരക്ഷക്കാണ് വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസുകാരന്റെ തോക്ക് തട്ടിപ്പറിച്ച് വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെയെ വെടിവെക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലായിരുന്നെന്ന് പോലീസ് അവരുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
എന്തായാലും ഗുണ്ടാ തലവനായ വികാസ് ദുബെ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതില്‍ ഏറെ ദുരൂഹതകളുണ്ട്. ഈ സംഭവം പോലീസ് വളരെ കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്ന ആരോപണവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്ന് മൂന്ന് കാറുകളിലാണ് ദുബെയും പോലീസും യു പിയിലേക്ക് യാത്രതിരിക്കുന്നത്. കാണ്‍പൂരിന് 30 കിലോമീറ്റര്‍ അകലെ വെച്ച് ദുബെ സഞ്ചരിച്ച കാര്‍ മറിഞ്ഞെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ പുലര്‍ച്ചെ നാലിന് ടോള്‍ബൂത്ത് കടന്നപ്പോള്‍ വികാസ് സഞ്ചരിച്ച കാറല്ല അപകടത്തില്‍ മറിഞ്ഞതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത സംശയം ഉയര്‍ത്തിയെങ്കിലും പോലീസ് ഒരു പ്രതികരണവും നടത്തിയിട്ടില്ല. മാത്രമല്ല സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് അപകട സ്ഥലത്തിന് രണ്ട് കിലോമീറ്റര്‍ അകലെ വെച്ച് മാധ്യമ വാഹനങ്ങളെ പോലീസ് ബോധപൂര്‍വം തടയുകയും ചെയ്തു.
കൊടും കുറ്റവാളിയായ ദുബെക്ക് കൈവിലങ്ങ് അണിയിച്ചിരുന്നില്ലേയെന്ന ചോദ്യവും ഉത്തരമില്ലാതെ നില്‍ക്കുകയാണ്. ദുബെക്ക് വധഭീഷണിയുണ്ടെന്നും അദ്ദേഹത്തിന് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം ഒരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദുബെയുടെ സംഘത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് അഭിഭാഷകനായ ഗണശ്യാം ഉപാധ്യായ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 മാര്‍ച്ച് മുതല്‍ 2019 ജൂണ്‍ 11 വരെ 77 ക്രിമിനലുകള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനിടയില്‍ ദുബെ കീഴടങ്ങാന്‍ പലതവണ പോലീസിനെ സന്നദ്ധത അറിയിച്ചിട്ടും അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ദുബെയുടെ കൂട്ടത്തിലുള്ള ക്രിമിനലുകളായ അഞ്ച് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ തന്നെ പോലീസ് ദുബെയെയും കൊലപ്പെടുത്തുമെന്ന സംശയം പലര്‍ക്കും ഉണ്ടായതാണ്. അതുകൊണ്ടായിരിക്കണം മുംബൈക്കാരനായ അഭിഭാഷകന്‍ ഉപാധ്യായ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. വികാസ് ദുബെയുടെ കൂട്ടാളികള്‍ കൊല്ലപ്പെട്ടതുപോലെ ഇയാളും കൊല്ലപ്പെടാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് ഈ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഇത് വിചാരണക്കെടുക്കുന്നതിനു മുമ്പ് തന്നെ വികാസ് ദുബെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു.
തനിക്ക് ദുബെയോട് ഒരു താത്പര്യവുമില്ലെന്ന് വ്യക്തമാക്കിയ അഭിഭാഷകന്‍, അജ്മല്‍ കസബിന് പോലും നീതിപൂര്‍വമായ വിചാരണ ലഭിച്ചത് ചൂണ്ടിക്കാട്ടി. ദുബെ ആരായാലും യു പി പോലീസ് നിയമം കൈയിലെടുത്ത് കൊലചെയ്യാന്‍ പാടില്ല. ദുബെയുടെ പ്രമാദമായ ഓരോ കേസിലും അയാള്‍ക്ക് ജാമ്യം കിട്ടാന്‍ കാരണം പോലീസ് അവരുടെ കടമ നിര്‍വഹിക്കാത്തതിനാലായിരുന്നുവെന്ന് ഹരജിക്കാരന്‍ ആരോപിച്ചിട്ടുണ്ട്.

വികാസ് ദുബെ എന്നും ഭരണക്കാരോടൊപ്പമായിരുന്നു. ബി എസ് പി അധികാരത്തിലിരുന്നപ്പോള്‍ ആ പാര്‍ട്ടിയിലും, സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ അതിലും, ഇപ്പോള്‍ അധികാരത്തിലുള്ള ബി ജെ പിയിലുമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. പ്രമുഖരായ രാഷ്ട്രീയ നേതാക്കളുമായി വലിയ ബന്ധങ്ങളാണ് ഈ ക്രിമിനലിനുണ്ടായിരുന്നത്. ബി ജെ പിയുടെ പ്രമുഖരായ രണ്ട് നേതാക്കളാണ് വികാസ് ദുബെയുടെ സംരക്ഷകരെന്നുള്ള വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസും ക്രിമിനലുകളും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ബന്ധങ്ങളും മാഫിയാ സംഘങ്ങളുടെ വന്‍ വളര്‍ച്ചയും യു പിയിലെ ക്രിമിനലുകള്‍ക്ക് വളരാനുള്ള നല്ല വളക്കൂറുള്ള മണ്ണാണ് അവിടെ ഉണ്ടാക്കിയിട്ടുള്ളത്. ക്രിമിനലുകളെ ഒരു ഘട്ടം വരെ മാത്രമേ പോലീസും രാഷ്ട്രീയ നേതൃത്വവും സംരക്ഷിക്കുകയുള്ളൂ. ഈ ക്രിമിനലുകള്‍ ഈ നിലയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് ദോഷമാണെന്ന് വന്നാല്‍ ഇവരെ ഇല്ലാതാക്കാന്‍ പോലീസും ക്രിമിനലുകളുടെ സംരക്ഷകരായ രാഷ്ട്രീയ നേതൃത്വവും തയ്യാറാകുന്നത് സ്വാഭാവികമാണ്. വികാസ് ദുബെയുടെ വധത്തിനും ഇതൊക്കെ തന്നെയാണ് കാരണം.
കൊലപാതകമടക്കം 60ലേറെ കേസുകളില്‍ പ്രതിയായ വ്യക്തി പിടിയിലായപ്പോള്‍ കൈവിലങ്ങ് അണിയിക്കാതിരുന്നത് എന്തിനു വേണ്ടിയായിരുന്നു? കാര്‍ മറിഞ്ഞപ്പോള്‍ ദുബെ പോലീസുകാരില്‍ നിന്ന് തോക്ക് തട്ടിപ്പറിച്ചുവെന്നും വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയെന്നുമുള്ള ഔദ്യോഗിക വിശദീകരണം തികച്ചും സംശയാസ്പദമാണ്. റോഡില്‍ പ്രത്യേക തടസ്സങ്ങളൊന്നുമില്ലാത്തിടത്താണ് അപകടം ഉണ്ടായത്. അരികിലൂടെ വിശാലമായ പാടത്തേക്ക് മറ്റൊരു റോഡ് ഉണ്ടായിരുന്നു. ദുബെ ഇതിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നുള്ള പോലീസ് ഭാഷ്യവും ഒരിക്കലും വിശ്വസനീയമല്ല.

യു പിയിലെ ഈ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ ഈ വ്യാജ ഏറ്റുമുട്ടലിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബി എസ് പി നേതാവ് മായാവതി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ ക്രിമിനല്‍വത്കരണം കഴിഞ്ഞ കുറേക്കാലമായി ദേശീയ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഭരണം സംസ്ഥാനത്തെ ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള എല്ലാ അവസരങ്ങളും അവിടെ ഉണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. കുറ്റവാളികള്‍ക്കെതിരായ അനേകം വേട്ടയാടലുകളും നഗ്നമായ കൊലപാതകങ്ങളും അവിടെ അനുസ്യൂതം നടക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ നേതൃത്വവുമായി വളരെ നല്ല ബന്ധം പുലര്‍ത്തിയിരുന്ന വികാസ് ദുബെയുടെ പേര് സംസ്ഥാനത്തെ ക്രിമിനലുകളുടെ സര്‍ക്കാര്‍ രേഖപ്പെടുത്തിയ ലിസ്റ്റില്‍ പോലുമുണ്ടായിരുന്നില്ല. വികാസ് ദുബെ ജീവിച്ചിരുന്നാല്‍ ക്രിമിനലുകളുമായുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ബന്ധങ്ങള്‍ നിശ്ചയമായും പുറത്തുവരുമെന്നുള്ളതുകൊണ്ടാണ് രാഷ്ട്രീയ നേതൃത്വവും പോലീസും ചേര്‍ന്ന് വ്യാജ സംഘട്ടനമുണ്ടാക്കി വികാസ് ദുബെയെ കൊലപ്പെടുത്തിയിരിക്കുന്നത്.
നമ്മുടെ രാജ്യത്ത് ക്രിമിനലുകളെ നേരിടാന്‍ ശക്തമായ നിയമമുണ്ട്. ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിയാണ് ഈ ക്രിമിനലുകളെ വിചാരണ ചെയ്ത് ശിക്ഷിക്കേണ്ടത്. ഈ കോടതികളുടെ ചുമതലയാണ് ഇപ്പോള്‍ യു പി പോലീസ് നേരിട്ട് ഏറ്റെടുത്തിരിക്കുന്നത്. തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ക്രിമിനലുകളെ വധിക്കുക എന്നുള്ളതാണ് യു പി പോലീസിന്റെ ഇപ്പോഴത്തെ പ്രഖ്യാപിത നിലപാട്. ഇത് രാജ്യത്തെ ഭരണഘടനയോടും നിയമങ്ങളോടും കോടതികളോടുമുള്ള നഗ്നമായ വെല്ലുവിളിയാണ്.

അഡ്വ. ജി സുഗുണന്‍

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest