കൂടുതല്‍ രോഗബാധ പാലക്കാട്ട്, കുറവ് കോഴിക്കോട്ട്; സമ്പര്‍ക്ക ബാധ കൂടുതല്‍ എറണാകുളത്തും കാസര്‍കോട്ടും

Posted on: July 12, 2020 6:13 pm | Last updated: July 12, 2020 at 8:45 pm

തിരുവനന്തപുരം | ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്- 19 സ്ഥിരീകരിച്ചത് പാലക്കാട്ട്. കുറവ് രോഗബാധ കോഴിക്കോട്ടാണ്. അതേസമയം, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് കൂടുതല്‍ എറണാകുളത്തും കാസര്‍കോട്ടുമാണ്.

പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കോഴിക്കോട് നാല് പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. രോഗം കൂടുതല്‍ സ്ഥിരീകരിച്ചതില്‍ രണ്ടാമത് ആലപ്പുഴ ജില്ലയാണ്. ആലപ്പുഴയില്‍ നിന്നുള്ള 57 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

എറണാകുളം, കാസര്‍കോട് ജില്ലകളിലെ 41 പേര്‍ക്ക് വീതം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം തിരുവനന്തപുരത്ത് 31 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും കോട്ടയം ജില്ലയിലെ ആറ് പേര്‍ക്കും കൊല്ലം ജില്ലയിലെ അഞ്ച് പേര്‍ക്കും തൃശൂര്‍ ജില്ലയിലെ നാല് പേര്‍ക്കും ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.