Connect with us

Articles

ഒളിച്ചുകടത്തലുകളുടെ കാലം

Published

|

Last Updated

ഭരണകൂടത്തെ അതിശക്തമാക്കുകയും പൗരനെ ദുര്‍ബലപ്പെടുത്തുകയും ചെയ്തതിന്റെ പേരിലാകും കൊവിഡ് കാലത്തെ രാഷ്ട്രീയം ഭാവിയില്‍ അടയാളപ്പെടുക. ഇന്ന് പൗരന്‍മാര്‍ ഇല്ല. മൂന്ന് കൂട്ടരേ മുന്നിലുള്ളു. രോഗികള്‍, രോഗികളാകാന്‍ സാധ്യതയുള്ളവര്‍, രോഗത്തെ പിടിച്ചുകെട്ടാന്‍ ഏല്‍പ്പിക്കപ്പെട്ടവര്‍. അതുകൊണ്ട് തന്നെ വ്യക്തിയെ പൗരനാക്കി മാറ്റുന്ന എല്ലാ അവകാശങ്ങളും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. ഭരണകൂടം അനുവദിക്കുന്ന ഇളവുകള്‍ക്കായി കാത്തിരിക്കാനാണ് പൗരന്‍മാരുടെ വിധി. തിടുക്കത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ ശരിയായ അഭിപ്രായസമന്വയം നടക്കാതെ പോകുന്നു. ഒറ്റയടിക്ക് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിനിടെ തെരുവില്‍ അലഞ്ഞ കുടിയേറ്റ തൊഴിലാളികള്‍ ഈ തിടുക്കത്തിന്റെ ഇരകളാണ്. പാര്‍ലിമെന്റുകള്‍ പോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഭരിക്കുന്നവര്‍ക്ക് വലിയ സൗകര്യമാണ് കൈവന്നിരിക്കുന്നത്.

എന്തുകൊണ്ട് മതിയായ തയ്യാറെടുപ്പുകള്‍ നടത്തിയില്ലെന്ന ചോദ്യം രോഗഭീതിയുടെ കൊടുംചൂടില്‍ ആവിയായിപ്പോകും. രോഗ വ്യാപനത്തില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയെടുക്കുന്ന മഹാദൗത്യത്തില്‍ ഏര്‍പ്പെട്ട ഭരണകൂടത്തെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്കാകില്ല. അതുകൊണ്ട് എന്ത് തീരുമാനവും ഭരിക്കുന്നവര്‍ക്ക് കൈക്കൊള്ളാം. കത്തിയും കഴുത്തും ഭരണകൂടത്തെ ഏല്‍പ്പിച്ചിരിക്കുന്നു. അറുക്കാം, വളര്‍ത്താം. ആധുനിക ദേശ രാഷ്ട്രങ്ങള്‍ക്ക് ഇത്രമാത്രം അധികാരം കൈവന്ന കാലമില്ല. ഈ കാലം ഭരിക്കുന്നവര്‍ക്ക് ആസ്വാദ്യകരമാണ്. തിരുവായ്ക്ക് എതിരില്ലാത്തതാണല്ലോ ഏത് ഭരണാധികാരിയുടെയും സ്വപ്നം. ന്യൂസിലാന്‍ഡിലെ ജസീന്ത ആര്‍ഡനെപ്പോലുള്ളവര്‍ ഈ അവസരം ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരെ പങ്കെടുപ്പിച്ചും ഉപയോഗിച്ചു. എന്നാല്‍, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രസിഡന്റ്‌ജെയര്‍ ബോള്‍സനാരോ തുടങ്ങിയവര്‍ ഈ സാഹചര്യത്തെ അവരവരുടെ തീവ്രവലതുപക്ഷ രാഷ്ട്രീയ മുന്‍ഗണനകള്‍ നടപ്പാക്കാനുള്ള സുവര്‍ണാവസരമാക്കി. ഇന്ത്യയിലെ മോദി സര്‍ക്കാറും രണ്ടാം ഗണത്തിലാണ് വരുന്നത്. പൗരന്‍മാര്‍ക്ക് മേല്‍ നിരീക്ഷണം ശക്തമാക്കിയും ഭാവിയില്‍ എക്കാലവും പ്രയോഗിക്കാവുന്ന മാരക ഓര്‍ഡിനന്‍സുകള്‍ പടച്ചുണ്ടാക്കിയുമാണ് ഈ അസാധാരണ ഘട്ടത്തെ ഇക്കൂട്ടര്‍ ആഘോഷിക്കുന്നത്. അവരുടെ ദീര്‍ഘകാല രാഷ്ട്രീയ യുക്തികള്‍ എളുപ്പം നടപ്പാക്കാനുള്ള നല്ല സമയമായി കൊവിഡ് കാലത്തെ കണക്കാക്കുന്നു.

കുടിയേറ്റ വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും ട്രംപിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രമാണ്. വിദ്വേഷ രാഷ്ട്രീയം നിരന്തരം കടത്തിവിട്ടാണ് വെറുമൊരു ബിസിനസുകാരനായ ട്രംപ് അമേരിക്കയുടെ പ്രസിഡന്റായത്. രണ്ടാമൂഴത്തിനായി ഗോദയിലിറങ്ങുന്ന ട്രംപിന്റെ കൈയില്‍ ഭരണനേട്ടത്തിന്റെ ഒരു നീക്കിയിരിപ്പുമില്ല. ഒന്നാമൂഴത്തിനായി പയറ്റിയ വിദ്വേഷരാഷ്ട്രീയമേയുള്ളൂ കൈയില്‍. അതുകൊണ്ട് ചൈനയുമായി കൂടുതല്‍ കെമ്പുകോര്‍ക്കുന്നു; കുടിയേറ്റക്കാരും കറുത്തവരുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന വികാരം കത്തിക്കുന്നു. കൊവിഡ് വ്യാപനത്തില്‍ ഒരു ആശ്രയവുമില്ലാതെ അമേരിക്കന്‍ ജനത ഉഴലുമ്പോള്‍ ട്രംപ് ഭരണകൂടം ഓവര്‍ടൈമെടുക്കുന്നത് കുടിയേറ്റനയം പൊളിച്ചെഴുതാനാണ്. ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള കുടിയേറ്റങ്ങള്‍ പൂര്‍ണമായി അവസാനിപ്പിക്കാനുള്ള പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറുകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാണ് പൊടുന്നനെയുള്ള ഈ നീക്കമത്രെ. ഹ്രസ്വ കാലത്തേക്ക് മാത്രമാണ് ഈ നടപടിയെന്നും രാജ്യത്തിനകത്തുള്ള കുടിയേറ്റക്കാരെ ഇത് ബാധിക്കില്ലെന്നും ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ വിശദീകരിക്കുന്നുണ്ട്.

എന്നാല്‍, കൊവിഡ് കാലത്ത് ഉണ്ടായ ഒരു നയമല്ല, ട്രംപിന്റെ സ്ഥായിയായ രാഷ്ട്രീയ നിലപാടാണ് ഇതെന്ന് മനസ്സിലാക്കുമ്പോള്‍ ഹ്രസ്വകാലത്തേക്കല്ല ഇതെന്ന് വ്യക്തമാകും. ഇപ്പോഴുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ദീര്‍ഘകാല നയം ആകാന്‍ തന്നെയാണ് സാധ്യത. ഇപ്പോള്‍ നടക്കുന്നത് ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന് ഉത്തരവിട്ടു കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നേരത്തേ അനുവദിച്ച വിസകള്‍ റദ്ദാക്കുകയാണ്.

എക്കാലവും ഇന്ത്യയോടൊപ്പമെന്ന് ഇടക്കിടക്ക് പ്രഖ്യാപിക്കുന്ന ട്രംപ് ഇന്ത്യന്‍ ഉദ്യോഗാര്‍ഥികളുടെ സ്വപ്നമായ എച്ച് വൺ ബി വിസ മരവിപ്പിച്ചിരിക്കുന്നു. താത്കാലികമായി ജോലിക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ 1952ല്‍ അമേരിക്കയില്‍ നിലവില്‍ വന്ന എച്ച് വൺ എന്ന വിസാ രീതി 1990ല്‍ പരിഷ്‌കരിച്ചതാണ് എച്ച് വൺ ബി. മൂന്ന് വര്‍ഷമാണ് വിസാ കാലാവധി, പിന്നീട് മൂന്ന് വര്‍ഷം കൂടി നീട്ടാം. അതിനിടയില്‍ ഗ്രീന്‍ കാര്‍ഡ് അഥവാ സ്ഥിരതാമസത്തിനുള്ള അനുവാദത്തിന് അപേക്ഷിക്കാം. ഒടുവില്‍ അത് അമേരിക്കന്‍ പൗരത്വം സിദ്ധിക്കുന്നതിലേക്ക് നയിക്കാം.

ഇതൊരു ഗിവ് ആന്‍ഡ് ടേക്ക് പോളിസിയാണ്. അമേരിക്കക്ക് അവരുടെ ഉത്പാദന മേഖല, പ്രത്യേകിച്ച് ഐ ടി, ആരോഗ്യ മേഖല ചലനാത്മകമാക്കാന്‍ ചുറുചുറുക്കുള്ള യുവാക്കളെ ലഭിക്കും. ഇന്ത്യയെപ്പോലെ ഐ ടി സാധ്യത കുറഞ്ഞ ഇടങ്ങളിലുള്ളവര്‍ക്ക് വലിയൊരു തൊഴില്‍ സാധ്യതയുമാണ് എച്ച് വൺ ബി വിസാ സംവിധാനം. ഈ വിസ ഇഷ്യു ചെയ്യുന്നത് നിര്‍ത്തിവെക്കാനുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ചിരിക്കുകയാണ് ട്രംപ്. നോക്കൂ, ഈ ആന്റി മൈഗ്രന്റ് പോളിസിയും കൊവിഡുമായി വല്ല ബന്ധവുമുണ്ടോ?

സത്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാത്തിടത്തോളം ആരും അമേരിക്കയിലേക്ക് പോകുന്നില്ല. പിന്നെ എന്തിനാണ് ഈ ഉത്തരവുകള്‍? ചരിത്രകാരന്‍ യുവാല്‍ നോഹ് ഹരാരി പറഞ്ഞത് പോലെ, കൊവിഡ് ഭീതിക്കിടെ വന്ന ഒരു അസാധാരണ നിയമവും കൊവിഡിന് ശേഷം അപ്രത്യക്ഷമാകില്ല. അവയെല്ലാം സ്ഥിരപ്പെടും. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആള്‍ബലം ആവശ്യമുള്ള ഘട്ടമാണിത്. പ്രത്യേകിച്ച്, ആരോഗ്യ മേഖലയില്‍. എന്നിട്ടും എല്ലാ കുടിയേറ്റങ്ങളെയും നിരോധിക്കുന്നെങ്കില്‍ അത്രമേല്‍ ശാഠ്യത്തോടെ തന്റെ രാഷ്ട്രീയ നിലപാട് അടിച്ചേല്‍പ്പിക്കുന്നുവെന്നേ അര്‍ഥമുള്ളൂ.
ഇനി ഇന്ത്യയിലേക്ക് വരാം. കൊവിഡ് മറവില്‍ എന്താണ് ഇവിടെ നടന്നത്? ആത്മ നിര്‍ഭര്‍ ഭാരത് (സ്വാശ്രയ ഇന്ത്യ) എന്ന പേരില്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജില്‍ സ്വാശ്രയത്വത്തിന്റെ വല്ല കണികയും ഉണ്ടോ? സര്‍വത്ര സ്വകാര്യവത്കരണമാണ് നടക്കുന്നത്. ലോകമാകെ മാന്ദ്യം വിഴുങ്ങിയപ്പോള്‍ ഇന്ത്യ പിടിച്ചു നിന്നത് ശക്തമായ പൊതുമേഖല ഉള്ളത് കൊണ്ടായിരുന്നു. കൊവിഡാനന്തര അതിജീവനത്തിന് ഈ പൊതുമേഖല അനിവാര്യമാണെന്നിരിക്കെ എന്തിനാണീ വിറ്റുതുലക്കല്‍. ട്രംപിന്റെ കാര്യത്തില്‍ പറഞ്ഞത് തന്നെയാണ് ഉത്തരം. ഈ നയത്തിന് കൊവിഡുമായി ഒരു ബന്ധവുമില്ല. രണ്ടാമതും ജയിച്ചുവരാന്‍ പണമിറക്കിയവരോടുള്ള കരാര്‍ പാലിക്കുന്നു. അത്രയേയുള്ളൂ.

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ രൂപവത്കരിച്ച പി എം കെയേഴ്‌സ് ഫണ്ട് ബി ജെ പി നേതാക്കളുടെ ട്രസ്റ്റാണ് കൈകാര്യം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിച്ചാല്‍ കൊവിഡ് പ്രതിരോധം സാധ്യമാകില്ലേ? കീഴ്‌വഴക്കവും അതല്ലേ? പക്ഷേ, ഈ ഫണ്ട് ഓഡിറ്റിന് വിധേയമാണ്; ആര്‍ ടി ഐ ആക്ടിന്റെ പരിധിയിലാണ്. പി എം കെയറിന് ഇതൊന്നും ബാധകമല്ല. രാജ്യത്തെ വന്‍കിട വ്യവസായികള്‍ മുഴുവന്‍ അവരുടെ സാമൂഹിക ഉത്തരവാദിത്വ നിധി പി എം ഫണ്ടിലേക്ക് നല്‍കണമെന്നാണ് ഉത്തരവ്. കൊവിഡ് കാലം ഫണ്ട് സമാഹരണത്തിനുള്ള സുവര്‍ണ കാലമാക്കുന്നുവെന്ന് ചുരുക്കം.

ഒടുവില്‍ സി ബി എസ് ഇയുടെ സിലബസില്‍ നിന്ന് മതേതരത്വം, ദേശീയത, ഫെഡറലിസം, പൗരത്വം, ജനാധിപത്യ അവകാശങ്ങള്‍, നോട്ട് നിരോധം തുടങ്ങിയ വിഷയങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. ഇതും കൊവിഡിന്റെ പേരിലാണ്. ആര്‍ എസ് എസിന്റെ ഹിന്ദുത്വ രാഷ്ട്രവാദത്തിന് പഥ്യമല്ലാത്തതൊന്നും കുട്ടികള്‍ പഠിക്കേണ്ടെന്ന ശാഠ്യമല്ലാതെ മറ്റെന്ത് യുക്തിയാണ് ഈ വെട്ടിക്കുറക്കലിലുള്ളത്? സിലബസ് ഭാരം കുറക്കുകയെന്ന തൊടുന്യായത്തിന്റെ ബലത്തില്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ ചട്ടക്കൂടിന് നേരെ നടന്ന ഭീകരാക്രമണമാണിത്. ഹിറ്റ്്ലറുടെ ജര്‍മനിയിലും അങ്ങനെയായിരുന്നു. ഹിറ്റ്‌ലര്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ചപ്പോള്‍ ആര്യന്‍ മേധാവിത്വത്തിന്റെ വര്‍ണനകള്‍ പാഠപുസ്തകങ്ങളില്‍ നിറഞ്ഞു. ജൂതന്‍മാരെയും കമ്മ്യൂണിസ്റ്റുകളെയും ശത്രുക്കളായി പ്രഖ്യാപിച്ചു. എണ്ണം പഠിപ്പിക്കാന്‍ തോക്കുകളുടെ എണ്ണമാണ് ഉദാഹരണമായി നല്‍കിയത്. ജീവശാസ്ത്രത്തില്‍ പ്രധാന ഭാഗം ആര്യന്‍ ജനത എങ്ങനെ “കലര്‍പ്പില്ലാതെ” രൂപപ്പെട്ടുവെന്നായിരുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസുകള്‍ക്ക് കൂടുതല്‍ സമയം നീക്കിവെക്കാന്‍ തുടങ്ങി. ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം നിഷേധിച്ചു.
മോദിയുടെ അടുത്ത സുഹൃത്തും തീവ്രവലതുപക്ഷ രാഷ്ട്രീയത്തില്‍ തുണയൊത്ത മച്ചുനനുമായ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ അദ്ദേഹത്തിന്റെ നാട്ടില്‍ ചെയ്തതും അതുതന്നെ. 1964ലെ സൈനിക അട്ടിമറിയെ മഹത്തായ ജനാധിപത്യ മുന്നേറ്റമായാണ് പാഠപുസ്തകത്തില്‍ തിരുകിക്കയറ്റിയത്. അവിടെ നിലനിന്നിരുന്ന ജനകീയ സര്‍ക്കാറിനെ അട്ടിമറിച്ച്, പാര്‍ലിമെന്റ് അടച്ചുപൂട്ടി സൈന്യം അധികാരം പിടിച്ചതിനെയാണ് ഈ പുകഴ്ത്തുന്നത്. കൊവിഡ് ആയതിനാല്‍ അവിടെയും മിണ്ടാനൊക്കുന്നില്ല, പ്രതിഷേധമില്ല. ഇസ്‌റാഈലില്‍ ജ്യൂയിഷ് നാഷന്‍ സ്റ്റേറ്റ് നിയമം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ മനഃപാഠമാക്കണമെന്ന നിബന്ധന അടിച്ചേല്‍പ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്. രാജ്യത്തെ അറബികളുടെയും ക്രിസ്ത്യാനികളുടെയും അസ്തിത്വം ചോദ്യം ചെയ്യുന്നതാണ് ഈ നിയമം.

കൊവിഡ് കാലം കടന്നു പോകും. അതിജീവിക്കും. അപ്പോഴേക്കും മനുഷ്യരുടെ പ്രതികരണ ജീന്‍ പ്രവര്‍ത്തനരഹിതമാകാതിരുന്നാല്‍ മതിയായിരുന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest